'ആദായനികുതി വകുപ്പ് ഗുണ്ടകളെപ്പോലെ പ്രവര്‍ത്തിക്കുന്നു'; ഇലക്ഷന്‍ ബോണ്ടിലൂടെ കോടികള്‍ സ്വന്തമാക്കിയ ബിജെപിക്ക് നിയമങ്ങള്‍ ബാധകമല്ലേയെന്ന് കോണ്‍ഗ്രസ്

 'ആദായനികുതി വകുപ്പ് ഗുണ്ടകളെപ്പോലെ പ്രവര്‍ത്തിക്കുന്നു'; ഇലക്ഷന്‍ ബോണ്ടിലൂടെ കോടികള്‍ സ്വന്തമാക്കിയ ബിജെപിക്ക് നിയമങ്ങള്‍ ബാധകമല്ലേയെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ആദായനികുതി വകുപ്പ് ഗുണ്ടകളെപ്പോലെ പ്രവര്‍ത്തിക്കുന്നുവെന്ന് കോണ്‍ഗ്രസ്. 1700 കോടി നികുതി അടയ്ക്കണമെന്ന ആദായനികുതി വകുപ്പിന്റെ നോട്ടീസിനെതിരെയാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെത് നീചമായ രാഷ്ട്രീയമെന്ന് എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിനെ പാപ്പരാക്കാനുള്ള നീക്കമാണ് നടക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയെ സാമ്പത്തികമായി തകര്‍ത്ത് ഇല്ലാതാക്കുക എന്ന നരേന്ദ്ര മോഡിയുടെ ഗൂഢപദ്ധതിയുടെ ഭാഗമായിട്ടാണ് നോട്ടീസ്. ബിജെപിയും കണക്കുകള്‍ സമര്‍പ്പിച്ചിട്ടില്ലെന്നാണ് തങ്ങള്‍ക്ക് കിട്ടിയ വിവരം. എന്നാല്‍ അവര്‍ക്ക് അത് കുഴപ്പമില്ല.
തിരഞ്ഞെടുപ്പ് ബോണ്ടിലൂടെ കോടികള്‍ സ്വന്തമാക്കിയ ബിജെപിക്ക് പലിശകളും നിയമങ്ങളും ബാധകമല്ലേ എന്നും കെ.സി വേണുഗോപാല്‍ ചോദിച്ചു. 2019 ലേയും 1996 ലേയും കാര്യങ്ങള്‍ പറഞ്ഞാണ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇത്രയും കോടി രൂപ അടയ്ക്കാന്‍ പറയുന്നത്. നേരത്തെ കോണ്‍ഗ്രസിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു.

കേന്ദ്രത്തിന്റെ നടപടിക്കെതിരെ നാളെയും മറ്റന്നാളും രാജ്യ വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെ.സി വേണുഗോപാല്‍ വ്യക്തമാക്കി. 2014 മുതല്‍ 17 വരെയുള്ള കാലത്ത് 520 കോടി നികുതി അടയ്ക്കണമെന്ന് നേരത്തെ കോണ്‍ഗ്രസിന് ആദായ നികുതി വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും ഹൈക്കോടതി തള്ളിയിരുന്നു.

പുതിയ നോട്ടീസില്‍ പറയുന്നത് നികുതിയും പിഴയുമടക്കം 1700 കോടി അടയ്ക്കണമെന്നാണ്. 2020 വരെയുള്ള കാലയളവിലെ നോട്ടീസാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.