പാരിസ്ഥിതികവും മാനുഷികവുമായ പൈതൃകങ്ങൾ സംരക്ഷിക്കപ്പെടണം; പൊതുഭവനം പരിപാലിക്കപ്പെടണം എന്ന ആഹ്വാനം ആവർത്തിച്ച് വെനീസിൽ നിന്ന് മാർപാപ്പയുടെ ഞായറാഴ്ച സന്ദേശം

പാരിസ്ഥിതികവും മാനുഷികവുമായ പൈതൃകങ്ങൾ സംരക്ഷിക്കപ്പെടണം; പൊതുഭവനം പരിപാലിക്കപ്പെടണം എന്ന ആഹ്വാനം ആവർത്തിച്ച് വെനീസിൽ നിന്ന് മാർപാപ്പയുടെ ഞായറാഴ്ച സന്ദേശം

വെനീസ്: പരസ്പരമുള്ള കൂടിക്കാഴ്ചകൾക്കും അംഗീകാരങ്ങൾക്കും നമ്മുടെ പൊതു ഭവനമായ ഭൂമിയുടെ സംരക്ഷണത്തിനും വേണ്ടി ശബ്ദമുയർത്തി ഫ്രാൻസിസ് മാർപാപ്പ. ഏറ്റവും അവസാനത്തെയാൾ മുതൽ എല്ലാവർക്കും പ്രകൃതിയുടെ സൗന്ദര്യം അനുഭവവേദ്യമാക്കാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടണമെന്നും നമ്മുടെ സാഹോദര്യത്തിന്റെയും പൊതു ഭവനത്തോടുള്ള കരുതലിന്റെയും അടയാളമാണ് ഇതെന്നും പാപ്പ അഭിപ്രായപ്പെട്ടു.

ഞായറാഴ്ച വെനീസിലെ പ്രൗഢമായ സെൻ്റ് മാർക്സ് സ്ക്വയറിൽ ഒരുമിച്ചു കൂടിയ പതിനായിരത്തിലധികം വിശ്വാസികൾക്കുവേണ്ടി വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു പാപ്പാ. വെനീസിലേക്കുള്ള തൻ്റെ അർദ്ധദിന സന്ദർശന പരിപാടിയുടെ അവസാനമാണ് മാർപാപ്പയുടെ മുഖ്യകാർമികത്വത്തിൽ സെന്റ് മാർക്സ് സ്ക്വയറിൽ വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടത്. എല്ലാവർക്കും സംലഭ്യമായ പ്രകൃതി സൗന്ദര്യത്തിൻ്റെ ഒരടയാളമായിട്ടാണ് വെനീസ് നഗരം അറിയപ്പെടുന്നതെന്ന് കുർബാനമധ്യേ നൽകിയ സന്ദേശത്തിൽ മാർപാപ്പ പറഞ്ഞു.

'ക്രിസ്തുവിൻ്റെ സ്നേഹത്തിൽ ഒരുമയോടെ നിലകൊള്ളുക' എന്നതാണ് സന്ദർശനത്തിന്റെ പ്രമേയമെന്ന് പരിശുദ്ധ പിതാവ് അനുസ്മരിച്ചു. ക്രിസ്തുവിൽ ഐക്യപ്പെട്ട് നിലകൊള്ളുമ്പോൾ മാത്രമേ സുവിശേഷത്തിന്റെ ഫലങ്ങളെ നമ്മുടെ ജീവിതയാഥാർത്ഥ്യങ്ങളിലേക്ക് കൊണ്ടുവരാൻ നമുക്ക് കഴിയൂ. അവ നീതിയുടെയും സമാധാനത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും പരസ്പരമുള്ള കരുതലിന്റെയും ഫലങ്ങളാണ്. പാരിസ്ഥിതികവും മാനുഷികവുമായ നമ്മുടെ പൈതൃകങ്ങളെ സംരക്ഷിക്കാനുതകുന്ന ഉചിതമായ നടപടികൾ സ്വീകരിക്കാൻ അവയിലൂടെയാണ് നമുക്ക് സാധിക്കുകയെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

നമ്മുടെ ക്രിസ്തീയ സമൂഹങ്ങളും അയൽപക്ക ബന്ധങ്ങളും നഗരങ്ങളും കൂടുതൽ സ്വാഗതമരുളുന്നതും ഉൾക്കൊള്ളുന്നതും ആഥിത്യമര്യാദയുള്ളതുമായി രൂപപ്പെടണമെന്ന് മാർപാപ്പ ഓർമ്മപ്പെടുത്തി.
യോഹന്നാന്റെ സുവിശേഷത്തിൽ യേശുവിനെ മുന്തിരിച്ചെടിയായും അവനിൽ വിശ്വസിക്കുന്നവരെ അതിൻ്റെ ശാഖകളായും ചിത്രീകരിച്ചിരിക്കുന്നതിനെ ആധാരമാക്കിയാണ് പരിശുദ്ധ പിതാവ് തൻ്റെ സന്ദേശം തുടർന്നത്. 'ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്. ആര് എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ അവന്‍ ഏറെ ഫലം പുറപ്പെടുവിക്കുന്നു' (യോഹന്നാന്‍ 15 : 5) കർത്താവുമായുള്ള നമ്മുടെ ബന്ധം ഒരിക്കലും വിച്ഛേദിക്കരുതെന്ന് ഈ വചനം ഉദ്ധരിച്ചുകൊണ്ട് പാപ്പാ വിശ്വാസികളെ ഓർമ്മപ്പെടുത്തി.

