സിഡ്നി: ഷോപ്പിങ് മാളില്‍ ആറു പേരെ കുത്തിക്കൊന്ന അക്രമിയെ സധൈര്യം നേരിട്ട ഫ്രഞ്ച് പൗരന് ഓസ്ട്രേലിയന്‍ പൗരത്വം വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസി. ഡാമിയന്‍ ഗ്യുറോട്ട് എന്ന നിര്‍മാണത്തൊഴിലാളിക്കാണ് പ്രധാനമന്ത്രി ഓസ്ട്രേലിയന്‍ പൗരത്വം വാഗ്ദാനം ചെയ്തത്. മാളിലെ എസ്‌കലേറ്ററില്‍വെച്ച് അക്രമിയെ നേരിട്ട ധീരതയ്ക്ക് നന്ദി അറിയിച്ച അദ്ദേഹം, ഡാമിയനെ പ്രത്യേകം പ്രശംസിക്കുകയും ചെയ്തു.
ശനിയാഴ്ച സിഡ്നിയിലെ ഷോപ്പിങ് മാളില്‍നടന്ന കത്തിയാക്രമണത്തിനിടെയാണ് ഫ്രഞ്ച് പൗരനായ ഡാമിയന്‍ അക്രമിയെ തടയാന്‍ ശ്രമിച്ചത്. അക്രമിയായ ജോയല്‍ കൗച്ചി കത്തിയുമായി എസ്‌കലേറ്ററിലൂടെ മുന്നോട്ടുനീങ്ങിയപ്പോള്‍ കൈയില്‍ വലിയ മരക്കഷണവുമായി ഡാമിയന്‍ ഇയാളെ തടയാന്‍ ശ്രമിക്കുകയായിരുന്നു. ഇതുകണ്ട് ജോയല്‍ കൗച്ചി രണ്ടു ചുവട് പിന്നോട്ടു മാറുകയും ചെയ്തു.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഫ്രഞ്ച് യുവാവിന് ഹീറോ പരിവേഷമാണ് ലഭിച്ചത്. ഇതിനു പിന്നാലെയാണ് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി യുവാവിന് പൗരത്വവും വാഗ്ദാനം ചെയ്തത്.
ഡാമിയന്റെ താല്‍ക്കാലിക ഓസ്ട്രേലിയന്‍ തൊഴില്‍ വിസ ജൂലൈയില്‍ അവസാനിക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
'നിങ്ങളെ സ്വാഗതം ചെയ്യുകയാണ്. നിങ്ങള്‍ക്ക് ഇഷ്ടമുള്ള കാലത്തോളം ഇവിടെ താമസിക്കാം. ഇങ്ങനെയൊരാള്‍ ഓസ്ട്രേലിയന്‍ പൗരനാകുന്നതിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. തീര്‍ച്ചയായും അത് ഫ്രാന്‍സിന് ഒരു നഷ്ടമാകാം. അദ്ദേഹത്തിന്റെ അസാധാരണ ധൈര്യത്തിന് ഞങ്ങള്‍ നന്ദി അറിയിക്കുന്നു', പ്രധാനമന്ത്രി ആന്തണി ആല്‍ബനീസി പറഞ്ഞു.
പ്രധാനമന്ത്രിയുടെ പൗരത്വ വാഗ്ദാനത്തെ പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണും പിന്തുണച്ചു. ഞങ്ങളുടെ രാജ്യത്ത് അത്തരം സ്വഭാവമുള്ള ആളുകളെയാണ് ആവശ്യം - അദ്ദേഹം പറഞ്ഞു.
ശനിയാഴ്ചയാണ് സിഡ്‌നിയിലെ തിരക്കേറിയ ഷോപ്പിങ് മാളില്‍ കത്തിയാക്രമണം നടന്നത്. ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. ഒന്‍പതുമാസം പ്രായമുള്ള കുഞ്ഞിനെ അടക്കം അക്രമി കുത്തിപ്പരിക്കേല്‍പ്പിച്ചിരുന്നു. അക്രമിയായ ജോയല്‍ കൗച്ചിനെ ഒടുവില്‍ വനിതാ പൊലീസ് ഓഫീസറാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. ഇയാള്‍ മാനസികരോഗിയാണെന്നായിരുന്നു പോലീസിന്റെ വിശദീകരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.