'നരേന്ദ്ര മോഡിക്ക് ആറ് സഹോദരങ്ങളുണ്ട്'; മക്കളുടെ പേരില്‍ ലാലുവിനെ പരിഹസിച്ച നിതീഷിന് തേജസ്വി യാദവിന്റെ മറുപടി

 'നരേന്ദ്ര മോഡിക്ക് ആറ് സഹോദരങ്ങളുണ്ട്'; മക്കളുടെ പേരില്‍ ലാലുവിനെ പരിഹസിച്ച നിതീഷിന് തേജസ്വി യാദവിന്റെ മറുപടി

പാട്ന: കൂടുതല്‍ മക്കള്‍ ഉള്ളതിന്റെ പേരില്‍ ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനെ പരിഹസിച്ച ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് മറുപടിയുമായി ലാലുവിന്റെ മകനും മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. ലാലു പ്രസാദ് കുറേയേറെ മക്കളെ ഉണ്ടാക്കിയെന്നായിരുന്നു നിതീഷിന്റെ പ്രസ്താവന.

ആരായാലും ഇത്രയും മക്കളെ സൃഷ്ടിക്കാമോയെന്നും നിതീഷ് ചോദിച്ചിരുന്നു. കതിഹാറിലെ തിരഞ്ഞെടുപ്പ് റാലിയിലായിരുന്നു നിതീഷിന്റെ വിവാദ പരാമര്‍ശം.
ഇതിന് മറുപടിയുമായാണ് തേജസ്വി രംഗത്തെത്തിയിരിക്കുന്നത്. നിതീഷ് കുമാര്‍ ഇത്തരത്തില്‍ മക്കളുടെ പേരിലൊന്നും അധിക്ഷേപിച്ച് സംസാരിക്കുന്ന ആളല്ല എന്ന് താന്‍ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. അദേഹത്തിന്റെ ചുറ്റിലുമുള്ള ചില ആളുകളാണ് ഇതിന് പിന്നിലുള്ളത്. അവരുടെ അറിവിലേക്കായി ചിലത് പറയുന്നു എന്ന് പറഞ്ഞാണ് തേജസ്വി കൂടുതല്‍ മക്കളുള്ള ആളുകളെ അക്കമിട്ട് നിരത്തിയത്.

മഹാനായ സ്വാതന്ത്ര്യ സമര സേനാനി സുഭാഷ് ചന്ദ്രബോസിന് 14 സഹോദരങ്ങളുണ്ടായിരുന്നു. ഭരണഘടനാ ശില്‍പ്പിയായ ബാബാ സാഹബ് അംബേദ്ക്കര്‍ക്ക് 14 സഹോദരങ്ങളുണ്ടായിരുന്നു. അതില്‍ അംബേദ്ക്കര്‍ അദേഹത്തിന്റെ മാതാപിതാക്കളുടെ അവസാനത്തെ കുട്ടിയായിരുന്നു. പണ്ഡിതനും ഭാരത രത്ന ജേതാവുമായ മുന്‍ രാഷ്ട്രപതി വി.വി ഗിരിക്ക് 14 മക്കളായിരുന്നു. മുന്‍ പ്രധാനമന്ത്രി വാജ്പേയിക്ക് ഏഴ് സഹോദരങ്ങളുണ്ടായിരുന്നുവെന്നും തേജസ്വി പറഞ്ഞു.

അതുപോലെ മുഖ്യമന്ത്രി നിതീഷ് കുമാറിന് തന്നെ അഞ്ച് സഹോദരങ്ങളുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ആറ് സഹോദരങ്ങളുണ്ട്. മോഡിയുടെ പിതാവ് ദാമോദര്‍ ദാസിന് ഏഴ് സഹോദരങ്ങളുണ്ട്. പ്രധാനമന്ത്രി മോഡിയുടെ അമ്മാവന്‍ നര്‍സിങ് ദാസിന് എട്ട് മക്കളുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് ഏഴ് സഹോദരങ്ങളും ഉണ്ട്. പാട്ന സാഹിബ് എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ രവിശങ്കര്‍ പ്രസാദിന് ഏഴ് സഹോദരങ്ങളുണ്ട്. തെലങ്കാന മുന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന് 10 സഹോദരങ്ങളുണ്ട്.

ദേശീയ ഗാനം രചിച്ച രവീന്ദ്രനാഥ് ടാഗോറിന് ഏഴ് സഹോദരങ്ങളും മുന്‍ പ്രധാനമന്ത്രി ദേവഗൗഡക്ക് ആറ് മക്കളും ഉണ്ട്. മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിന് എട്ട് മക്കളും ഉണ്ടെന്ന് അക്കമിട്ട് നിരത്തിയാണ് തേജസ്വി മറുപടി നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.