സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍; നിയന്ത്രണങ്ങളുമായി കെഎസ്ഇബി

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍; നിയന്ത്രണങ്ങളുമായി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍. കഴിഞ്ഞ ദിവസത്തെ ആകെ വൈദ്യുതി ഉപയോഗം 108.22 ദശലക്ഷം യൂണിറ്റാണ്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മുതല്‍ 11 വരെ മാത്രം 5364 മെഗാവാട്ട് വൈദ്യുതിയാണ് ആവശ്യമായി വന്നത്.

ഈ മാസം മൂന്നിനാണ് ഇതിന് മുന്‍പ് ഏറ്റവും അധികം വൈദ്യുതി ഉപയോഗം ഉണ്ടായത്. കഴിഞ്ഞ ഒരാഴ്ചയായി പ്രതിദിന വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റിന് മുകളില്‍ ആണ്. സംസ്ഥാനത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഉപയോക്താക്കള്‍ വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് കെഎസ്ഇബിയുടെ നിര്‍ദേശം.

അതേസമയം കഴിഞ്ഞ രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് വൈകുന്നേരങ്ങളിലെ വൈദ്യുതി നിയന്ത്രണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് കെഎസ്ഇബി സോഷ്യല്‍ മീഡിയയിലൂടെ നിര്‍ദേശം നല്‍കിയിരുന്നു. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിലെങ്കിലും വൈകുന്നേരം ആറ് മുതല്‍ 12 വരെ ഇടയ്ക്കിടെ വൈദ്യുതി തടസമുണ്ടാകുന്നു എന്ന പരാതി വ്യാപകമാണ്.

ചൂടുകാരണം എസിയുടെ ഉപയോഗം വളരെയധികം കൂടിയതും രാത്രി സമയത്ത് വൈദ്യുതി വാഹനങ്ങള്‍ കൂടുതലായി ചാര്‍ജ് ചെയ്യുന്നതും വൈദ്യുതി വിതരണ സംവിധാനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. വൈകുന്നേരം ഏഴിന് ശേഷം പ്രസരണ വിതരണ ട്രാന്‍സ്‌ഫോര്‍മറുകളുടെ ലോഡ് ക്രമാതീതമായി വര്‍ധിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

വൈദ്യുതിയുടെ ഉപയോഗം വളരെ കൂടുന്നത് കാരണം ലൈനില്‍ ലോഡ് കൂടി ഫ്യൂസ് പോവുന്നതും വോള്‍ട്ടേജില്‍ ഗണ്യമായ കുറവുണ്ടാവുന്നതും നിയന്ത്രിക്കാനാവാത്ത സ്ഥിതിയാണ്. രണ്ടാഴ്ച്ചയോളമായി സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം 10 കോടി യൂണിറ്റിന് മുകളിലാണ്. വൈദ്യുതി ഉപയോഗത്തിലെ സര്‍വകാല റെക്കോഡായ 10.77 കോടി യൂണിറ്റ് ഇക്കഴിഞ്ഞ ദിവസം രേഖപ്പെടുത്തുകയുണ്ടായി. ഇത്തരത്തില്‍ സകല പ്രതീക്ഷകളെയും കണക്കുകൂട്ടലുകളെയും അതിലംഘിച്ചിരിക്കുന്ന വൈദ്യുതി ആവശ്യകത നമ്മുടെ പ്രസരണ വിതരണ ശൃംഖലയെ ബാധിച്ചു എന്നതാണ് വസ്തുത.
മുന്‍കാലങ്ങളില്‍ പീക്ക് ലോഡ് ആവശ്യകത വൈകുന്നേരം ആറ് മുതല്‍ പത്ത് വരെയായിരുന്നുവെങ്കില്‍ ഇപ്പോഴത് രാത്രി 12 മണിയോളം ആയിട്ടുണ്ട്.

ഉപയോക്താക്കളുടെ സഹകരണമുണ്ടെങ്കില്‍ വൈദ്യുതി വിതരണം തടസരഹിതമായി നിര്‍വഹിക്കാന്‍ കെഎസ്ഇബിക്ക് കഴിയും. നിലവിലെ സാഹചര്യത്തില്‍ രാത്രി സമയങ്ങളില്‍ എസിയുടെ ഉപയോഗം ഒഴിവാക്കാനാവില്ല. എന്നാല്‍ താപനില 25 ഡിഗ്രി സെല്‍ഷ്യസിലോ അതിന് മുകളിലോ ആക്കി നിലനിര്‍ത്താന്‍ കഴിയും. ഇങ്ങനെ ചെയ്യുന്നത് ശരീരത്തിന് ആരോഗ്യകരമാണ് എന്നു മാത്രമല്ല വലിയതോതില്‍ വൈദ്യുതി ലാഭിക്കാനും ആകും.

ഒന്ന് മനസുവച്ചാല്‍ പകല്‍ ചെയ്യാവുന്ന കുറെയേറെ പ്രവൃത്തികള്‍ വൈകുന്നേരം ആറ് മുതല്‍ 11 വരെയുള്ള സമയത്ത് ഒഴിവാക്കാം. തുണികള്‍ കഴുകുന്നതും ഇസ്തിരിയിടുന്നതും പമ്പ് സെറ്റുകളുടെ ഉപയോഗവും ഈ സമയത്ത് ഒഴിവാക്കാം. എസിയുടെ ഉപയോഗം അത്യാവശ്യമുള്ള മുറികളില്‍ മാത്രമായി ചുരുക്കാം. അത്യാവശ്യമല്ലാത്ത ലൈറ്റുകള്‍ അണയ്ക്കാം. ഓട്ടോമാറ്റിക് വാട്ടര്‍ ഫില്ലിങ് സംവിധാനം ഒഴിവാക്കി പകല്‍ സമയത്ത് വെള്ളം പമ്പ് ചെയ്യുകയും ആവാം. വൈദ്യുതി ഉപയോഗിച്ചുള്ള പാചകവും കഴിയുന്നിടത്തോളം ഈ സമയത്ത് ഒഴിവാക്കാം.

രാത്രികാലത്ത് നാം ഉപയോഗിക്കുന്ന വൈദ്യുതിയുടെ ഭൂരിഭാഗവും കല്‍ക്കരി നിലയങ്ങളില്‍ നിന്നുള്ളതാണെന്ന വസ്തുതയും വിസ്മരിച്ചുകൂടാ. ഈ സമയത്ത് പരിസ്ഥിതി മലിനീകരണം സൃഷ്ടിച്ചുകൊണ്ട് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നത് നമ്മുടെ സാമൂഹികവും പാരിസ്ഥിതികവുമായ ഉത്തരവാദിത്തമാണ്. നിലവിലെ പ്രതികൂല സാഹചര്യം തിരിച്ചറിഞ്ഞ് മാന്യ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്ന് കെഎസ്ഇബി പോസ്റ്റില്‍ വ്യക്തമാക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.