മനുഷ്യരിലും ഭീഷണിയായി 'എച്ച്5 എന്‍1' വൈറസ്; മരണനിരക്ക് അസാധാരണമായി ഉയരുന്നുവെന്ന ആശങ്കയുമായി ലോകാരോഗ്യ സംഘടന

മനുഷ്യരിലും ഭീഷണിയായി 'എച്ച്5 എന്‍1' വൈറസ്; മരണനിരക്ക് അസാധാരണമായി ഉയരുന്നുവെന്ന ആശങ്കയുമായി ലോകാരോഗ്യ സംഘടന

ജനീവ: കേളരത്തിലടക്കം കര്‍ഷകരുടെ ഉപജീവന മാര്‍ഗം തന്നെ ഇല്ലാതാക്കിയാണ് പക്ഷികളിലെ പ്ലേഗ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന പക്ഷിപ്പനി ഇടയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരിടവേളയ്ക്കു ശേഷം ആലപ്പുഴയില്‍ താറാവുകള്‍ക്ക് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കോഴിക്കും താറാവിനും മാത്രമല്ല, പക്ഷിപ്പനി പക്ഷികളില്‍ നിന്ന് മനുഷ്യരിലേക്കും പടരുന്നതായി യുഎസില്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യ രംഗം ഈ പുതിയ വെല്ലുവിളി എങ്ങനെ നേരിടുമെന്ന ആശങ്കയിലാണ്. പക്ഷിപ്പനി സംബന്ധിച്ച് അത്യധികം ആശങ്കാജനകമായ റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന പങ്കുവച്ചത്.

മനുഷ്യരില്‍ പക്ഷിപ്പനി മൂലമുള്ള മരണനിരക്ക് അസാധാരണമായി ഉയരുന്നതായി യുഎന്‍ ആരോഗ്യ ഏജന്‍സിയുടെ ചീഫ് സയന്റിസ്റ്റ് ജെറമി ഫരാര്‍ ജനീവയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അസാധാരണമാംവിധം മരണനിരക്ക് ഉയര്‍ത്താന്‍ കഴിയുന്ന അപകടകാരിയായാണ് മ്യൂട്ടേഷന്‍ സംഭവിച്ച എച്ച്5എന്‍1 വൈറസ്. വൈറസിനെ കൈകാര്യം ചെയ്യുന്നതില്‍ ചെറിയ പാളിച്ചയുണ്ടായാല്‍ തന്നെ, ലോകം മുഴുവന്‍ പടര്‍ന്ന് മഹാമാരിയായി മാറാമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.

2020ല്‍ ആരംഭിച്ച പക്ഷിപ്പനി ദശലക്ഷക്കണക്കിന് കോഴികളുടെ മരണത്തിന് കാരണമായി. കാട്ടുപക്ഷികള്‍, കരയിലെ സസ്തനികള്‍ എന്നിവയെയും ഇത് ബാധിച്ചിരുന്നു. ഇപ്പോള്‍ ഈ വൈറസ് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് അതിവേഗം പകരാനുള്ള കഴിവും വികസിപ്പിക്കുകയാണെന്നും ജെറമി ഫരാര്‍ പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, 2023ന്റെ തുടക്കം മുതല്‍ ഈ വര്‍ഷം ഏപ്രില്‍ ഒന്ന് വരെ 23 രാജ്യങ്ങളിലായി 889 മനുഷ്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 463 മരണങ്ങളും സംഭവിച്ചു. അതായത് മരണനിരക്ക് 52%.

മനുഷ്യരിലേക്ക് 'എച്ച്5 എന്‍1' വൈറസ് ബാധ പടര്‍ന്നാല്‍ കൊവിഡിനേക്കാള്‍ നൂറിരട്ടി അപകടസാധ്യത ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇത് ഒരു വലിയ ആശങ്കയായി തുടരുന്നുവെന്ന് ജെറമി ഫരാര്‍ ജനീവയില്‍ വെച്ച് മാദ്ധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

അമേരിക്കയില്‍ ഫാം ജീവനക്കാരനില്‍ 'എച്ച്5 എന്‍1' സാന്നിധ്യം കണ്ടെത്തിയതായി ഈ മാസം ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്ത് മനുഷ്യരില്‍ പക്ഷിപ്പനി പോസിറ്റീവ് ആയ രണ്ടാമത്തെ കേസാണിത്. പലപ്പോഴും പ്രകടമായ രോഗലക്ഷണങ്ങള്‍ ഒന്നും ഉണ്ടായെന്ന് വരില്ല. പനി, ചുമ, ശരീരവേദന, ന്യൂമോണിയ, ശ്വാസതടസം, കണ്ണുകളിലെ ചുവപ്പ് നിറം, തൊണ്ടവേദന, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയാണ് പൊതുവേ കണ്ടുവരുന്ന ലക്ഷണങ്ങള്‍. ഏതാണ്ട് 52 ശതമാനത്തില്‍ അധികമാണ് 'എച്ച്5 എന്‍1' വൈറസ് മരണനിരക്ക്.

'എച്ച്5 എന്‍1'നുള്ള വാക്സിനുകളും ചികിത്സാരീതികളും വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു, ലോകമെമ്പാടുമുള്ള പ്രാദേശിക, ദേശീയ ആരോഗ്യ വകുപ്പുകള്‍ക്ക് വൈറസ് നിര്‍ണയിക്കാനുള്ള ശേഷി ഉണ്ടെന്ന് ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.