കൊട്ടിക്കയറി കലാശം: പലയിടത്തും സംഘര്‍ഷം; നാല് ജില്ലകളില്‍ നിരോധനാജ്ഞ

കൊട്ടിക്കയറി കലാശം: പലയിടത്തും സംഘര്‍ഷം; നാല് ജില്ലകളില്‍ നിരോധനാജ്ഞ

ഇനിയുള്ള 48 മണിക്കൂര്‍ നിശബ്ദ പ്രചാരണം. വോട്ടെടുപ്പ് വെള്ളിയാഴ്ച രാവിലെ ഏഴ് മുതല്‍.

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം ആവേശമാക്കി മുന്നണികള്‍. വൈകുന്നേരം കൃത്യം ആറിന് പരസ്യ പ്രചാരണം സമാപിച്ചു. വെള്ളിയാഴ്ച വോട്ടെടുപ്പ് കഴിയുന്നത് വരെ ഇനിയുള്ള 48 മണിക്കൂറുകളില്‍ നിശബ്ദ പ്രചാരണം.

പരസ്യ പ്രചാരണത്തിന്റെ കൊട്ടിക്കലാശമായി 20 മണ്ഡലങ്ങളിലെയും പ്രധാന കേന്ദ്രങ്ങളിലെല്ലാം പാര്‍ട്ടികളുടെ പ്രകടനങ്ങളും റോഡ്ഷോകളും അരങ്ങേറി. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ അഭാവത്തില്‍ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു റോഡ് ഷോയും കലാശക്കൊട്ടും.

തിരുവനന്തപുരം, തൃശൂര്‍, കാസര്‍കോട്, പത്തനംതിട്ട ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് വൈകുന്നേരം ആറ് മുതല്‍ ശനിയാഴ്ച വരെയാണ് നിരോധനാജ്ഞ. പത്തനംതിട്ടയില്‍ നാളെ വൈകുന്നേരം ആറ് മണി മുതലാണ് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

സംഘര്‍ഷം ഒഴിവാക്കാന്‍ പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയതിന് പുറമേ അതാത് മുന്നണികള്‍ക്കുള്ള കലാശക്കൊട്ട് കേന്ദ്രങ്ങളും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിശ്ചയിച്ച് നല്‍കിയിരുന്നു. എന്നാലും പലയിടത്തും സംഘര്‍ഷങ്ങള്‍ ഉടലെടുത്തു. മലപ്പുറത്ത് യുഡിഎഫ്-എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.

തിരുവനന്തപുരം പേരൂര്‍ക്കടയില്‍ എല്‍ഡിഎഫ്-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. ഇടുക്കി തൊടുപുഴയില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലും വാക്കേറ്റമുണ്ടായി.

കല്‍പ്പറ്റയില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരും ഡിഎംകെ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഡിഎംകെ പ്രവര്‍ത്തകരുടെ കൊടികള്‍ വലിച്ചുകീറിയതാണ് കാരണം. പൊലീസ് ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു. ഡിഎംകെ പ്രവര്‍ത്തകര്‍ യുഡിഎഫിന്റെ കലാശക്കൊട്ടില്‍ പങ്കെടുത്തിരുന്നു.

ചാലക്കുടി മണ്ഡലത്തിലെ പെരുമ്പാവൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ആലപ്പുഴ മണ്ഡലത്തിലെ കായംകുളത്തും ഇടത്-വലത് മുന്നണികള്‍ ഏറ്റുമുട്ടി. പ്രവര്‍ത്തകര്‍ പരസ്പരം നടത്തിയ കല്ലേറില്‍ സി.ആര്‍ മഹേഷ് എംഎല്‍എയ്ക്കും നാല് പൊലീസുകാര്‍ക്കും പരിക്കേറ്റു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.