പാലാക്കുന്നേൽ മത്തായി മറിയം കത്തനാരുടെ ചരമവാർഷികം ഏപ്രിൽ 20ന് കൂത്രപ്പള്ളി സെൻ്റ് മേരീസ് ദൈവാലയത്തിൽ

പാലാക്കുന്നേൽ മത്തായി മറിയം കത്തനാരുടെ ചരമവാർഷികം ഏപ്രിൽ 20ന് കൂത്രപ്പള്ളി സെൻ്റ് മേരീസ് ദൈവാലയത്തിൽ

ചങ്ങനാശേരി: നസ്രാണി സഭാചരിത്രത്തിലെ അതുല്യ വ്യക്തിത്വവും, നാളാഗമം എന്ന ചരിത്രരേഖയുടെ കർത്താവുമായ പാലാക്കുന്നേൽ മത്തായി മറിയം കത്തനാരുടെ (വല്യച്ചൻ) 124-മത് ചരമവാർഷികം അച്ചന്റെ കബറിടം സ്ഥിതിചെയ്യുന്ന കൂത്രപ്പള്ളി സെന്റ് മേരീസ് പള്ളിയിൽ വെച്ച് നടക്കും. 

ഓർമ്മ ദിനമായ ഏപ്രിൽ 20 നു രാവിലെ 8  മണിക്ക് നടക്കുന്ന വിശുദ്ധ കുർബാനക്കും ഒപ്പീസിനും കാഞ്ഞിരപ്പള്ളി രൂപതയുടെ മുൻ അധ്യക്ഷൻ ബിഷപ്പ് മാർ മാത്യു അറക്കൽ മുഖ്യകാർമ്മികത്വം വഹിക്കും. 

കൂത്രപ്പള്ളി ഇടവക വികാരി ഫാ ജോർജ് കൊച്ചുപറമ്പിൽ, കുടുംബയോഗം രക്ഷാധികാരികൾ ആയ ഫാ. ചെറിയാൻ പാലാക്കുന്നേൽ, ഫാ ഡൊമിനിക് മുരിയൻകാവുങ്കൽ എന്നിവർ സഹകാർമ്മികരായിരിക്കും. 

വല്യച്ചന്റെ ജീവിതത്തെ അധികരിച്ചു പ്രസിദ്ധീകരിക്കുന്ന ലഘുലേഖയുടെയും ശതോത്തര രജതജൂബിലി ലോഗോയുടെയും പ്രകാശന കർമ്മവും ഇതോടനുബന്ധിച്ചു നടക്കും. തുടർന്ന് വല്യച്ചന്റെ ഭവനമായ പാലാക്കുന്നേൽ പുതുച്ചിറക്കാവ് തറവാട്ടിൽ വെച്ച് അനുസ്മരണ പ്രാർത്ഥനയും സ്നേഹ വിരുന്നും നടത്തപ്പെടും.

വിശുദ്ധ ചാവറ കുര്യാക്കോസ് അച്ചന്റെ ശിഷ്യനും നിധീരിക്കൽ മാണി കത്തനാരുടെ  സമകാലീനനുമായിരുന്ന വല്യച്ചൻ  നസ്രാണി സഭാ ചരിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനമാണ് വഹിക്കുന്നത്. സഭാ ചരിത്രത്തിലെ സുഭാഷ് ചന്ദ്രബോസ് എന്നാണ് ചരിത്രകാരന്മാർ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. കൂത്രപ്പള്ളിയിലെയും, എരുമേലി (കൊരട്ടി) യിലെയും ദേവാലയങ്ങളുടെ സ്ഥാപകൻ, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഇടയിൽ പ്രവർത്തിച്ച പ്രേഷിതവൈദികൻ, തിരുവനന്തപുരം സെൻട്രൽ ജയിലിൽ കുർബാന അർപ്പിക്കുവാൻ അനുവാദം നേടിയെടുത്ത അച്ചൻ, പുത്തൻപറമ്പിൽ തോമാച്ചനെ പോലെയുള്ള വിശുദ്ധജീവിതങ്ങൾക്ക് വഴികാട്ടിയായ ആത്മീയ ഉപദേഷ്ടാവ്, കപ്പകൃഷി സാധാരണക്കാരുടെ ഇടയിൽ വ്യാപകമാകുന്നതിനു ഇടയാക്കിയ കർഷകൻ, പ്രഗത്ഭനായ വാഗ്മി എന്നിങ്ങനെ പല മേഖലകളിലും വ്യാപിച്ചുകിടക്കുന്നതാണ് വല്യച്ചന്റെ ജീവിതം. 

കൽദായസഭയിൽ നിന്ന് വന്ന മാർ മേലുസ് മെത്രാപ്പോലീത്തായുടെ വികാരി ജനറൽ ആയി നിന്നുകൊണ്ട് കേരളത്തിൽ അങ്ങോളം ഇങ്ങോളം അദ്ദേഹം പ്രവർത്തിച്ചു. പിന്നീട് റോമിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ച് വരാപ്പുഴ രൂപതയിലേക്ക് മടങ്ങിവരികയും ചെയ്തു.   

പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ നടന്ന പല ചരിത്രസംഭവങ്ങളുടെയും ആധികാരിക രേഖയായാണ് പാലാക്കുന്നേൽ വല്യച്ചന്റെ ഡയറി കുറിപ്പുകളായ നാളാഗമം കരുതപ്പെടുന്നത്. ആ കാലഘട്ടത്തിലെ ഭാഷ, സംസ്കാരം, ചരിത്ര സംഭവങ്ങൾ, വ്യക്തികൾ എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ നടക്കുന്ന ഗവേഷങ്ങൾക്ക് നാളാഗമം ഒരു സുപ്രധാന രേഖയായി ഉപയോഗിച്ച് വരുന്നു. ഇതിനോടകം രണ്ടു പതിപ്പുകൾ പ്രസിദ്ധീകരിച്ച നാളാഗമം ഇലക്ട്രോണിക് മാധ്യമം വഴി എല്ലാവര്ക്കും ലഭ്യമാക്കുന്നതിനുള്ള  നടപടികൾ ഈ ജൂബിലിയോടനുബന്ധിച്ചു ആരംഭിക്കുന്നതാണ്.

സഭാ ചരിത്ര സ്നേഹികളും വല്യച്ചന്റെ പ്രവർത്തനങ്ങളെ വിലമതിക്കുന്നവരുമായ എല്ലാവരെയും, കുടുംബാംഗങ്ങളെയും നാട്ടുകാരെയും പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി കുടുംബയോഗം ജനറൽ സെക്രട്ടറി കെ എസ് ജോസഫ്  അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.