കേരളം നാളെ പോളിങ് ബൂത്തിലേയ്ക്ക്; സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി

 കേരളം നാളെ പോളിങ് ബൂത്തിലേയ്ക്ക്; സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും. രണ്ടാം ഘട്ടമായ നാളെ കേരളത്തിലെ 20 മണ്ഡലങ്ങളടക്കം രാജ്യത്ത് 88 മണ്ഡലങ്ങളാണ് വിധിയെഴുതുക. കേരളത്തിനു പുറമെ 12 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നാളെ വോട്ടെടുപ്പ് നടക്കും.

നാളെ രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ്. പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മുതല്‍ ആരംഭിക്കും. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.

40 ദിവസം നീണ്ട പരസ്യ പ്രചാരണത്തിന് ഇന്നലെ ആയിരുന്നു കൊട്ടിക്കലാശം. ഇന്ന് നിശബ്ദ പ്രചാരണമാണ്. അവസാന മണിക്കൂറിലും വോട്ടുറപ്പിക്കാനുള്ള നീക്കത്തിലാണ് മൂന്ന് മുന്നണികളും. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. 25231 ബൂത്തുകളിലായി 2.77 കോടി വോട്ടര്‍മാരാണ് സമ്മതിദാന അവകാശം ഉപയോഗിക്കുക.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, തൃശൂര്‍, കാസര്‍കോട്, പത്തനംതിട്ട ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നലെ വൈകുന്നേരം ആറ് മണി മുതല്‍ ശനിയാഴ്ച വരെയാണ് നിരോധനാജ്ഞ. പത്തനംതിട്ടയില്‍ ഇന്ന് വൈകുന്നേരം ആറ് മുതലാണ് ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള പൊലീസ് വിന്യാസമാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ക്രമസമാധാന പാലനത്തിനായി രണ്ടു വീതം പട്രോളിങ് ടീമുകളും ഉണ്ടായിരിക്കും.

സംസ്ഥാനത്ത് 41,976 പൊലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിരിക്കുന്നത്. 183 ഡിവൈഎസ്പിമാരും 100 ഇന്‍സ്പെക്ടര്‍മാരും സബ് ഇന്‍സ്പെക്ടര്‍, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ തസ്തികയിലുള്ള 4,540 പേരും തിരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കും. 23,932 സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരും ആംഡ് പൊലീസ് ബറ്റാലിയനില്‍ നിന്നുള്ള 4,383 പൊലീസ് ഉദ്യോഗസ്ഥരും വിവിധ കേന്ദ്ര സേനകളില്‍ നിന്ന് 4,464 ഉദ്യോഗസ്ഥരും സുരക്ഷാ ചുമതല നിര്‍വഹിക്കും.

ഹോം ഗാര്‍ഡില്‍ നിന്ന് 2,874 പേരെയും തമിഴ്നാട് പൊലീസില്‍ നിന്ന് 1,500 പേരെയും നിയോഗിച്ചിട്ടുണ്ട്. കൂടാതെ 24,327 സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരും ഡ്യൂട്ടിയില്‍ ഉണ്ടാകും. ദ്രുതകര്‍മ്മ സേനയുടെ ഒരു സംഘം വീതം എല്ലാ സ്റ്റേഷന്‍ പരിധിയിലും ഉണ്ടായിരിക്കും. പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് ഗ്രൂപ്പ് പട്രോള്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളില്‍ കേന്ദ്രസേനയെ ഉള്‍പ്പെടുത്തിയാണ് സുരക്ഷാ നടപടി .

എഡിജിപി എം.ആര്‍ അജിത് കുമാര്‍ ആണ് പൊലീസ് വിന്യാസത്തിന്റെ സംസ്ഥാനതല നോഡല്‍ ഓഫീസര്‍. പൊലീസ് ആസ്ഥാനത്തെ ഐജി ഹര്‍ഷിത അട്ടലൂരി അസിസ്റ്റന്റ് പൊലീസ് നോഡല്‍ ഓഫീസറാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.