ഡബ്ലിൻ: അയർലണ്ട് സീറോ മലബാർ സഭയുടെ ഈ വർഷത്തെ നോക്ക് തീർത്ഥാടനം മെയ് 11 ശനിയാഴ്ച നടക്കും. പരിശുദ്ധ അമ്മയുടെ സാന്നിധ്യം നിറഞ്ഞുനിൽകുന്ന നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ റിപ്പബ്ലിക് ഓഫ് അയർലണ്ടിലേയും നോർത്തേൺ അയർലണ്ടിലേയും സീറോ മലബാർ വിശ്വാസികൾ ഒത്തുചേരും. അയർലണ്ടിലെ സീറോ മലബാർ സഭയുടെ 37 വിശുദ്ധ കുർബാന സെന്ററുകളിലും മരിയൻ തീർത്ഥാടനത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ പങ്കെടുക്കും. മെയ് 11 ശനിയാഴ്ച രാവിലെ 10ന് നോക്ക് ബസലിക്കയിൽ ആരാധനയും ജപമാലയും തുടർന്ന് ആഘോഷമായ സീറോ മലബാർ വിശുദ്ധ കുർബാനയും ഭക്തിനിർഭരമായ പ്രദക്ഷിണവും നടക്കും. വിശുദ്ധ കുർബാനക്ക് മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമ്മികനാകും. സീറോ മലബാർ സഭയുടെ യൂറോപ്പിന്റെ അപ്പസ്‌തോലിക് വിസിറ്റേറ്റർ ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്തും, അയർലണ്ട് സീറോ മലബാർ നാഷണൽ കോ-ഓർഡിനേറ്റർ ഫാദർ ജോസഫ് ഓലിയക്കാട്ടും അയർലണ്ടിലെ മുഴുവൻ സീറോ മലബാർ വൈദികരും സഹകാർമ്മികരായിരിക്കും.
കാറ്റിക്കിസം സ്‌കോളർഷിപ്പ് പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികളേയും ബൈബിൾ ക്വിസ് മത്സരത്തിൽ ദേശീയ തലത്തിൽ വിജയം നേടിയവരേയും അയർലണ്ടിലെ ലിവിങ് സെർട്ട് പരീക്ഷയിലും ജൂനിയർ സെർട്ട് പരീക്ഷയിലും ഉന്നത വിജയം നേടിയ കുട്ടികളേയും അഞ്ചോ അതിലധികമോ മക്കളുള്ള അയർലണ്ടിലെ വലിയ കുടുംബങ്ങളേയും ഈ തീർത്ഥാടനത്തിൽ ആദരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26