സംസ്ഥാനത്ത് 66% പോളിങ് @ 5.30: കൂടുതല്‍ കണ്ണൂരില്‍; കുറവ് പൊന്നാനിയില്‍

 സംസ്ഥാനത്ത് 66%  പോളിങ് @ 5.30: കൂടുതല്‍ കണ്ണൂരില്‍; കുറവ് പൊന്നാനിയില്‍

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പോളിങ് വൈകുന്നേരം 5.30 ആയപ്പോള്‍ 66 ശതമാനത്തിലെത്തി. കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ പോളിങ്- 68.52 ശതമാനം. പൊന്നാനിയിലാണ് കുറവ്- 57.69 ശതമാനം.

രാവിലെ ഏഴുമുതല്‍ മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയായിരുന്നു. കടുത്ത ചൂട് കാരണം പലരും രാവിലെ തന്നെയെത്തി വോട്ട് രേഖപ്പെടുത്താന്‍ തീരുമാനിച്ചതോടെ പല ബൂത്തുകളിലും തിരക്ക് കൂടി.

സ്ഥാനാര്‍ത്ഥികളില്‍ ഭൂരിഭാഗവും രാവിലെ തന്നെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍, മന്ത്രിമാരായ ജെ.ചിഞ്ചുറാണി, വി.അബ്ദുറഹിമാന്‍, എം.ബി.രാജേഷ്, കൃഷ്ണന്‍കുട്ടി, കെ.രാധാകൃഷ്ണന്‍, വീണാ ജോര്‍ജ്, പി.പ്രസാദ്, സിനിമാ താരങ്ങളായ ടൊവിനോ തോമസ്, ഫഹദ് ഫാസില്‍, ശ്രീനിവാസന്‍ തുടങ്ങിയവരും ആദ്യ മണിക്കൂറുകളില്‍ പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്തു.

പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടെടുപ്പിന് 66,303 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. 30,238 വോട്ടിങ് യന്ത്രങ്ങള്‍, 30,238 ബാലറ്റ് യൂണിറ്റുകള്‍, 30,238 കണ്‍ട്രോള്‍ യൂണിറ്റുകള്‍, 32,698 വിവി പാറ്റുകള്‍ എന്നിങ്ങനെയാണ് ക്രമീകരിച്ചിട്ടുള്ളത്. .

രാജ്യത്തെ 88 ലോക്‌സഭാ മണ്ഡലങ്ങളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. കേരളം (20), കര്‍ണാടക (14), രാജസ്ഥാന്‍ (13), മഹാരാഷ്ട്ര (8), ഉത്തര്‍പ്രദേശ് (8), മധ്യപ്രദേശ് (7), അസം (5), ബിഹാര്‍ (5), ഛത്തീസ്ഗഡ് (3), പശ്ചിമ ബംഗാള്‍ (3), മണിപ്പുര്‍, ത്രിപുര, ജമ്മു ആന്‍ഡ് കശ്മീര്‍(ഓരോ സീറ്റു വീതം) എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ്.

ഏഴ് ഘട്ടമായി നടക്കുന്ന വോട്ടെടുപ്പിന്റെ ആദ്യഘട്ടം ഈ മാസം 19 ന് കഴിഞ്ഞിരുന്നു. 21 സംസ്ഥാനങ്ങളിലെ 102 സീറ്റുകള്‍ അന്ന് വിധിയെഴുതി. 65.5 ശതമാനമായിരുന്നു പോളിങ്. മെയ് ഏഴിനാണ് മൂന്നാം ഘട്ട വോട്ടെടുപ്പ്. 12 സംസ്ഥാനങ്ങളിലെ 94 സീറ്റുകള്‍ അന്ന് വിധിയെഴുതും.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.