കാലാവസ്ഥ മോശം; നങ്കൂരമിട്ടാല്‍ ഇന്ത്യക്കാരെ നാട്ടിലേക്ക് മടക്കി അയക്കും: ഇറാന്‍ അംബാസഡര്‍

കാലാവസ്ഥ മോശം; നങ്കൂരമിട്ടാല്‍ ഇന്ത്യക്കാരെ നാട്ടിലേക്ക് മടക്കി അയക്കും: ഇറാന്‍ അംബാസഡര്‍

ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്കില്‍ നിന്ന് ഇറാന്‍ പിടിച്ചെടുത്ത എംഎസ്‌സി ഏരിസ് എന്ന ചരക്കുകപ്പലിലെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ തടഞ്ഞുവെച്ചിട്ടില്ലെന്ന് ഇന്ത്യയിലെ ഇറാന്‍ സ്ഥാനപതി ഇറാജ് എലാഹി. നിലവില്‍ പേര്‍ഷ്യന്‍ കടലിലെ കാലാവസ്ഥ മോശമാണ്. ഇതിനാല്‍ കപ്പലിന് തുറമുഖത്ത് നങ്കൂരമിടാന്‍ കഴിഞ്ഞിട്ടില്ല. മോശം കാലാവസ്ഥ കാരണം കപ്പല്‍ തീരത്ത് അടുപ്പിക്കാനോ കപ്പലിനടുത്തേക്ക് ബോട്ട് അയയ്ക്കാനോ സാധിച്ചിട്ടില്ലെന്നും അദേഹം വ്യക്തമാക്കി.

കാലാവസ്ഥാ പ്രശ്‌നം തീര്‍ന്ന് കപ്പല്‍ നങ്കൂരമിട്ടാല്‍ ഇന്ത്യക്കാരെ നാട്ടിലേക്ക് മടക്കി അയക്കാന്‍ നടപടി തുടങ്ങുമെന്നും ഇറാന്‍ അംബാസഡര്‍ വ്യക്തമാക്കി. നാല് മലയാളികള്‍ ഉള്‍പ്പെടെ 17 ഇന്ത്യക്കാരാണ് കപ്പലില്‍ ഉള്ളത്. ഇന്ത്യക്കാരെ കാണാന്‍ ഇന്ത്യന്‍ സംഘത്തിന് ഇറാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ മോശം കാലാവസ്ഥ കാരണം ഇവര്‍ക്ക് കപ്പലിന് അടുത്തേക്ക് എത്താനായില്ലെന്നാണ് വിവരം.

അതേസമയം കപ്പലിലെ ഇന്ത്യക്കാരുമായി എംബസി അധികൃതരുടെ കൂടിക്കാഴ്ച്ച ഇന്ന് നടന്നേക്കുമെന്നാണ് കരുതുന്നത്. ജീവനക്കാരുമായി കൂടിക്കാഴ്ച്ചയ്ക്ക് ശേഷം മോചനം സംബന്ധിച്ച വിഷയത്തില്‍ വ്യക്തതയുണ്ടാകും. ഇതിനിടെ കപ്പലിലെ പാക് പൗരന്മാരെ വിട്ടയക്കുമെന്ന് പാക് വിദേശകാര്യ മന്ത്രാലയത്തെ ഇറാന്‍ അറിയിച്ചു. കപ്പലിലുള്ള നാല് ഫിലിപ്പീന്‍സ് പൗരന്മാരെയും ഉടന്‍ മോചിപ്പിക്കും.

കടല്‍ നിയമങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് ഏപ്രില്‍ 13 ന് കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തത്. ഇസ്രയേലുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.