കാസര്‍കോട്: ആള്‍കൂട്ടത്തിനിടയില്‍ നല്‍ക്കുമ്പോള്‍ തുരുതുരാ വന്ന ചില രഹസ്യ ഫോണ്‍ കോളുകള്‍ക്ക് മറുപടി പറയാന്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല കയറിച്ചെന്നത് ദേശാഭിമാനി പത്രത്തിന്റെ ഓഫീസില്‍.
അവിടെ ഫോട്ടോഗ്രാഫര്‍ മാത്രമാണ് അപ്പോഴുണ്ടായിരുന്നത്. അകത്ത് കയറിയ ചെന്നിത്തല ഫോട്ടോഗ്രാഫറോട് വാതിലടക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട് കസേരയിലിരുന്ന് പ്രധാനപ്പെട്ട കോളുകള്‍ക്കെല്ലാം മറുപടി പറഞ്ഞു.
ഏറെ നേരം സംസാരിച്ച ശേഷം പുറത്തിറങ്ങിയ ചെന്നിത്തലയോട് മാധ്യമ പ്രവര്‍ത്തകര്‍ ഇരുന്ന സ്ഥലത്തെ കുറിച്ച് ആരാഞ്ഞപ്പോള്‍ 'അതിനെന്താ' എന്ന അര്‍ത്ഥത്തിലുള്ള ചിരിയായിരുന്നു മറുപടി.
കാസര്‍കോട് പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസിലേക്ക് ക്ഷണിച്ചതനുസരിച്ച് എത്തിയതായിരുന്നു രമേശ് ചെന്നിത്തല. എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷറഫ്, യു.ഡി.എഫ് നേതാക്കളായ കല്ലട്ര മാഹിന്‍ ഹാജി, കെ. നീലകണ്ഠന്‍, പി.കെ. ഫൈസല്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
12 മണിക്കായിരുന്നു മീറ്റ് ദി പ്രസ് നിശ്ചയിച്ചത്. എന്നാല്‍ കേന്ദ്ര പ്രതിരോധ മന്ത്രിരാജ് നാഥ് സിങിന്റെ താളിപടുപ്പ് മൈതാനിയിലെ പരിപാടി നിശ്ചയിച്ചതിലും ഏറെ വൈകി. ഈ സമയം പ്രസ് ക്ലബിന്റെ താഴെ ആള്‍കൂട്ടത്തിനിടയില്‍ സംസാരിക്കുകയായിരുന്ന രമേശ് ചെന്നിത്തലക്ക് നിരവധി ഫോണുകള്‍ വന്നുകൊണ്ടിരുന്നു.
ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നിങ്ങനെ ഭാഷകള്‍ മാറിമാറിയായിരുന്നു സംസാരം. അവസാനം ഫോണ്‍ കോളുടെയും ചുറ്റുമുള്ളവരുടെയും എണ്ണം വര്‍ധിച്ചതോടെ സ്വകാര്യത അന്വേഷിച്ച ചെന്നിത്തല കണ്ടത് മുന്നിലെ 'ദേശാഭിമാനി' ഓഫിസായിരുന്നു. ഉടന്‍ തന്നെ അവിടേക്ക് കയറുകയായിരുന്നു.
മഹാരാഷ്ട്രയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് വിജയിച്ച തെലങ്കാനയുടെ തിരഞ്ഞെടുപ്പ് ചുമതലയും അദേഹത്തിനായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.