തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ ബാങ്ക് അക്കൗണ്ടുകള്‍ വാടകയ്ക്ക് എടുക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് 1511 ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചു. തട്ടിപ്പ് സംഘങ്ങള്‍ക്ക് വാടകയ്ക്ക് തങ്ങളുടെ അക്കൗണ്ടുകള്‍ നല്‍കിയ 50 പേര്‍ ഇതുവരെ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.
തട്ടിപ്പ് നടത്തിയ 1730 സിം കാര്‍ഡുകളാണ് ഈ വര്‍ഷം മാര്‍ച്ച് അവസാനംവരെ ബ്ലോക്ക് ചെയ്തത്. 2128 ഐഎംഇഐ നമ്പരുകളും മരവിപ്പിച്ചു. മലയാളികള്‍ക്ക് 148 കോടി രൂപയാണ് ഈ വര്‍ഷം തട്ടിപ്പുകളിലൂടെ നഷ്ടമായതെന്നാണ് കണക്ക്. ഇതില്‍ 21.70 കോടി രൂപ തിരിച്ചുപിടിച്ചു. പൊലീസിന് മൂന്നു മാസത്തിനിടെ ലഭിച്ചത് 10343 പരാതികളാണ്. തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ക്കെതിരെ അന്വേഷണം തുടരുകയാണ്.
ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ക്ക് തട്ടിപ്പ് നടത്താനായി ഇതര സംസ്ഥാനക്കാര്‍ ബാങ്ക് അക്കൗണ്ടുകള്‍ നല്‍കിയിരുന്നതൊക്കെ ഇപ്പോള്‍ പഴംകഥയാണ്. തട്ടിപ്പുകാര്‍ക്ക് ഇപ്പോള്‍ കമ്മിഷന്‍ അടിസ്ഥാനത്തില്‍ ബാങ്ക് അക്കൗണ്ടുകള്‍ നല്‍കി സഹായിക്കുന്നത് മലയാളികളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
തട്ടിപ്പ് സംഘങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ട് നല്‍കിയതിന് മലപ്പുറം, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ നിന്നും രണ്ട് മാസത്തിനിടെ അറസ്റ്റിലായത് അന്‍പതിലധികം പേരാണ്. തട്ടിയെടുക്കുന്ന തുക ബാങ്ക് അക്കൗണ്ടിലെത്തിയാല്‍ സംഘങ്ങള്‍ പണം പിന്‍വലിച്ച ശേഷം അക്കൗണ്ട് ഉടമയ്ക്ക് കമ്മിഷന്‍ നല്‍കുന്നതാണ് രീതി. ഹരിയാന, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളിലെ തട്ടിപ്പുകാര്‍ അവരുടെ സ്ഥലങ്ങളിലെ ആളുകളുടെ ബാങ്ക് അക്കൗണ്ടാണ് തട്ടിപ്പിനായി ഉപയോഗിച്ചിരുന്നത്. പൊലീസ് പിടിമുറുക്കിയതോടെ ഇപ്പോള്‍ വിദേശത്തിരുന്നാണ് പലരും തട്ടിപ്പിന് നേതൃത്വം നല്‍കുന്നത്.
പരിചയമുള്ള മലയാളികളുടെയോ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ അക്കൗണ്ടുകളാണ് തട്ടിപ്പ് സംഘങ്ങള്‍ ഉപയോഗിക്കുന്നത്. അക്കൗണ്ട് നല്‍കുന്നതിന് പ്രതിഫലമായി കമ്മിഷന്‍ നല്‍കും. സഹകരണ ബാങ്ക് അക്കൗണ്ടുകളും തട്ടിപ്പിനായി ഉപയോഗിക്കുന്നുണ്ട്. യുഎഇ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് സംഘങ്ങള്‍ കൂടുതലും പ്രവര്‍ത്തിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു.
കേരളത്തിലുള്ളവരുടെ പണം തട്ടിയെടുക്കാന്‍ കേരളത്തിലുള്ളവരുടെ അക്കൗണ്ട് ഉപയോഗിക്കുന്ന രീതിയാണ് പുതുതായി കണ്ടുവരുന്നതെന്ന് സൈബര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. തട്ടിപ്പ് വിവരം അറിയാമെങ്കിലും കമ്മിഷന്‍ മോഹിച്ചാണ് മലയാളികള്‍ അക്കൗണ്ട് വിവരങ്ങള്‍ നല്‍കുന്നത്. പിടിയിലാകുന്നത് അക്കൗണ്ട് ഉടമയായിരിക്കും. തട്ടിപ്പുകാര്‍ ഇതിനോടകം പുതിയ സ്ഥലത്തേക്കു മാറിയിരിക്കും.
ലോണുകള്‍ വാഗ്ദാനം ചെയ്ത് പണം തട്ടുന്ന 436 ആപ്പുകളാണ് ഫെബ്രുവരി മുതല്‍ സൈബര്‍ വിഭാഗം നീക്കം ചെയ്തത്. ഇതില്‍ 157 എണ്ണം കേന്ദ്രത്തിന്റെ സഹായത്തോടെ നീക്കം ചെയ്തു. തട്ടിപ്പ് നടത്തുന്ന 6011 വെബ്‌സൈറ്റുകളും ബ്ലോക്ക് ചെയ്തു. വലിയ കമ്പനികള്‍ സൗജന്യങ്ങള്‍ നല്‍കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘങ്ങള്‍ തട്ടിപ്പ് നടത്തുന്നത്. ലിങ്കില്‍ ക്ലിക്ക് ചെയ്ത് അവര്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കുന്നതോടെ പണം നഷ്ടമാകും. വലിയ ഷോപ്പിങ് സൈറ്റുകളുടെ വ്യാജ ലിങ്കുകള്‍ അയച്ചും തട്ടിപ്പ് നടത്തുന്നുണ്ട്. കെവൈസി, പാന്‍കാര്‍ഡ് അപ്‌ഡേഷന്റെ പേരിലും തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.