ഭരണഘടനയിലെ 116 ആം വകുപ്പ് അനുസരിച്ച് ഗവണ്‍മെന്റിന് മതപരമായ കാര്യങ്ങളില്‍ ഇടപെടുവാന്‍ സാധ്യമല്ല. എങ്കിലും മറ്റു പഴുതുകളും സാഹചര്യങ്ങളും മുതലാക്കി മതങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു. 1990 കളില്‍ തുല്യതാ നിയമങ്ങള്‍ കൊണ്ടുവന്ന് മതങ്ങളെയും മത സ്ഥാപനങ്ങളെയും വരുതിക്ക് നിര്‍ത്തി. 2017 ല്‍ സ്വവര്‍ഗ വിവാഹം സാധുവാക്കി. 2020 ല്‍ കണ്‍വേര്‍ഷന്‍ പ്രാക്ടീസ് നിരോധിച്ചു കൊണ്ട് വീണ്ടും മത സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങ് ഇട്ടിരിക്കുന്നു.
മാനുഷിക മൂല്യങ്ങള്‍ക്കും വ്യക്തിഗത സ്വാതന്ത്ര്യത്തിനും ലോകത്തിനു തന്നെ മാതൃകയായ ഓസ്‌ട്രേലിയയില്‍ കുടുംബ ഭദ്രതയും മത സ്വാതന്ത്ര്യവും അപകടത്തിലേക്കോ? കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് കേന്ദ്ര,സംസ്ഥാന ഗവണ്‍മെന്റുകള്‍ കൊണ്ടു വരുന്ന നിയമങ്ങളില്‍ പലതും മത സ്വാതന്ത്ര്യത്തെ അപകടത്തിലാക്കുന്നതും അതിലുപരി കുടുംബ ബന്ധങ്ങളുടെ ഭദ്രതയെ തകിടം മറിക്കുന്നതാണെന്നുമാണ് പൊതുവേയുള്ള നിരീക്ഷണം.
ക്വീന്‍സ് ലാന്‍ഡ് ഗവണ്‍മെന്റും ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറി(എസിടി)യും പാസാക്കിയതും വിക്ടോറിയന്‍ സംസ്ഥാനം ഉടന്‍ പാസാക്കാനിരിക്കുന്നതുമായ കണ്‍വെന്‍ഷന്‍ പ്രാക്ടീസ് പ്രൊഹിബിഷന്‍ ബില്ലും ഇതോടനുബന്ധിച്ച മറ്റു നിയമ നിര്‍മാണങ്ങളുമാണ് അടുത്ത കാലത്തായി മത സ്വാതന്ത്ര്യത്തെയും അതിലുപരി കുടുംബ ഭദ്രതയുടെയും മേലുള്ള ശക്തമായ കടന്നു കയറ്റമായി പൊതുവെ പ്രകടമാകുന്നത്.ഏറെ എതിര്‍പ്പുകള്‍ ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞ ഈ ബില്‍ വിക്ടോറിയന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അടുത്ത ആഴ്ച തുടങ്ങുന്ന സിറ്റിംഗില്‍ ചര്‍ച്ചക്കെടുക്കും. ലെജിസ്ലേറ്റീവ് അസംബ്ലി ഈ ബില്‍ മുമ്പ് പാസാക്കിയിരുന്നു.
ഭരണഘടനയിലെ 116 ആം വകുപ്പ് അനുസരിച്ച് ഗവണ്‍മെന്റിന് മതപരമായ കാര്യങ്ങളില്‍ ഇടപെടുവാന്‍ സാധ്യമല്ല. എങ്കിലും മറ്റു പഴുതുകളും സാഹചര്യങ്ങളും മുതലാക്കി മതങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു. 1941 ല്‍ യഹോവ സാക്ഷികളെ വിലക്കിക്കൊണ്ടുള്ള നിയമം കൊണ്ടുവന്നെങ്കിലും ഹൈക്കോടതി ഇടപെട്ട് ഈ നിയമത്തെ അസാധുവാണെന്ന് വിധിച്ചു. 1990 കളില്‍ തുല്യതാ നിയമങ്ങള്‍ കൊണ്ടുവന്ന് മതങ്ങളെയും മത സ്ഥാപനങ്ങളെയും വരുതിക്ക് നിര്‍ത്തി. 2017 ല്‍ സ്വവര്‍ഗ വിവാഹം സാധുവാക്കി. 2020 ല്‍ കണ്‍വേര്‍ഷന്‍ പ്രാക്ടീസ് നിരോധിച്ചു കൊണ്ട് വീണ്ടും മതസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങ് ഇട്ടിരിക്കുന്നു.
