ക്വീന്‍സ്‌ലന്‍ഡില്‍ മുതലയുടെ ആക്രമണത്തില്‍ 16 കാരന് ദാരുണാന്ത്യം

ക്വീന്‍സ്‌ലന്‍ഡില്‍ മുതലയുടെ ആക്രമണത്തില്‍ 16 കാരന് ദാരുണാന്ത്യം

കാന്‍ബറ: ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലന്‍ഡില്‍ മുതലയുടെ ആക്രമണത്തില്‍ 16 കാരന് ദാരുണാന്ത്യം. കെയ്ന്‍സില്‍ നിന്ന് 900 കിലോമീറ്റര്‍ അകലെയുള്ള ടോറസ് കടലിടുക്കിലെ സായ്ബായി ദ്വീപിന് സമീപമായിരുന്നു സംഭവമെന്ന് ബ്രിസ്‌ബെയ്ന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

പതിനാറും പതിമൂന്നും വയസുള്ള ബന്ധുക്കളായ കുട്ടികള്‍ സഞ്ചരിച്ച ചെറു ബോട്ട് കേടായതിനെ തുടര്‍ന്ന് ഇരുവരും തീരത്തേക്ക് തിരിച്ച് നീന്തുമ്പോഴായിരുന്നു മുതലയുടെ ആക്രമണമുണ്ടായത്. 13കാരന്‍ സുരക്ഷിതനായി തീരത്തെത്തിയപ്പോള്‍ 16കാരന്‍ അപ്രത്യക്ഷമാവുകയായിരുന്നു. ഭയന്നുപോയ 13കാരന്‍ തീരത്തെത്തിയ ഉടന്‍ വിവരം അധികൃതരെ അറിയിച്ചു. ക്വീന്‍സ്‌ലന്‍ഡ് പൊലീസിന്റെ നേതൃത്വത്തില്‍ നടന്ന തെരച്ചിലില്‍ മൃതദേഹം 12 മണിക്കൂറിന് ശേഷം സമീപത്തെ കണ്ടല്‍ക്കാട്ടില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ശരീരത്തില്‍ മുതല ആക്രമിച്ചതിന്റെ ആഴത്തിലുള്ള പാടുകള്‍ കണ്ടെത്തി.

തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കൗമാരക്കാരനെ ആക്രമിച്ചതായി കരുതുന്ന നാല് മീറ്റര്‍ നീളമുള്ള ഭീമന്‍ മുതലയെ കണ്ടെത്തി. പ്രദേശവാസികളുടെ ആവശ്യപ്രകാരം മുതലയെ ദയാവധം ചെയ്യുകയും കടലില്‍ തള്ളുകയും ചെയ്തു. 2021 ലെ സെന്‍സസ് പ്രകാരം 338 ആണ് സായിബായ് ദ്വീപിലെ ജനസംഖ്യ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26