'അത് എനിക്കറിയില്ല, അറിയില്ലെന്ന് പറഞ്ഞില്ലേ'; സിപിഎം പ്രവര്‍ത്തകര്‍ ഷെറിന്റെ വീട് സന്ദര്‍ശിച്ചതിനെക്കുറിച്ച് എം.വി ഗോവിന്ദന്റെ രൂക്ഷപ്രതികരണം

'അത് എനിക്കറിയില്ല, അറിയില്ലെന്ന് പറഞ്ഞില്ലേ'; സിപിഎം പ്രവര്‍ത്തകര്‍ ഷെറിന്റെ വീട് സന്ദര്‍ശിച്ചതിനെക്കുറിച്ച് എം.വി ഗോവിന്ദന്റെ രൂക്ഷപ്രതികരണം

കണ്ണൂര്‍: ബോംബ് നിര്‍മാണത്തിനിടെ കൊല്ലപ്പെട്ട ഷെറിന്റെ വീട്ടില്‍ സിപിഎം പ്രവര്‍ത്തകര്‍ പോയതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് രൂക്ഷമായി പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് യാതൊരു പങ്കുമില്ലെന്നായിരുന്നു അദേഹത്തിന്റെ പ്രതികരണം.

'അത് എനിക്കറിയില്ല. അറിയില്ലെന്ന് പറഞ്ഞില്ലേ. ഷെറിന്റെ വീട്ടില്‍ ആരെങ്കിലും പോയിട്ടുണ്ടെങ്കില്‍ പോയവരെക്കുറിച്ച് അന്വേഷിച്ചോട്ടേ'- എന്നായിരുന്നു ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞത്. വീണ്ടും ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അദേഹം ദേഷ്യത്തോടെയാണ് സംസാരിച്ചത്. പാര്‍ട്ടി സഖാക്കളെ തന്നെ ആക്രമിച്ച കേസിലെ പ്രതികളാണ് അവരെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ഷെറിനുമായോ ബോംബ് നിര്‍മാണവുമായോ ബന്ധമില്ലെന്ന് സിപിഎം ആവര്‍ത്തിക്കുന്നതിനിടെയാണ് പാനൂര്‍ ഏരിയ കമ്മിറ്റി അംഗം സുധീര്‍ കുമാര്‍, പൊയിലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം എ. അശോകന്‍ എന്നിവരാണ് ഷെറിന്റെ വീട്ടിലെത്തിയത്. കൂത്തുപറമ്പ് എംഎല്‍എ കെ.പി മോഹനനും സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തിരുന്നു. എംഎല്‍എ എന്ന നിലയിലാണ് വീട് സന്ദര്‍ശിച്ചതെന്നാണ് കെ.പി മോഹനന്‍ നല്‍കിയ വിശദീകരണം.

കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു കുന്നോത്തുപറമ്പ് മുളിയാത്തോട്ടില്‍ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ ബോംബ് പൊട്ടിത്തെറിച്ച് സിപിഎം പ്രവര്‍ത്തകനായ കൈവേലിക്കല്‍ കാട്ടീന്റവിട ഷെറിന്‍ കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്‍ മുളിയാത്തോടിലെ വലിയപറമ്പത്ത് വിനീഷ് (39), മീത്തലെ കുന്നോത്തുപറമ്പ് ചിറക്കരാണ്ടീമ്മല്‍ വിനോദ് (39), സെന്‍ട്രല്‍ കുന്നോത്തുപറമ്പിലെ കല്ലായീന്റവിട അശ്വന്ത് (28) എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.