സിഡ്‌നി ഭീകരാക്രമണം: 'എക്‌സി'ന്റെ നിയമ പോരാട്ടത്തെ പിന്തുണച്ച് ആക്രമണത്തിനിരയായ ബിഷപ്പ്; ദൃശ്യങ്ങള്‍ സമൂഹമാധ്യത്തില്‍ നിലനിര്‍ത്തണമെന്ന് ആവശ്യം

സിഡ്‌നി ഭീകരാക്രമണം: 'എക്‌സി'ന്റെ നിയമ പോരാട്ടത്തെ പിന്തുണച്ച് ആക്രമണത്തിനിരയായ ബിഷപ്പ്; ദൃശ്യങ്ങള്‍ സമൂഹമാധ്യത്തില്‍ നിലനിര്‍ത്തണമെന്ന് ആവശ്യം

സിഡ്‌നി: അസീറിയന്‍ ഓര്‍ത്തഡോക്സ് ബിഷപ്പിനെ ശുശ്രൂഷയ്ക്കിടെ കൗമാരക്കാരന്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യത്തില്‍ നിലനിര്‍ത്താനുള്ള 'എക്‌സി'ന്റെ നിയമപോരാട്ടത്തിന് പിന്തുണയുമായി ആക്രമണത്തിനിരയായ മാര്‍ മാറി ഇമ്മാനുവല്‍.

സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച, ബിഷപ്പിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ആഗോള തലത്തില്‍ നീക്കം ചെയ്യണമെന്ന് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ കോടതി ഉത്തരവിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ദൃശ്യങ്ങള്‍ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് സത്യവാങ്മൂലം നല്‍കിയതെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമമായ എ.ബി.സി റിപ്പോര്‍ട്ട് ചെയ്തു.

ഏപ്രില്‍ 15-നാണ് സിഡ്നിയിലെ വേക്ലിയിലുള്ള ക്രൈസ്റ്റ് ദി ഗുഡ് ഷെപ്പേര്‍ഡ് പള്ളിയില്‍ വെച്ച് ബിഷപ് ആക്രമിക്കപ്പെട്ടത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഇതിന് പിന്നാലെ വീഡിയോ 24 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണമെന്ന് ഓസ്ട്രേലിയന്‍ ഇ സേഫ്റ്റി കമ്മിഷണര്‍ ജൂലി ഇന്‍മാന്‍ എക്സിനും മെറ്റയ്ക്കും നിര്‍ദേശം നല്‍കി. ഇതോടെ ഓസ്ട്രേലിയയില്‍ വീഡിയോ എക്സ് നീക്കം ചെയ്തു.

എന്നാല്‍ ലോകം മുഴുവന്‍ വീഡിയോയ്ക്ക് താല്‍കാലിക വിലക്കേര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് ഇ-സേഫ്റ്റി കമ്മിഷണര്‍ കോടതിയെ സമീപിച്ചു. ലോകം മുഴുവന്‍ വീഡിയോ പിന്‍വലിക്കണമെന്ന് നിര്‍ദേശിക്കാന്‍ ഇ-സേഫ്റ്റി കമ്മിഷണര്‍ക്ക് അധികാരമില്ലെന്ന് പറഞ്ഞ് എക്‌സിന്റെ ഉടമ ഇലോണ്‍ മസ്‌കും വെല്ലുവിളിച്ചതോടെ നിയമപോരാട്ടം രാജ്യാന്തര ശ്രദ്ധ നേടി. പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ എക്‌സിന്റെ നിലപാടിനെ അപലപിച്ചപ്പോഴാണ് അപ്രതീക്ഷിത നീക്കവുമായി ബിഷപ്പ് മുന്നോട്ടുവന്നത്.

അതേസമയം, പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍ ഉള്ളടക്കത്തിന്റെ ആഗോള നിരോധനത്തെ എതിര്‍ത്ത് രംഗത്തുവന്നു. ബിഷപ്പിന് കുത്തേറ്റതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യാനുള്ള ഇ-സേഫ്റ്റി കമ്മിഷണറുടെ ശ്രമം വിഡ്ഢിത്തമാണെന്നാണ് പീറ്റര്‍ ഡട്ടണ്‍ വിശേഷിപ്പിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച്ച മണിക്കൂറുകള്‍ നീണ്ട വാദം കേള്‍ക്കലിനൊടുവില്‍ ബുധനാഴ്ച വരെ വീഡിയോ താല്‍ക്കാലികമായി ബ്ലോക്ക് ചെയ്യാന്‍ കോടതി ഉത്തരവിട്ടു. പിന്നീട് വിലക്ക് മെയ് 10 വരെ നീട്ടി.

ബിഷപ്പ് ഇമ്മാനുവലില്‍ നിന്ന് ലഭിച്ച സത്യവാങ്മൂലം മെയ് പത്തിന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ കോടതിയില്‍ അവതരിപ്പിക്കുമെന്ന് എക്‌സിന്റെ പ്രതിനിധി അറിയിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിനും സെന്‍സര്‍ഷിപ്പിനും എതിരായ പ്രതിരോധത്തിന്റെ ഭാഗമായാണ് ബിഷപ്പിന്റെ രേഖാ മൂലമുള്ള പ്രസ്താവന കോടതിയില്‍ സമര്‍പ്പിക്കുന്നതെന്നും എക്‌സ് പ്രതിനിധി പറഞ്ഞു.

ഓസ്ട്രേലിയയിലെ മാത്രമല്ല ലോകമെമ്പാടുമുള്ള ഉള്ളടക്കം നീക്കം ചെയ്യാന്‍ ആവശ്യപ്പെടുന്ന ഫെഡറല്‍ സര്‍ക്കാരിന്റെ 'അമിത അധികാര പ്രയോഗത്തി'ന് നിയമസാധുത ഇല്ലെന്നാണ് എക്‌സിന്റെ വാദം.

അതേസമയം, തീവ്രവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതിനായി ഓസ്ട്രേലിയയിലെ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിന് വീഡിയോ ഉപയോഗിക്കാമെന്ന ആശങ്കയാണ് മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ പങ്കുവയ്ക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.