ഗൂഗിളിന്റെ എഐ ചാറ്റ് ബോട്ടായ 'ജെമിനി' ഇപ്പോള്‍ പഴയ ആന്‍ഡ്രോയിഡ് വേര്‍ഷനുകളിലും ലഭ്യമാക്കിയിരിക്കുകയാണ് കമ്പനി. ജെമിനിയുടെ ഏറ്റവും പുതിയ പതിപ്പ് ആന്‍ഡ്രോയിഡ് 10, ആന്‍ഡ്രോയിഡ് 11 വേര്‍ഷനുകളിലും പ്രവര്‍ത്തിക്കുന്ന തരത്തിലാണ് പുറത്തിറങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്.
എഐ സാങ്കേതിക വിദ്യയില്‍ വിപ്ലവം സൃഷ്ടിച്ച ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിയോട് മത്സരിക്കാനാണ് ഗൂഗിള്‍ ജെമിനിയെ അവതരിപ്പിച്ചത്. ഗൂഗിള്‍ ബാര്‍ഡ് എന്ന ചാറ്റ് ബോട്ട് കമ്പനി അവതരിപ്പിച്ചെങ്കിലും ചാറ്റ് ജിപിടിയുടെ സ്വീകാര്യത ബാര്‍ഡിന് ലഭിച്ചിരുന്നില്ല. ആ ഘട്ടത്തിലാണ് പരിഷ്‌കരിച്ച ചാറ്റ് ബോട്ടായ ജെമിനിയെ അവതരിപ്പിച്ചത്.
ആദ്യ കാലങ്ങളില്‍ മിക്ക ആന്‍ഡ്രോയിഡ് ഉപകരണങ്ങളിലും ജെമിനി ലഭ്യമായിരുന്നു. അടുത്തിടെയാണ് ആന്‍ഡ്രോയിഡ് 12 നും മുകളിലേക്കും മാത്രമുള്ള വേര്‍ഷനുകളിലേക്ക് സേവനം കമ്പനി പരിമിതപ്പെടുത്തിയത്. ഇതിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.
ജെമിനി എങ്ങനെ ലഭ്യമാകും :
ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ജെമിനിയുടെ ലിസ്റ്റിങ് ഈ മാറ്റം വ്യക്തമാക്കുന്നുണ്ട്. പഴയ ഫോണ്‍ ഉപയോഗിക്കുന്ന ദശലക്ഷക്കണക്കിന് ഉപയോക്താക്കള്‍ക്കും ഇപ്പോള്‍ ജെമിനി ലഭ്യമാകും. എന്നാല്‍ ജെമിനി ആപ്പിന്റെ ഔദ്യോഗിക പേജില്‍ ഇപ്പോഴും ആപ്പ് ഉപയോഗിക്കാന്‍ ആന്‍ഡ്രോയിഡ് 12 അതല്ലെങ്കല്‍ പുതിയ വേര്‍ഷനോ വേണമെന്നാണ് പറയുന്നത്.
ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് കഴിഞ്ഞാല്‍ ഗൂഗിള്‍ അസിസ്റ്റന്റിന് പകരം ഗൂഗിള്‍ ജെമിനിയാകും ഫോണില്‍ ഉണ്ടാകുക. കഴിഞ്ഞ കുറച്ച് മാസങ്ങളായി ജെമിനിയിലേക്ക് പുതിയ ഫീച്ചറുകള്‍ കൊണ്ടുവരുന്നതില്‍ ഗൂഗിള്‍ നിരന്തരം പരിശ്രമിക്കുന്നുണ്ട്. ആന്‍ഡ്രോയിഡിന് വേണ്ടിയുള്ള ജെമിനി എഐയില്‍ ഉടന്‍ തന്നെ ചാറ്റ് ജിപിടി പോലുള്ള ഇന്‍സ്റ്റന്റ് പ്രതികരണങ്ങള്‍ ലഭ്യമാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഐ ഫോണുകളില്‍ ഗൂഗിളിന്റെ എഐ ചാറ്റ്ബോട്ട് ഉപയോഗിക്കുന്നതില്‍ ആപ്പിളിനും താത്പര്യമുണ്ടെന്നാണ് സൂചന. അങ്ങനെയെങ്കില്‍ മത്സരാധിഷ്ഠിത എഐ വ്യവസായത്തിന് ഭാവിയില്‍ വിപ്ലവകരമായ പല മാറ്റങ്ങളും കൊണ്ടു വരാന്‍ കഴിയും.
ചാറ്റ് ജിപിടിയെ ഉപയോക്താക്കളിലേക്ക് എത്തിച്ച ഓപ്പണ്‍ എഐ കമ്പനി തന്നെയാണ് നിലവില്‍ ഈ രംഗത്ത് മുന്‍പന്തിയിലുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.