സിഡ്നി: സിഡ്‌നിയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ അസീറിയന്‍ ഓര്‍ത്തഡോക്‌സ് ബിഷപ്പിനു നേരെയുണ്ടായ ആക്രമണം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് പോലീസ്. സംഭവത്തില്‍ അക്രമിയായ കൗമാരക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം സിഡ്നിയിലെ പടിഞ്ഞാറന്‍ മേഖലയായ വേക്ലിയിലെ ക്രൈസ്റ്റ് ദി ഗുഡ് ഷെപ്പേര്‍ഡ് പള്ളിയില്‍ പ്രസംഗിച്ചുകൊണ്ടിരുന്ന ബിഷപ് മാര്‍ മാറി ഇമ്മാനുവേലിനു നേരെയാണ് അക്രമി യാതൊരു പ്രകോപനവുമില്ലാതെ കത്തിയുപയോഗിച്ച് കുത്തിയത്. ബിഷപ്പിനെ രക്ഷിക്കാന്‍ ശ്രമിച്ച പുരോഹിതന്‍ ഫാ. ഐസക് റോയേലിനും മറ്റ് വിശ്വാസികള്‍ക്കും കത്തിക്കുത്തില്‍ പരിക്കേറ്റിരുന്നു.
രാജ്യത്തെ നടുക്കി സിഡ്‌നിയിലുണ്ടായ രണ്ട് കത്തി ആക്രമണങ്ങളെ തുടര്‍ന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിയുടെ നേതൃത്വത്തില്‍ കാന്‍ബറയില്‍ ഉന്നതതല ദേശീയ സുരക്ഷാ യോഗം ചേര്‍ന്നു. ഉപപ്രധാനമന്ത്രി റിച്ചാര്‍ഡ് മാര്‍ലെസ്, വിദേശകാര്യ മന്ത്രി പെന്നി വോങ്, മറ്റ് മുതിര്‍ന്ന കാബിനറ്റ് അംഗങ്ങള്‍, ഓസ്‌ട്രേലിയന്‍ ഡിഫന്‍സ് ഫോഴ്‌സ്, ഓസ്ട്രേലിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് ഓര്‍ഗനൈസേഷന്‍ (എഎസ്‌ഐഒ) മേധാവികള്‍ എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ഭീകരാക്രമണത്തെതുടര്‍ന്ന് സിഡ്നി ഓര്‍ത്തഡോക്സ് അസീറിയന്‍ പള്ളിക്കു പുറത്ത് വിന്യസിച്ചിരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍.
തലയ്ക്ക് ഉള്‍പ്പെടെ കുത്തേറ്റ ബിഷപ്പ് ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്കേറ്റ എല്ലാവരും അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ അക്രമിക്കും പരിക്കേറ്റിരുന്നു.
മത തീവ്രവാദത്താല്‍ പ്രചോദിതമായി ചെയ്ത തീവ്രവാദ പ്രവര്‍ത്തനമെന്നാണ് ന്യൂ സൗത്ത് വെയില്‍സ് പോലീസ് സംഭവത്തെ വിശേഷിപ്പിച്ചത്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ സിഡ്‌നിയില്‍ രണ്ട് കത്തി ആക്രമണങ്ങളുണ്ടായത് രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്.
ബിഷപ്പിനു നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ, സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രം
ആക്രമണത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷം ഇതൊരു തീവ്രവാദ സംഭവമാണെന്ന് വിലയിരുത്തുന്നതായി ന്യൂ സൗത്ത് വെയില്‍സ് പോലീസ് കമ്മീഷണര്‍ കാരെന്‍ വെബ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പ്രതിയെ പോലീസിന് അറിയാമായിരുന്നുവെങ്കിലും ഒരു തീവ്രവാദ നിരീക്ഷണ പട്ടികയിലും ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, അക്രമി ഒറ്റയ്ക്കാണ് പ്രവര്‍ത്തിച്ചതെന്നും രാജ്യത്തെ മൊത്തം ആശങ്കപ്പെടുത്തുന്ന ഭീകരാക്രമണ ഭീഷണിയായി കരുതേണ്ട കാര്യമില്ലെന്നും ഓസ്ട്രേലിയയിലെ ചാരസംഘടനയായ ഓസ്ട്രേലിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് ഓര്‍ഗനൈസേഷന്‍ മേധാവി മൈക്ക് ബര്‍ഗെസ് പറഞ്ഞു.
അക്രമിയുടെ വിവിധ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ആളുകള്‍ പിടികൂടിയതിന് ശേഷവും അക്രമി കൂസലില്ലാതെ ചിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസ് കമ്മീഷണര്‍ റീസ് കെര്‍ഷോ, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസി, എ.എസ്.ഐ.ഒ ഡയറക്ടര്‍ ജനറല്‍ ഓഫ് സെക്യൂരിറ്റി മൈക്ക് ബര്‍ഗെസ് എന്നിവര്‍.
സംഭവ സ്ഥലത്ത് വെച്ചു തന്നെ പൊലീസ് അക്രമിയെ അറസ്റ്റ് ചെയ്‌തെങ്കിലും, വിശ്വാസികളുടെ രോഷത്തില്‍ നിന്നും രക്ഷിക്കാനായി അക്രമിയെ കുറേയേറെ നേരം പള്ളിയിലെ ഒരു മുറിയില്‍ അടച്ചിടേണ്ടതായി വന്നു. സംഭവത്തെ തുടര്‍ന്ന് പള്ളിക്കു പുറത്ത് വലിയ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. അക്രമിയെ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമായി. 500ലധികം പ്രതിഷേധക്കാരാണ് അക്രമിക്കെതിരേ രോഷം പ്രകടിപ്പിച്ച് തടിച്ചുകൂടിയത്. തുടര്‍ന്ന് പോലീസും പ്രതിഷേധക്കാരുമായി ഏറ്റമുട്ടലുണ്ടായി. സംഘര്‍ഷത്തിനിടെ കുപ്പികളും ഇഷ്ടികകളും മറ്റും വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് ഇരുപതോളം പോലീസ് വാഹനങ്ങള്‍ക്കും ചില വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഈ അസ്വാഭാവിക സംഭവത്തിലും പോലീസ് അന്വേഷണം ആരംഭിച്ചു. നിയമം കൈയിലെടുക്കുന്നവരെ കര്‍ശനമായി നേരിടും എന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.