മണിപ്പൂര്‍ കലാപം: മെയ് മൂന്നിനും നവംബര്‍ 15 നും ഇടയില്‍ കൊല്ലപ്പെട്ടത് 175 പേര്‍, നാടുവിട്ടത് 60,000 പേര്‍; അമേരിക്കന്‍ വിദേശകാര്യ വകുപ്പ്

 മണിപ്പൂര്‍ കലാപം: മെയ് മൂന്നിനും നവംബര്‍ 15 നും ഇടയില്‍ കൊല്ലപ്പെട്ടത് 175 പേര്‍, നാടുവിട്ടത് 60,000 പേര്‍; അമേരിക്കന്‍ വിദേശകാര്യ വകുപ്പ്

ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപത്തില്‍ മെയ് മൂന്നിനും നവംബര്‍ 15 നും ഇടയില്‍ 175 പേര്‍ കൊല്ലപ്പെട്ടതായി അമേരിക്കന്‍ വിദേശകാര്യ വകുപ്പിന്റെ റിപ്പോര്‍ട്ട്. അറുപതിനായിരം പേര്‍ക്ക് സ്വന്തം നാട്ടില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്നതായും വിവിധ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

അക്രമം തടയുന്നതിലും ഉദ്യോഗസ്ഥരെ നിയോഗിച്ച് അന്വേഷിക്കുന്നതിലും മാനുഷിക സഹായമെത്തിക്കുന്നതിലും വീടുകളും ആരാധനാലയങ്ങളും പുനര്‍നിര്‍മിച്ചു നല്‍കുന്നതിലും കേന്ദ്ര സര്‍ക്കാരിനും മണിപ്പൂര്‍ സര്‍ക്കാരിനുമുണ്ടായ വീഴ്ചകളെ സുപ്രീം കോടതി വിമര്‍ശിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ബ്യൂറോ ഓഫ് ഡെമോക്രസി, ഹ്യൂമന്‍ റൈറ്റ്സ് ആന്‍ഡ് ലേബര്‍ വിഭാഗമാണ് 2023ലെ കണ്‍ട്രി റിപ്പോര്‍ട്ട്സ് ഓണ്‍ ഹ്യൂമന്‍ റൈറ്റ്സ് പ്രാക്ടീസസ് പുറത്തു വിട്ടത്. വിവിധ രാജ്യങ്ങളിലെ മനുഷ്യാവകാശ വിഷയങ്ങളാണ് റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. മാധ്യമങ്ങള്‍, പൗര സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

ഇത്തരം റിപ്പോര്‍ട്ടുകള്‍ക്കെതിരേ നേരത്തേ ഇന്ത്യ കടുത്ത വിമര്‍ശനമുയര്‍ത്തിയിരുന്നു. ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനായി വസ്തുതാ വിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ പുറത്തു വിടുന്നെന്നായിരുന്നു സര്‍ക്കാര്‍ പ്രതികരണം. രാജ്യത്ത് പൗര സംഘടനകള്‍, മുസ്ലീം, സിഖ് തുടങ്ങിയ മത ന്യൂനപക്ഷങ്ങള്‍, പ്രതിപക്ഷ പാര്‍ട്ടികള്‍ തുടങ്ങിയവയ്‌ക്കെതിരേ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന തന്ത്രം പ്രയോഗിക്കുകയും ഇവര്‍ക്കുനേരേ സുരക്ഷാ ഭീഷണി ഉയര്‍ത്തുകയും ചെയ്യുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ നടത്തിയ ആദായ നികുതി റെയ്ഡുകളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളുണ്ട്. റെയ്ഡിന് ഔദ്യോഗിക കാരണമായി ചൂണ്ടിക്കാട്ടിയത് നികുതിയടയ്ക്കുന്നതിലെ വീഴ്ചകളാണ്. എന്നാല്‍, വിഷയവുമായി ഒരു ബന്ധവുമില്ലാത്ത മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും തിരച്ചില്‍ നടത്തുകയും ചെയ്‌തെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ജമ്മുകശ്മീരില്‍ പത്ര പ്രവര്‍ത്തകര്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും നേരേ നടക്കുന്ന പല തരത്തിലുള്ള അന്വേഷണങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് പ്രതിപാദിക്കുന്നുണ്ട്. അതേസമയം ഇന്ത്യയും അമേരിക്കയും തമ്മില്‍ ജനാധിപത്യം, മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങളില്‍ നിരന്തരം ബന്ധപ്പെടുകയും ചര്‍ച്ച നടത്തുകയും ചെയ്യുന്നുണ്ടെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ബ്യൂറോ ഓഫ് ഡെമോക്രസി വിഭാഗത്തിലെ ഉന്നതോദ്യോഗസ്ഥന്‍ റോബര്‍ട്ട് എസ്. ഗില്‍ക്രൈസ്റ്റ് വാഷിങ്ടണില്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.