ചേഞ്ച് ഓര്‍ സപ്രഷന്‍( കണ്‍വേര്‍ഷന്‍ പ്രാക്ടീസസ് പ്രൊഹിബിഷന്‍ ബില്‍ 2020 വിക്ടോറിയ) നിയമത്തില്‍ എട്ടു ഭാഗങ്ങളും 67 വകുപ്പുകളും ആണ് ഉള്ളത്. രണ്ടാം ഭാഗത്ത് കുറ്റകൃത്യങ്ങളെ നിര്‍വചിച്ചിരിക്കുന്നു. പത്താം വകുപ്പനുസരിച്ച് കണ്‍വേര്‍ഷന്‍ പ്രാക്ടീസസ് ചികിത്സകളും പെരുമാറ്റങ്ങളും ധ്യാനങ്ങളും എല്ലാം കുറ്റകൃത്യമായി പ്രഖ്യാപിക്കുകയും പത്തുവര്‍ഷം വരെ തടവും രണ്ട് ലക്ഷം ഡോളര്‍ വരെ പിഴയും ഈടാക്കാവുന്നതാണ്. സ്ഥാപനങ്ങളാണ് ഈ കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നതെങ്കില്‍ 10 ലക്ഷത്തോളം പിഴയും സ്ഥാപന അധികാരികള്‍ക്ക് പതിനഞ്ചാം വകുപ്പ് അനുസരിച്ചുള്ള ശിക്ഷയും ലഭിക്കുന്നതാണ്.
അഞ്ചാം വകുപ്പില്‍ ചേഞ്ച് ഓര്‍ സപ്രഷന്‍ പ്രാക്ടീസ് നിര്‍വചിച്ചിരിക്കുന്നതനുസരിച്ച് ഏതുതരത്തിലുള്ള പ്രാക്ടീസും പെരുമാറ്റങ്ങളും ഇതിന് വിധേയമാകുന്നവരുടെ സമ്മത പ്രകാരമോ അല്ലാതെയോ ഒരാളുടെ ലൈംഗിക ആഭിമുഖ്യങ്ങളും ലൈംഗിക അസ്തിത്വവും മാറ്റം വരുത്താന്‍ മുതിരുന്നതിനും ഈ നിയമമനുസരിച്ച് ശിക്ഷ ലഭിക്കും. എട്ടും പന്ത്രണ്ടും വകുപ്പനുസരിച്ച് വിക്ടോറിയയില്‍ സ്ഥിരതാമസമാക്കിയവര്‍ വേറെ സംസ്ഥാനങ്ങളില്‍ പോവുകയും ഇത്തരത്തില്‍ പെരുമാറ്റത്തിന് ശ്രമിക്കുകയോ വിധേയരാവുകയോ ചെയ്താല്‍ ഈ നിയമം ബാധകമാകും.
