പുതിയ വര്‍ഗീയ കാര്‍ഡ് ഇറക്കി മോഡിയുടെ പ്രചാരണ തന്ത്രം; നടപടി എടുക്കാന്‍ മടിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍: പരക്കേ പ്രതിഷേധം

പുതിയ വര്‍ഗീയ കാര്‍ഡ് ഇറക്കി മോഡിയുടെ പ്രചാരണ തന്ത്രം;  നടപടി എടുക്കാന്‍ മടിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍: പരക്കേ പ്രതിഷേധം

ന്യൂഡല്‍ഹി: രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കടുത്ത വര്‍ഗീയ വിദ്വേഷം കലര്‍ന്ന പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷം ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും പ്രതികരിക്കാനില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടില്‍ പരക്കേ പ്രതിഷേധം.

പരാമര്‍ശത്തില്‍ മോഡിക്കെതിരെ കോണ്‍ഗ്രസ് പരാതി നല്‍കിയിട്ടും പരാതി കിട്ടിയോ എന്ന ചോദ്യത്തിനും കമ്മീഷന്‍ വ്യക്തമായ മറുപടി നല്‍കിയില്ല. ഇതോടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്പക്ഷമായ നിലപാട് സ്വീകരിക്കുന്നില്ലെന്ന വിമര്‍ശനം ശക്തമാണ്.

പ്രചാരണത്തിനിടെ ഹിന്ദു, ജയ് ഭവാനി എന്നീ വാക്കുകള്‍ ഉപയോഗിക്കരുതെന്ന് പറഞ്ഞ് ഉദ്ധവ് താക്കറെക്കെതിരെ നോട്ടീസയച്ച തിരഞ്ഞെടുപ്പ് കമ്മീഷനാണിത്. എന്നാല്‍ താക്കറെ ആ നോട്ടീസ് വകവെക്കാന്‍ തയാറായില്ല. ആദ്യം മോഡിക്ക് നോട്ടീസ് അയക്കൂ എന്നാണ് താക്കറെ കമ്മീഷനോട് പറഞ്ഞത്.

പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ഇത്തരത്തില്‍ കര്‍ശന നിലപാട് സ്വീകരിക്കുന്ന കമ്മീഷന്‍ മോഡി ഇത്രയും വലിയ വര്‍ഗീയ കാര്‍ഡിറക്കിയിട്ടും മൗനം പാലിക്കുന്നത് മൂലം തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷത തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്.

ഇന്ത്യയിലെ വിഭവങ്ങളുടെ ആദ്യ അവകാശം പട്ടിക ജാതി, പട്ടിക വര്‍ഗം, ന്യൂനപക്ഷങ്ങള്‍ തുടങ്ങിയ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്കാണെന്നാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പ്രസംഗത്തില്‍ പറഞ്ഞത്. എന്നാല്‍ രാജ്യത്തിന്റെ വിഭവങ്ങള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നാണ് മന്‍മോഹന്‍ സിങ് പറഞ്ഞതെന്നാണ് മോഡി രാജസ്ഥാനിലെ തന്റെ പ്രസംഗത്തില്‍ വ്യക്തമാക്കിയത്.

എല്ലാവരും വോട്ട് ചെയ്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തിച്ചാല്‍ ഇന്ത്യയിലെ സ്വത്തുക്കള്‍ നുഴഞ്ഞു കയറ്റക്കാരായ മുസ്ലീങ്ങള്‍ക്ക് വീതം വെക്കുമെന്നും മോഡി പ്രസംഗത്തില്‍ പറഞ്ഞു. കഷ്ടപ്പെട്ട് മറ്റുള്ളവരുണ്ടാക്കിയ പണം അവരിലേക്ക് ഒഴുക്കും. അമ്മമാരുടെയും സഹോദരിമാരുടെയും സ്വര്‍ണത്തിന്റെ കണക്കെടുപ്പ് നടത്തി അത് മുസ്ലീങ്ങള്‍ക്ക് നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രകടന പത്രികയിലുണ്ടെന്നും മോഡി പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിലൂടെ ഹിന്ദു വികാരം മുതലെടുത്ത് ഭരണ വിരുദ്ധ വികാരം മറികടക്കാമെന്നായിരുന്നു ബിജെപിയുടെ കണക്കു കൂട്ടല്‍. എന്നാല്‍ പ്രതീക്ഷിച്ചതു പോലെ രാമക്ഷേത്രം ഒരു വിഭാഗം ഹിന്ദുക്കളില്‍ വലിയ പ്രതിഫലനമൊന്നുമുണ്ടാക്കുന്നില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് പുതിയ വര്‍ഗീയ കാര്‍ഡ് ഇറക്കിയുള്ള മോഡിയുടെ അടുത്ത നീക്കം. എന്നിട്ടും സ്വതന്ത്ര ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തു നിന്നുള്ള തണുപ്പന്‍ പ്രതികരണമാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.