വത്തിക്കാൻ സിറ്റി: യേശുവിന്റെ അതിരില്ലാത്ത സ്നേഹത്തെയും സ്വജീവൻ നൽകി അവൻ നമ്മെ സ്നേഹിച്ചതിനെയും ഓർമിച്ച് ഫ്രാൻസിസ് പാപ്പ. യേശു നമ്മെ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതും കരങ്ങളിൽ നമ്മെ എടുത്തുയർത്തുന്നതും അനുഭവിച്ചറിയാൻ അവൻ്റെ സന്നിധിയിലേക്ക് നാം കടന്നുവരണമെന്ന് പാപ്പാ കൂട്ടിച്ചേർത്തു.
'നല്ലിടയൻ്റെ ഞായർ' എന്നറിയപ്പെടുന്ന ഉയിർപ്പുകാലത്തിലെ നാലാം ഞായറാഴ്ച, വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ മധ്യാഹ്ന പ്രാർത്ഥനയ്ക്കായി ഒരുമിച്ചുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്ത്, അവർക്ക് സുവിശേഷ സന്ദേശം നൽകുകയായിരുന്നു മാർപാപ്പ. 'നല്ല ഇടയൻ ആടുകൾക്കു വേണ്ടി സ്വജീവൻ അർപ്പിക്കുന്നു' - ഈ വചനം സുവിശേഷഭാഗത്ത് കർത്താവ് മൂന്നു പ്രാവശ്യം ആവർത്തിക്കുന്നതായി പരിശുദ്ധ പിതാവ് ചൂണ്ടിക്കാട്ടി. സ്വന്തജീവൻ പോലും ബലിയായി നൽകി, പരിധികൾ ഇല്ലാതെയാണ് അവിടുന്ന് നാമെല്ലാവരെയും ഒരോരുത്തരെയും സ്നേഹിക്കുന്നതെന്ന് പാപ്പ എടുത്തുപറഞ്ഞു.
ക്രിസ്തുവിന്റെ കാലത്ത് ഇടയന്മാർ ഒരു ദിവസം ഏതാനും മണിക്കൂറുകൾ മാത്രം ആടുകൾക്കൊപ്പം ചെലവഴിക്കുന്നവരായിരുന്നില്ല മറിച്ച്, രാപകൽ ആടുകളെ പരിപാലിച്ച് അവയോടൊപ്പമായിരിക്കുന്നവരായിരുന്നു - മാർപാപ്പ വിശദീകരിച്ചു. ഒരു നല്ല ഇടയന് തൻ്റെ ഓരോ ആടിനെക്കുറിച്ചും വ്യക്തമായി അറിയാമായിരുന്നു. അവൻ നഷ്ടപ്പെട്ടതിനെ അന്വേഷിച്ചു കണ്ടെത്തുന്നവനും എപ്പോഴും അടുകൾക്കൊപ്പമായിരുന്ന് അവയുടെ സുരക്ഷ ഉറപ്പുവരുത്തുന്നവനുമായിരുന്നു.
ഇതുപോലെതന്നെ യേശുവും തൻ്റെ അജഗണത്തിൻ്റെ ജീവിത യാഥാർത്ഥ്യങ്ങളിൽ പങ്കുചേരുന്നവനും ഓരോ വ്യക്തിയെയും പേരുചൊല്ലിവിളിക്കുന്നവനും വഴിതെറ്റിപ്പോകുന്നവരെ അന്വേഷിച്ചു കണ്ടെത്തുന്നവനുമാണ്. അതിലുപരി, സ്വജീവൻ നമുക്കുവേണ്ടി ബലിയർപ്പിച്ചവനും ഉത്ഥാനത്തിലൂടെ തൻ്റെ ആത്മാവിനെ നമുക്ക് പകർന്നുനൽകിയവനുമാണ്' - പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു.
പരിധിയില്ലാത്ത സ്നേഹം
നല്ല ഇടയന്റെ ചിത്രം നമുക്ക് കാട്ടിത്തരുന്നത്, കർത്താവ് തന്റെ ആട്ടിൻകൂട്ടത്തിന്റെ വഴികാട്ടിയും തലവനും മാത്രമല്ല പിന്നെയോ, എല്ലാറ്റിലുമുപരി നമ്മെ ഓരോരുത്തരെയും തന്റെ ജീവൻ്റെ ജീവനായി കരുതുന്നു എന്നുകൂടിയാണ്. നാമോരോരുത്തരും അവന് പ്രധാനപ്പെട്ടവരും പകരംവയ്ക്കാനില്ലാത്തവരും സ്വന്തം ജീവന് തുല്യമായ മൂല്യമുള്ളവരുമാണ്.
വാക്കുകൾക്കപ്പുറമായി, തൻ്റെ പ്രവർത്തിയിലൂടെയാണ് അവൻ ഇത് നമുക്കു വെളിപ്പെടുത്തിയത്. തൻ്റെ ജീവൻ എനിക്കായി തന്ന് അവൻ മരണം വരിക്കുകയും പുനരുത്ഥാനം ചെയ്യുകയും ചെയ്തു. കാരണം, അവനെന്നെ സ്നേഹിക്കുകയും ഞാൻ പോലും കാണാത്ത എൻ്റെ സൗന്ദര്യത്തെ അത്രയേറെ വിലമതിക്കുകയും ചെയ്യുന്നു.