രാഷ്ട്രീയപാര്‍ട്ടികളുടേയും മത നേതാക്കളുടെയും നിലപാട്:
ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്നാണ് ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ പാര്‍ട്ടി ലീഡര്‍ മേരിക ഗ്രയനവാല്‍ഡ് അഭിപ്രായപ്പെടുന്നത്. ഇത് നിശ്ചയമായും കോടതിയില്‍ എതിര്‍ക്കപ്പെടുമെന്നും അവര്‍ വ്യക്തമാക്കുന്നു. ലേബര്‍ പാര്‍ട്ടിയും ഓസ്‌ട്രേലിയന്‍ ഗ്രീന്‍സും ഈ നിയമത്തിന് പൂര്‍ണമായ പിന്തുണ നല്‍കുമ്പോള്‍ ലിബറല്‍ പാര്‍ട്ടിയില്‍ രണ്ട് അഭിപ്രായങ്ങളാണ് ഉയര്‍ന്നുവരുന്നത്. പ്രതിപക്ഷനേതാവ് മൈക്കിള്‍ ഓ ബ്രയന്‍ ഈ നിയമത്തിലെ അപാകതകള്‍ ചൂണ്ടിക്കാണിച്ച് എതിര്‍ക്കുമ്പോള്‍ പാര്‍ലമെന്റ് അംഗം ടിം സ്മിത്ത് നിയമത്തെ അനുകൂലിച്ചുകൊണ്ട് സംസാരിക്കുന്നു. വിക്ടോറിയന്‍ പ്രധാനമന്ത്രി ആകട്ടെ മത നേതാക്കളെ നിശിതമായി വിമര്‍ശിച്ച് രംഗത്തുവന്നിട്ടുണ്ട്.
മെല്‍ബണ്‍ കത്തോലിക്കാ ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ കമന്‍സോളി ഈ നിയമത്തെ നിശിതമായി വിമര്‍ശിക്കുന്നു. ഓരോരുത്തരുടെയും പ്രാര്‍ത്ഥന സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിയമം ആണ് ഇത് എന്ന് തുറന്നു പറയുകയും അക്കാര്യം മതവിശ്വാസികളെ ബോധ്യപ്പെടുത്തുവാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.
സ്വവര്‍ഗ വിവാഹം നിയമമാക്കിയതിനുശേഷം ഫിലിപ്പ് അസോക്കിന്റെ നേതൃത്വത്തില്‍ ജസ്യൂട്ട് വൈദികന്‍ ഫ്രാങ്ക് ബ്രണ്ണന്‍ അംഗമായിട്ടുള്ള ഒരു കമ്മീഷന്‍ രൂപീകരിക്കുകയും മത സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഇപ്പോഴും അതിന്മേല്‍ ഒരു തീരുമാനവും ഉണ്ടായിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ മതപരമായ കാര്യങ്ങള്‍ക്ക് മത വിശ്വാസികള്‍ക്ക് സ്വാതന്ത്ര്യം ഒരു അവകാശമല്ല. മറിച്ച് സ്വവര്‍ഗാനുരാഗികള്‍ക്ക് നിയമപരമായ അവകാശങ്ങള്‍ സ്ഥാപിച്ചു നല്‍കുകയും ചെയ്യുന്നു.
മത സ്ഥാപനങ്ങള്‍ നടത്തുന്ന സ്‌കൂളുകള്‍ക്കും ധര്‍മ്മ സ്ഥാപനങ്ങള്‍ക്കും കടുത്ത നിയന്ത്രണങ്ങളും ഫണ്ട് നല്‍കാന്‍ വിമുഖതയും കാണിക്കുന്നു. ജോലിക്ക് എടുക്കുന്ന ആളുകളുടെ യോഗ്യത പോലും മത വിശ്വാസത്തിന് അനുസൃതമായി കൊണ്ടുവരുവാന്‍ ഇന്ന് ഒരു മത സ്ഥാപനത്തിനും സാധ്യമല്ലാത്ത അവസ്ഥയാണ് ഉള്ളത്.
ചുരുക്കത്തില്‍, ഈ നിയമമനുസരിച്ച് മാതാപിതാക്കള്‍ക്കോ വൈദികര്‍ക്കോ കൂട്ടുകാര്‍ക്കോ ഒരു ഉപദേശവും നല്‍കാന്‍ പോലും സാധിക്കുകയില്ല. കുടുംബ ജീവിതത്തിന്റെ മൂലക്കല്ല് തകര്‍ക്കുന്ന ഈ നിയമം വിശ്വാസികള്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണെന്ന് പറയാതെ വയ്യ. അതേസമയം ലൈംഗിക സുഖലോലുപതയുടെയും സ്വാതന്ത്ര്യത്തിന്റെയും വിജയമായി ഈ നിയമത്തെ കാണുന്നവരും ഓസ്‌ട്രേലിയയില്‍ ഉണ്ട്.
ബിജു ആന്റണി
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.