കോണ്‍ഗ്രസിന് ആശ്വാസം; തിരഞ്ഞെടുപ്പ് കഴിയും വരെ നികുതി കുടിശിക പിരിക്കില്ലെന്ന് ആദായ നികുതി വകുപ്പ് സുപ്രീം കോടതിയില്‍

കോണ്‍ഗ്രസിന് ആശ്വാസം; തിരഞ്ഞെടുപ്പ് കഴിയും വരെ നികുതി കുടിശിക പിരിക്കില്ലെന്ന് ആദായ നികുതി വകുപ്പ് സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കോണ്‍ഗ്രസില്‍ നിന്ന് 3,500 കോടി രൂപ തിരിച്ചു പിടിക്കാന്‍ ആദായ നികുതി വകുപ്പ് നടപടികളൊന്നും സ്വീകരിക്കില്ല. ആദായനി കുതി വകുപ്പിനായി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സുപ്രീം കോടതിയില്‍ ഇക്കാര്യമറിയിച്ചത്.

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രം ശേഷിക്കെ, ആദായനികുതി വകുപ്പില്‍ നിന്ന് അഞ്ച് വര്‍ഷത്തേക്ക് (1994-95, 2017-18 മുതല്‍ 2020-21 വരെ) 1,823 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് പുതിയ നോട്ടീസ് ലഭിച്ചിരുന്നു. 2014-15 മുതല്‍ 2016-17 വരെയുള്ള വര്‍ഷങ്ങളില്‍ 1,745 കോടി രൂപ ആവശ്യപ്പെട്ടും ആദായനികുതി വകുപ്പ് നോട്ടീസ് ലഭിച്ചിരുന്നു.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡുകളെ തുടര്‍ന്നാണ് നോട്ടീസുകള്‍ നല്‍കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിനെ 'സാമ്പത്തികമായി തളര്‍ത്താന്‍' ബിജെപി നികുതി ഭീകരത നടത്തുകയാണെന്ന് പാര്‍ട്ടി ആരോപിച്ചിരുന്നു.

ഒന്നിനു പുറകേ മറ്റൊന്നായി വന്ന ആദായ നികുതി വകുപ്പിന്റെ നോട്ടീസുകള്‍ക്കെതിരേ കോണ്‍ഗ്രസ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, അഗസ്റ്റിന്‍ ജോര്‍ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

നോട്ടീസുകള്‍ പലകാലയളവിലുള്ളതാണെന്നും തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പണം തിരിച്ചു പിടിക്കാന്‍ ആദായനികുതി വകുപ്പ് നിര്‍ബന്ധിത നടപടികളൊന്നും ഉടന്‍ സ്വീകരിക്കില്ലെന്നുമാണ് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ ഉറപ്പു നല്‍കിയത്.

എന്നാല്‍ കോണ്‍ഗ്രസ് ഒരു രാഷ്ട്രീയ പാര്‍ട്ടിയാണെന്നും ലാഭമുണ്ടാക്കുന്ന സ്ഥാപനമല്ലെന്നും കോണ്‍ഗ്രസിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്വി പറഞ്ഞു. 135 കോടിയിടെ സ്വത്തുക്കള്‍ ഇപ്പോള്‍ തന്നെ കണ്ടുകെട്ടിയിട്ടുണ്ടെന്നും അദേഹം കോടതിയെ അറിയിച്ചു. കേസ് ഇനി ജൂലൈ 24 ന് പരിഗണിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.