6900 വര്‍ഷങ്ങളുടെ പഴക്കം; ഗുജറാത്തില്‍ ഉല്‍ക്ക വീണുണ്ടായ ഗര്‍ത്തത്തിന്റെ ചിത്രം പകര്‍ത്തി നാസ

6900 വര്‍ഷങ്ങളുടെ പഴക്കം; ഗുജറാത്തില്‍ ഉല്‍ക്ക വീണുണ്ടായ ഗര്‍ത്തത്തിന്റെ ചിത്രം പകര്‍ത്തി നാസ

അഹമ്മദാബാദ്: ഗുജറാത്തിലെ ബന്നി സമതലത്തില്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉള്‍ക്ക വീണ് സൃഷ്ടിക്കപ്പെട്ട ഗര്‍ത്തം കണ്ടെത്തി നാസ. നാസയുടെ ലാന്റ്സാറ്റ് 8 ഉപഗ്രഹമാണ് ഇത് കണ്ടെത്തിയത്. ഗര്‍ത്തത്തെപ്പറ്റി ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ക്ക് സൂചനയുണ്ടായിരുന്നുവെങ്കിലും സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഉപഗ്രഹ ചിത്രത്തിന്റെ സഹായത്തോടെ പ്രദേശത്തിന്റെ ഘടന വിശകലനം ചെയ്യുകയും ലൂണ ഇംപാക്ട് ക്രേറ്റര്‍ എന്ന് പേരിട്ടിട്ടുള്ള ഗര്‍ത്തം ഉല്‍ക്കാ പതനത്തെ തുടര്‍ന്നുണ്ടായതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തത്. ഗര്‍ത്തത്തിന് 6900 വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

ഗര്‍ത്തം സ്ഥിതി ചെയ്യുന്നതിന് സമീപത്തെ ലൂണ ഗ്രാമത്തിന്റെ പേരാണിത്. ലാന്റ്സാറ്റ് 8 ഉപഗ്രഹത്തിലെ ഓപ്പറേഷണല്‍ ലാന്റ് ഇമേജര്‍ ഉപകരണമാണ് 2024 ഫെബ്രുവരി 24 ന് ഗര്‍ത്തത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത്. ഏകദേശം 1.8 കിലോമീറ്റര്‍ വ്യാസമുള്ള ഗര്‍ത്തത്തിന് 20 അടി താഴ്ചയുണ്ട്.

ഗുജറാത്തിലെ ബന്നി സമതലത്തില്‍ സ്ഥിതി ചെയ്യുന്ന ലൂണ ഗര്‍ത്തത്തിന് വടക്ക് ഭാഗത്താണ് ഏറ്റവും വലിയ ഉപ്പ് മരുഭൂമികളില്‍ ഒന്നായ റാന്‍ ഓഫ് കച്ച് സ്ഥിതി ചെയ്യുന്നത്. ആഴമുള്ളതിനാല്‍ പലപ്പോഴും ഇതില്‍ വെള്ളം ശേഖരിക്കപ്പെടാറുണ്ട്.

2022 മെയിലെ ഒരു വരള്‍ച്ചക്കാലത്ത് ശാസ്ത്രജ്ഞര്‍ ഇവിടം സന്ദര്‍ശിച്ചിക്കുകയും സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. ഉല്‍ക്കാ പതനത്തെ തുടര്‍ന്നുണ്ടായ അതിഭീമമായ ചൂടില്‍ സൃഷ്ടിക്കപ്പെട്ട അപൂര്‍വ ധാതുക്കളും ഇവിടെയുണ്ട്.

ഹാരപ്പന്‍ സംസ്‌കാരം നിലനിന്നിരുന്ന മേഖലയ്ക്കടുത്താണ് ഈ ഗര്‍ത്തം സ്ഥിതി ചെയ്യുന്നത്. ബിസി 3300-ബിസി 1500 കാലഘട്ടങ്ങള്‍ക്കിടയിലാണ് വെങ്കലയുഗ സംസ്‌കാരമായ സിന്ധൂനദീതട സംസ്‌കാരം നിലനിന്നിരുന്നത്.

അതായത് 5000 ല്‍ ഏറെ വര്‍ഷങ്ങളുടെ പഴക്കം ഹാരപ്പന്‍ സംസ്‌കാരത്തിനുണ്ട്. എന്തായാലും ഉല്‍ക്കാ പതന കാലത്തെ ഈ പ്രദേശത്തെ മനുഷ്യ സാന്നിധ്യവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങളില്ല.

ഭൂമിയില്‍ ഇത്തരത്തില്‍ ഉല്‍ക്കാ പതനത്തിലൂടെയുള്ള ഗര്‍ത്തങ്ങള്‍ അപൂര്‍വ്വമാണ്. അതിനാല്‍ ലൂണ ഗര്‍ത്തത്തം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. ഭൂമിയില്‍ ഇതുവരെ 200 ല്‍ താഴെ ഗര്‍ത്തങ്ങളെ സ്ഥിരീകരിച്ചിട്ടുള്ളൂ. ഭൂമിയുടെ അന്തരീക്ഷം കടന്നെത്തുന്ന ഉല്‍ക്കങ്ങളില്‍ ഭൂരിഭാഗവും കടലില്‍ പതിക്കുന്നതാണ് ഇതിനുള്ള പ്രധാന കാരണം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.