ചരിത്രം ആവർത്തിച്ചു; വീണ്ടും വനിതാ തടവുകാരുടെ പാദങ്ങൾ കഴുകി സ്നേഹ ചുംബനം നൽ‌കി ഫ്രാൻസിസ് മാർപാപ്പ

ചരിത്രം ആവർത്തിച്ചു; വീണ്ടും വനിതാ തടവുകാരുടെ പാദങ്ങൾ കഴുകി സ്നേഹ ചുംബനം നൽ‌കി ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻ സിറ്റി: വനിതകളുടെ കാൽ കഴുകി ചരിത്രം സൃഷ്ടിച്ച മാർപാപ്പയാണ് ഫ്രാൻസിസ് മാർപാപ്പ. ചരിത്രംവീണ്ടും ആവർത്തിച്ച് ഇത്തവണ പെസഹാ ദിനത്തില്‍ 12 വനിത തടവുകാരുടെ പാദങ്ങള്‍ കഴുകിയും പാദങ്ങളില്‍ സ്‌നേഹ ചുംബനമേകിയും ഫ്രാന്‍സിസ് മാർപാപ്പ. പെസഹാ തിരുക്കര്‍മങ്ങളുടെ സുപ്രധാന ഭാഗമായ കാലുകഴുകല്‍ ശുശ്രൂഷ നിര്‍വഹിക്കാന്‍ ഇത്തവണ മാർപാപ്പ എത്തിയത് റോമിലെ റെബിബിയ ജയിലിലായിരുന്നു. ഇറ്റലി, ബൾഗേറിയ, നൈജീരിയ, ഉക്രൈൻ, റഷ്യ, പെറു, വെനസ്വേല, ബോസ്നിയ തുടങ്ങി 40 നും 50 നും ഇടയിൽ പ്രായമുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള പന്ത്രണ്ട് അന്തേവാസികളുടെ പാദങ്ങളാണ മാർപ്പാപ്പ കഴുകിയത്.

തന്റെ വീല്‍ ചെയറില്‍ ഇരുന്ന് 12 സ്ത്രീകളുടെ കാലുകള്‍ കഴുകിയാണ് ക്രിസ്തുവിന്റെ ത്യാഗത്തെ മാർപാപ്പ അനുസ്മരിച്ചത്. മാർപാപ്പയുടെ ആവശ്യനുസരണം ജയില്ലിൽ വേദി സജ്ജീകരിച്ചിരുന്നു. ഫ്രാന്‍സിസ് പാപ്പ കാലുകള്‍ കഴുകിയപ്പോള്‍ പല സ്ത്രീകളും കരഞ്ഞു. നഗ്‌നമായ കാലില്‍ മെല്ലെ വെള്ളം ഒഴിച്ച് ഒരു ചെറിയ തൂവാല കൊണ്ട് തുടച്ച്, ഓരോ കാലും ചുംബിച്ചുകൊണ്ട് ശുശ്രൂഷ പൂര്‍ത്തിയാക്കി. പലപ്പോഴും പാപ്പ സ്ത്രീകളെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു.

കർത്താവ് എപ്പോഴും തുറന്ന കരങ്ങളോടെ നമ്മെ കാത്തിരിക്കുന്നു എന്ന് തടവുകാർക്ക് നൽകിയ സന്ദേശത്തിൽ മാർപാപ്പ ഓർമ്മിപ്പിച്ചു. വചന ഭാഗം വായിച്ചതിനു ശേഷം ക്രിസ്തു പകർന്ന സേവനത്തിൻ്റെ മാതൃക നമ്മിൽ വളരാൻ നമുക്ക് കർത്താവിനോട് അപേക്ഷിക്കാം എന്ന് തടവുകാരോട് പാപ്പാ ആഹ്വാനം ചെയ്‌തു.

മറ്റൊരു ദുഖകരമായ ഘടകം സ്നേഹം നിറവേറ്റാൻ കഴിവില്ലാത്ത യൂദാസിൻ്റെ വഞ്ചനയാണ്. പണം, സ്വാർത്ഥത എന്നിവ അവനെ ക്രിസ്തുവിനെ കൈമാറാൻ പ്രേരിപ്പിച്ചു. എന്നാൽ ക്രിസ്തു അതെല്ലാം ക്ഷമിച്ചു. അതുപോലെ നാമും ക്ഷമിക്കുന്നവരാകണം എന്നും അവിടുന്ന് ആഗ്രഹിക്കുന്നു. ഇന്ന് നമുക്ക് തളർന്നുപോകാതിരിക്കാനുള്ള കൃപയ്ക്കായി കർത്താവിനോട് അപേക്ഷിക്കാം. നമ്മിൽ എപ്പോഴും ചെറുതും വലുതുമായ തെറ്റുകൾ ഉണ്ട്. ഓരോരുത്തർക്കും അവരുടേതായ കഥയുണ്ട്. എന്നാൽ കർത്താവ് എപ്പോഴും തുറന്ന കരങ്ങളോടെ നമ്മെ കാത്തിരിക്കുന്നു. അവൻ ഒരിക്കലും ക്ഷമിക്കുന്നതിൽ തളരില്ലെന്ന് പാപ്പാ പറഞ്ഞു.

2015 ലാണ് ഫ്രാൻസിസ് മാർപാപ്പ ആദ്യമായി റെബിബിയ ജയിലിൽ സന്ദർശനം നടത്തിയത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 360 പേർ ഇവിടെ ശിക്ഷ അനുഭവിക്കുന്നുണ്ട്. 2013 ൽ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട് പതിനഞ്ച് ദിവസങ്ങൾക്ക് ശേഷം ഈസ്റ്റർ ത്രിദിന ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയപ്പോൾ ചരിത്രത്തിൽ ആദ്യമായി ഒരു മാർപ്പാപ്പ സ്ത്രീകളുടെ കാൽ കഴുകിക്കൊണ്ട് ചരിത്രം കുറിച്ച ദിവസം കൂടിയായിരുന്നു അത്. പന്ത്രണ്ട് പേരിൽ രണ്ട് പേർ സ്ത്രീകളും രണ്ട് പേർ മുസ്ലിങ്ങളും ആയിരുന്നു. അന്ന് മാർപ്പാപ്പയുടെ ഈ പ്രവർത്തി ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.