യേശുവുമായുള്ള ബന്ധം നമ്മെ സ്വതന്ത്രരാക്കുന്നു

വീഞ്ഞുൽപാദനവുമായി ബന്ധപ്പെട്ടിരിക്കുന്ന വെനീസിന്റെ ഭൗതികവും ചരിത്രപരവുമായ ഭൂപ്രകൃതിയെ തന്റെ ചിന്താസരണികളിലേക്ക് പാപ്പ കൊണ്ടുവന്നു. വെള്ളത്താൽ ചുറ്റപ്പെട്ട ചെറുദ്വീപുകളിലും നഗരത്തിന്റെ ഇടവഴികൾക്കരികെയുള്ള പൂന്തോട്ടങ്ങളോടു ചേർന്നും ഇടതൂർന്നു വളരുന്ന മുന്തിരിത്തോട്ടങ്ങൾ അവിടെ പരിപാലിക്കപ്പെടുന്നു. സന്യാസികൾ തങ്ങളുടെ സമൂഹങ്ങൾക്കുവേണ്ടി അവിടെ വീഞ്ഞ് ഉല്പാദിപ്പിക്കുന്നു. ഈ പശ്ചാത്തലത്തിൽ മുന്തിരിച്ചെടിയുടെയും ശാഖകളുടെയും ഉപമയുടെ അർത്ഥം ഗ്രഹിക്കാൻ പ്രയാസമില്ല - പാപ്പ പറഞ്ഞു.

യേശുവിലുള്ള വിശ്വാസവും അവനോടുള്ള ബന്ധവും നമ്മുടെ സ്വാതന്ത്ര്യത്തിന് ഒരിക്കലും വിഘാതമാകുന്നില്ല. നേരെമറിച്ച്, ദൈവസ്നേഹത്തിന്റെ ജീവരസം സ്വീകരിക്കാനായി അത് നമ്മെ ഒരുക്കുകയും അതിലൂടെ നമ്മുടെ സന്തോഷം പതിന്മടങ്ങായി വർദ്ധിക്കുകയും ചെയ്യുന്നു. ജീവിതത്തിൽ വരൾചയുടെ ഘട്ടങ്ങളിൽ പോലും തളിരിടുവാൻ തക്കവണ്ണം വിദഗ്ധനായ ഒരു കൃഷിക്കാരനെപ്പോലെ അവൻ നമ്മെ പരിപാലിക്കുന്നു.

ജലത്താൽ ചുറ്റപ്പെട്ട വെനീസ് നഗരത്തെക്കുറിച്ച് ചിന്തിക്കുമ്പോഴും ഈ ഉപമ അർത്ഥവത്താണെന്ന് മാർപാപ്പ പറഞ്ഞു. അതുല്യമായ അതിൻ്റെ മനോഹാരിത ലോകത്തിലെ തന്നെ ഏറ്റവും ആകർഷകമായ ഒരു സ്ഥലമായി അതിനെ മാറ്റുന്നു, ജലത്തിന്മേൽ പണിതുയർത്തപ്പെട്ടിരിക്കുന്ന ഈ നഗരത്തിൻ്റെ പ്രകൃതിദത്തമായ പരിസ്ഥിതിയുടെ പരിപാലനവും സംരക്ഷണവും വേണ്ടവണ്ണം നടത്തിയില്ലെങ്കിൽ വെനീസ് തന്നെ ഇല്ലാതായേക്കാം എന്ന മുന്നറിയിപ്പും പാപ്പ നൽകി.

കർമ്മനിരതരായി വളരുക

തൻ്റെ വെനീസ് സന്ദർശനത്തിന്റെ പ്രമേയത്തെക്കുറിച്ച് പരിശുദ്ധ പിതാവ് വിശദീകരിച്ചു. ക്രിസ്തുവിനോട് ഐക്യപ്പെടുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, ക്രിസ്തുവുമായുള്ള ബന്ധത്തിൽ വളരുക, അവനുമായി സംസാരിക്കുക, അവൻ്റെ വചനം ആശ്ലേഷിക്കുക, ദൈവരാജ്യത്തിലേക്കുള്ള പാതയിൽ അവനെ പിന്തുടരുക എന്നിവയാണ്. ഇത് നമ്മെ നിരന്തരമായ വളർച്ചയിലേക്കു നയിക്കുകയും കർമ്മനിരതരാക്കുകയും ചെയ്യുന്നു.

വെനീസിന്റെ വശ്യമായ മനോഹാരിതയുടെ പശ്ചാത്തലത്തിൽ, അത് അഭംഗുരം സംരക്ഷിക്കാൻ സ്വീകരിക്കേണ്ട സത്വര നടപടികളെക്കുറിച്ചും ഫ്രാൻസിസ് പാപ്പ അടിയന്തരമായി ആഹ്വാനം നൽകി. കാലാവസ്ഥാവ്യതിയാനം, പാരിസ്ഥിതിക ശോഷണം, സാമൂഹിക ശിഥിലീകരണം, സാംസ്കാരിക തകർച്ച തുടങ്ങി നഗരം അഭിമുഖീകരിക്കുന്ന നിരവധി വെല്ലുവിളികളെ പാപ്പാ ഉയർത്തിക്കാട്ടി. പാരിസ്ഥിതികവും മാനുഷികവുമായ നമ്മുടെ പൈതൃകങ്ങൾ സംരക്ഷിക്കുന്നതിന് ശ്രദ്ധാപൂർവ്വമായ നടപടികൾ ഉണ്ടാകണമെന്ന് പാപ്പാ വീണ്ടും ആഹ്വാനം ചെയ്തു.

മാർപാപ്പയുടെ ഞായറഴ്ച ദിന സന്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.