കെ കെ ആറിനെ കൊമ്പു കുത്തിച്ച്‌ ശ്രേയസ് അയ്യരുടെ ഡൽഹി

കെ കെ ആറിനെ കൊമ്പു കുത്തിച്ച്‌ ശ്രേയസ് അയ്യരുടെ ഡൽഹി

ഷാര്‍ജ:  ഐപിഎല്ലില്‍ റണ്‍ മഴ കണ്ട 16ാമത്തെ പോരാട്ടത്തില്‍ മുന്‍ നേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനെതിരേ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വിജയം. അടിയും തിരിച്ചടിയുമെല്ലാം കണ്ട ത്രില്ലറില്‍ 18 റണ്‍സിനാണ് ശ്രേയസ് അയ്യരുടെ ഡല്‍ഹി ദിനേഷ് കാര്‍ത്തിക്കിന്റെ കെകെആറിനെ കൊമ്പുകുത്തിച്ചത്. ഇതോടെ പോയിന്റ് പട്ടികയില്‍ ഡല്‍ഹി തലപ്പത്ത് തിരിച്ചെത്തി.


ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഡല്‍ഹി നാലു വിക്കറ്റിന് 228 റണ്‍സെന്ന വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി.  കെകെആറിന്റെ മറുപടിയും ഇതേ നാണയത്തിലായിരുന്നു. പക്ഷെ എട്ടു വിക്കറ്റിനു 210 റണ്‍സില്‍ കെകെആര്‍ കീഴടങ്ങി. നിതീഷ് റാണ (58) മുന്നില്‍ നിന്ന് റണ്‍ പിന്തുടരാൻ ചുക്കാന്‍ പിടിച്ചപ്പോള്‍ ഇയോന്‍ മോര്‍ഗന്‍ (44), രാഹുല്‍ ത്രിപാഠി (36), ശുഭ്മാന്‍ ഗില്‍ (24) എന്നിവരും മികച്ച പ്രകടനം നടത്തി. 18ാം ഓവര്‍ വരെ മല്‍സരത്തില്‍ കെകെആറിനു വിജയപ്രതീക്ഷയുണ്ടായിരുന്നു. നാലു വിക്കറ്റ് ശേഷിക്കെ രണ്ടോവറില്‍ 21 റണ്‍സായിരുന്നു കെകെആറിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ നോര്‍ട്ടെയുടെ 19ാം ഓവറില്‍ അഞ്ച് റണ്‍സെടുക്കാനെ കെകെആറിനായുള്ളു. മോര്‍ഗന്റെ വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. റാണ 35 പന്തില്‍ നാലു വീതം ബൗണ്ടറികളും സിക്‌സറുമടക്കമാണ് കെകെആറിന്റെ ടോപ്‌സ്‌കോററായത്. മോര്‍ഗന്‍ വെറും 18 പന്തിലാണ് അഞ്ചു സിക്‌സറും ഒരു ബൗണ്ടറിയും പറത്തിയപ്പോള്‍ ത്രിപാഠി 16 പന്തില്‍ മൂന്നു വീതം ബൗണ്ടറികളും സിക്‌സറുകളും നേടി. ഡല്‍ഹിക്കായി ആന്‍ റിച്ച് നോര്‍ട്ടെ മൂന്നു വിക്കറ്റെടുത്തപ്പോള്‍ ഹര്‍ഷല്‍ പട്ടേലിനു രണ്ടു വിക്കറ്റ് ലഭിച്ചു.


ടോസ് ലഭിച്ച കെകെആര്‍ ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക് എതിരാളികളെ ബാറ്റിങിന് അയക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തില്‍ വിജയിച്ച ടീമില്‍ ഒരു മാറ്റവുമായാണ് കെകെആര്‍ ഇറങ്ങിയത്. കുല്‍ദീപ് യാദവിനെ ഒഴിവാക്കി രാഹുല്‍ ത്രിപാഠിയെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി. ഡല്‍ഹി ടീമില്‍ രണ്ടു മാറ്റങ്ങളുണ്ടായിരുന്നു. പരിക്കു ഭേദമായി ആര്‍ അശ്വിന്‍ മടങ്ങിയെത്തിയപ്പോള്‍ അക്ഷര്‍ പട്ടേല്‍ പുറത്തായി. ഇഷാന്ത് ശര്‍മയ്ക്കു പകരം ഹര്‍ഷല്‍ പട്ടേലും കളിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.