വിലമതിക്കാനാവാത്ത മൂല്യം
ഇന്ന് ഏറെപ്പേർ അപര്യാപ്തമായോ തെറ്റായോ ആണ് തങ്ങളെത്തന്നെ മനസ്സിലാക്കുന്നത്. തങ്ങൾ നേടിയെടുത്തതിന്റെ മൂല്യമോ ലോകത്തിന്റെ ദൃഷ്ടികളോ മറ്റുള്ളവരുടെ വിധിതീർപ്പുകളോ ഒക്കെയാവാം ഇതിന്റെ അടിസ്ഥാനമായി അവർ കരുതുന്നത്. എന്നാൽ യേശു നമ്മോടു പറയുന്നത്, അവന് നാം എപ്പോഴും എത്രയധികം വിലപ്പെട്ടവരാണ് എന്ന കാര്യമാണ്. അതിനാൽ നമ്മെത്തന്നെ കണ്ടെത്താനും ആനന്ദമനുഭവിക്കാനും സാധിക്കണമെങ്കിൽ കർത്താവിന്റെ സന്നിധിയിലേക്ക് നാം കടന്നുവരണം. അവൻ നമ്മെ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതും തൻ്റെ കരങ്ങളിൽ നമ്മെ എടുത്തുയർത്തുന്നതും അനുഭവിച്ചറിയാൻ നമ്മെത്തന്നെ നമുക്ക് അനുവദിക്കാം - പാപ്പാ അടിവരയിട്ടു പറഞ്ഞു.
ജീവിതരഹസ്യം കണ്ടെത്തുക
നമ്മുടെ ജീവിതങ്ങളെ പരിശോധിച്ച്, കർത്താവു നൽകുന്ന അതിരില്ലാത്ത സ്നേഹത്തിന്റെ ഉറപ്പ് സ്വീകരിച്ച്, നമ്മുടെ ജീവിതത്തിൻ്റെ മൂല്യവും അർത്ഥവും കണ്ടെത്തണമെന്ന് പാപ്പാ നിർദ്ദേശിച്ചു. കർത്താവിന്റെ സന്നിധിയിൽ ആയിരുന്നുകൊണ്ട്, പ്രാർത്ഥനയുടെയും ആരാധനയുടെയും സ്തുതിപ്പിന്റെയും കൃതജ്ഞതയുടെയും നിമിഷങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് നമുക്ക് ഇത് സാധ്യമാകുന്നത്. ഇത് നാം അനുവർത്തിക്കുകയാണെങ്കിൽ, നമ്മുടെ ജീവിതത്തിന്റെ രഹസ്യം വീണ്ടും നമുക്ക് കണ്ടെത്താനാകും.
യേശു എനിക്കായി, നിങ്ങൾക്കായി, എല്ലാവർക്കുമായി തൻ്റെ ജീവൻ അർപ്പിച്ചെന്നും നാം ഓരോരുത്തരും അവന് പ്രധാനപ്പെട്ടവരാണെന്നും അപ്പോൾ നമുക്ക് മനസ്സിലാകും. യേശുവിൽ, നമ്മുടെ ജീവിതത്തിന് അത്യന്താപേക്ഷിതമായവയെല്ലാം കണ്ടെത്താൻ പരിശുദ്ധ കന്യകാമറിയം നമ്മെ സഹായിക്കട്ടെ എന്ന പ്രാർത്ഥനയോടെ പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചു.
ദൈവവിളിക്കു വേണ്ടിയുള്ള പ്രാർത്ഥനാദിനം
ഉയിർപ്പുകാലത്തിലെ നാലാം ഞായറാഴ്ച, സഭ ദൈവവിളി വർദ്ധനവിനുവേണ്ടി പ്രാർത്ഥിക്കാനായി പ്രത്യേകം മാറ്റിവച്ചിരിക്കുന്ന ദിവസമാണെന്നും ഫ്രാൻസിസ് പാപ്പാ വിശ്വാസികളെ ഓർമ്മപ്പെടുത്തി. 'പ്രത്യാശയുടെ വിത്തുവിതയ്ക്കാനും സമാധാനം പടുത്തുയർത്താനുമായി വിളിക്കപ്പെട്ടവർ' എന്നതായിരുന്നു ഈ വർഷത്തെ ദൈവവിളി ഞായറിൻ്റെ പ്രമേയം.
നമ്മുടെ പ്രത്യേകമായ സിദ്ധികളും വിളിയും ഒരു ഓർക്കസ്ട്രയിലെന്നപോലെ സമന്വയിപ്പിച്ച് സുവിശേഷത്തിന്റെ ശുശ്രൂഷയിൽ സഭാസമൂഹം മുഴുവൻ പങ്കെടുക്കണമെന്ന് പരിശുദ്ധ പിതാവ് ഈ അവസരത്തിൽ ഓർമ്മപ്പെടുത്തി. തുടർന്ന്, റോമാ രൂപതയിൽ നിന്നുള്ള നവാഭിഷിക്തരായ വൈദികരുടെ ഒരു സംഘത്തെ പരിശുദ്ധ പിതാവ് അഭിവാദ്യം ചെയുകയും അവരുടെ പ്രാർത്ഥന അഭ്യർത്ഥിക്കുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.