സിഡ്‌നി ഷോപ്പിങ് മാള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വേദനയില്‍ കണ്ണീരണിഞ്ഞ് സെന്റ് മേരീസ് കത്തീഡ്രല്‍; അനുസ്മരണച്ചടങ്ങിന് നേതൃത്വം നല്‍കി ആര്‍ച്ച് ബിഷപ്പ്

സിഡ്‌നി ഷോപ്പിങ് മാള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വേദനയില്‍ കണ്ണീരണിഞ്ഞ് സെന്റ് മേരീസ് കത്തീഡ്രല്‍; അനുസ്മരണച്ചടങ്ങിന് നേതൃത്വം നല്‍കി ആര്‍ച്ച് ബിഷപ്പ്

സിഡ്‌നി: ഈസ്റ്റര്‍ ദിനങ്ങളോടനുബന്ധിച്ച ആഘോഷങ്ങള്‍ക്കിടെയാണ് രാജ്യത്തെ നടുക്കി സിഡ്നി ബോണ്ടി ജങ്ഷനിലെ വെസ്റ്റ്ഫീല്‍ഡ് ഷോപ്പിങ് മാളില്‍ ശനിയാഴ്ച്ച ആക്രമണമുണ്ടാകുന്നത്. സംഭവത്തില്‍ ദാരുണമായി കൊല്ലപ്പെട്ട ആറു പേരുടെ സ്മരണയില്‍ വിതുമ്പുകയാണ് ബോണ്ടി എന്ന പ്രദേശം.

സിഡ്‌നിയിലെ കത്തോലിക്കാ സമൂഹത്തിലുടനീളം ഈസ്റ്റിന്റെയും അവധി ദിനങ്ങളുടെയും സന്തോഷം കണ്ണീരായി മാറിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന കുര്‍ബാനയില്‍ ആര്‍ച്ച് ബിഷപ്പ് ആന്റണി ഫിഷര്‍ ഒപി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെ അനുസ്മരിച്ച് പ്രാര്‍ത്ഥിച്ചു. നിരവധി വിശ്വാസികളാണ് നിറകണ്ണുകളോടെ അനുസ്മരണച്ചടങ്ങില്‍ പങ്കുകൊണ്ടത്. ഓരോ ജീവനും അമൂല്യമാണെന്ന സന്ദേശം പകരുന്ന ഗര്‍ഭസ്ഥ ശിശുവിന്റെ അന്താരാഷ്ട്ര ദിനാചരണത്തില്‍ തന്നെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ അനുസ്മരണം പള്ളികളില്‍ ആചരിച്ചത് യാദൃശ്ചികമായി.

ഓരോ മനുഷ്യ ജീവനും അമൂല്യമാണെന്നും അതു നശിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നുമുള്ള വസ്തുത ഊന്നിപ്പറഞ്ഞുകൊണ്ടായിരുന്നു ആര്‍ച്ച് ബിഷപ്പ് ആന്റണി ഫിഷറിന്റെ സന്ദേശം.



'വെസ്റ്റ്ഫീല്‍ഡ് ബോണ്ടി ജങ്ഷന്‍ മാളിലുണ്ടായ ആക്രമണം പ്രദേശത്താകെ ദുഃഖത്തിലും ഭീതിയിലും ആഴ്ത്തിയിരിക്കുകയാണ്. ഒരു പിഞ്ചുകുഞ്ഞിനെ ഉള്‍പ്പെടെ കുത്തിപ്പരിക്കേല്‍പ്പിച്ചു. സ്വന്തം കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച ശേഷം മരണത്തിനു കീഴടങ്ങിയ അമ്മയുടെയും അക്രമിയെ കീഴടക്കിയ പോലീസുകാരിയുടെയും ധൈര്യം ഒരു വശത്ത് രാജ്യം വാഴ്ത്തിപ്പാടുന്നു. ഈ അവസരത്തില്‍ വിലപ്പെട്ട ഓരോ മനുഷ്യ ജീവനോടുമുള്ള കത്തോലിക്ക സമൂഹത്തിന്റെ അഗാധമായ പ്രതിബദ്ധതയാണ് നാമെല്ലാവരും പ്രതിഫലിപ്പിക്കുന്നത് - ആര്‍ച്ച് ബിഷപ്പ് ഫിഷര്‍ പറഞ്ഞു.

ഇരിപ്പിടങ്ങളില്‍ മൗനമായി തലകുമ്പിട്ടിരുന്ന് നിറകണ്ണുകളോടെയാണ് വിശ്വാസികള്‍ ആര്‍ച്ച് ബിഷപ്പിന്റെ വാക്കുകള്‍ കേട്ടത്. മരിച്ചവര്‍ തങ്ങളുടെ ഉറ്റവര്‍ അല്ലെങ്കില്‍ പോലും അവര്‍ നേരിട്ട ഭീകരത തിരിച്ചറിഞ്ഞുകൊണ്ടുള്ള വേദന വിശ്വാസികളില്‍ പ്രകടമായിരുന്നു.

'എല്ലാ മനുഷ്യജീവനും ദൈവത്തിന്റെ പ്രതിച്ഛായയില്‍ സൃഷ്ടിക്കപ്പെട്ടതാണെന്ന് നമുക്കറിയാം. ഭൂമിയിലെ പൂര്‍ണമായ ജീവിതത്തിനും സ്വര്‍ഗത്തിലെ നിത്യജീവിതത്തിനും വേണ്ടിയാണ് നമ്മെ സൃഷ്ടിച്ചിരിക്കുന്നത്. അതിനാല്‍ നമ്മുടെ പ്രാര്‍ത്ഥനയും ബഹുമാനവും മരിച്ചവര്‍ക്കും അവരുടെ ഉറ്റവര്‍ക്കും ആവശ്യമാണ് - പിതാവ് കൂട്ടിച്ചേര്‍ത്തു.

ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായി സിഡ്നിയില്‍ ഉടനീളമുള്ള പള്ളികളില്‍ വിശുദ്ധ കുര്‍ബാനയും പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു. ബോണ്ടി സെന്റ് പാട്രിക്, സെന്റ് ആന്‍സ് ഇടവകകള്‍ ദുഃഖാര്‍ത്തരായ കുടുംബാംഗങ്ങള്‍ക്കായി പ്രാര്‍ത്ഥനകള്‍ നടത്തി.

അതേസമയം ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായി സര്‍ക്കാര്‍ ബോണ്ടിയില്‍ സ്ഥിരം സ്മാരകം സ്ഥാപിക്കുമെന്ന് ന്യൂ സൗത്ത് വെയില്‍സ് പ്രീമിയര്‍ ക്രിസ് മിന്‍സ് പറഞ്ഞു. ഇത് നഗരത്തെ സംബന്ധിച്ചിടത്തോളം വളരെ ആഘാതകരമായ സംഭവമാണ്. ദശലക്ഷക്കണക്കിന് ആളുകള്‍ അവരോടൊപ്പം നില്‍ക്കുകയും അവരെ സ്‌നേഹിക്കുകയും ചെയ്യുന്നു എന്ന വസ്തുത മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ആശ്വാസകരമായിരിക്കും - അദ്ദേഹം പറഞ്ഞു.

ആക്രമണത്തില്‍ കൊല്ലപ്പെട്ട ആറു പേരെ ആദരിച്ച് ഞായറാഴ്ച ബോണ്ടി ജങ്ഷനില്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസി ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത അനുസ്മരണ യോഗം നടന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.