യുവാക്കള്‍ക്കുള്ള തൊഴിലില്ലായ്മ വേതനത്തില്‍ തട്ടിപ്പ്; തിരുവനന്തപുരം കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് 12 വര്‍ഷം കഠിന തടവ്

യുവാക്കള്‍ക്കുള്ള തൊഴിലില്ലായ്മ വേതനത്തില്‍ തട്ടിപ്പ്; തിരുവനന്തപുരം കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് 12 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം: തൊഴിലില്ലായ്മ വേതന വിതരണത്തില്‍ തട്ടിപ്പ് നടത്തിയ കേസില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കഠിനതടവ്. അക്കൗണ്ട്‌സ് വിഭാഗം ക്ലാര്‍ക്ക് പി.എല്‍ ജീവന്‍, ഹെല്‍ത്ത് വിഭാഗം ക്ലാര്‍ക്ക് സദാശിവന്‍ നായര്‍ എന്നിവരെയാണ് ശിക്ഷിച്ചത്. 12 വര്‍ഷം കഠിനതടവും ആറേമുക്കാല്‍ ലക്ഷം രൂപ പിഴയുമാണ് ചുമത്തിയത്.

തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ്-1 കേസ് രജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം നല്‍കിയ കേസില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് തിങ്കളാഴ്ച വിധി പറഞ്ഞത്.

വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ 15 ലക്ഷം രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. 2005-2006 കാലഘട്ടത്തിലാണ് തട്ടിപ്പ് നടന്നതായി കണ്ടെത്തല്‍. അഭ്യസ്ഥവിദ്യരായ, തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ധനസഹായമാണ് തൊഴിലില്ലായ്മ വേതനം. ഇതില്‍ തിരിമറി നടത്തി 15,45,320 രൂപ വെട്ടിച്ചുവെന്നാണ് കേസ്.

അക്കൗണ്ട്‌സ് വിഭാഗം ക്ലര്‍ക്കായ പി.എല്‍ ജീവന്‍, ഹെല്‍ത്ത് വിഭാഗം ക്ലാര്‍ക്കായ സദാശിവന്‍ നായര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി കണ്ടെത്തിയിരുന്നു. വിവിധ വകുപ്പുകളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

ഇതിന്റെ അടിസ്ഥാനത്തില്‍ ആകെ 12 വര്‍ഷം കഠിനതടവും കൂടാതെ ഒന്നാം പ്രതിയായ ജീവന് 6,35,000 രൂപയും രണ്ടാം പ്രതിയായ സദാശിവന്‍ നായര്‍ക്ക് 6,45,000 രൂപയുമാണ് പിഴ ചുമത്തിയത്. റിമാന്‍ഡ് ചെയ്ത പ്രതികളെ ജയിലിലേക്ക് അയച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.