കാന്‍ബറ: ഓസ്‌ട്രേലിയയ്ക്കു സമീപമുള്ള പസിഫിക് ദ്വീപുരാഷ്ട്രമായ സോളമന്‍ ദ്വീപുകളുടെ പുതിയ പ്രധാനമന്ത്രിയായി ചൈനാ അനുകൂലിയായ ജറമിയാ മാനെലെ തെരഞ്ഞെടുക്കപ്പെട്ടു. പാശ്ചാത്യ ശക്തികളോട് വിമുഖത കാട്ടിയിരുന്ന മുന്‍ പ്രധാനമന്ത്രി മനാസെ സൊഗവാരെയുടെ പകരക്കാരനായിട്ടാണ് ജറമിയാ സ്ഥാനമേല്‍ക്കുന്നത്. ഇന്നലെ പാര്‍ലമെന്റില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 31 വോട്ടുകളോടെയാണ് മുന്‍ വിദേശകാര്യ മന്ത്രിയായ ജറമിയാ തിരഞ്ഞെടുക്കപ്പെട്ടത്. എതിരാളി മാത്യു വെയ്ലിന് 18 വോട്ട് ലഭിച്ചു.
പ്രാദേശിക സുരക്ഷയെ ബാധിക്കുന്നതിനാല്‍ സമീപ രാജ്യമായ ഓസ്‌ട്രേലിയയും സഖ്യകക്ഷിയായ അമേരിക്കയും തെരഞ്ഞെടുപ്പ് ഫലത്തെ ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കിയിരുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ തലസ്ഥാനമായ ഹൊനിയാരയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
ഓസ്ട്രേലിയയുടെ പ്രധാനമന്ത്രി ആന്റണി അല്‍ബനീസി മാനെലെയെ അഭിനന്ദിച്ചു. ഓസ്ട്രേലിയയും സോളമന്‍ ദ്വീപുകളും അടുത്ത സുഹൃത്തുക്കളാണും പുതിയ പ്രധാനമന്ത്രിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായും അല്‍ബനീസി പറഞ്ഞു. ഞങ്ങളുടെ ഭാവികള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മാസമാണ് സോളമന്‍ ഐലന്‍ഡ്‌സില്‍ പൊതുതിരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് 50 അംഗ പാര്‍ലമെന്റിലെ നിയമസഭാംഗങ്ങളുടെ വോട്ടെടുപ്പിലൂടെയാണ് പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത്. നൂറുകണക്കിന് ചെറുദ്വീപുകള്‍ ചേര്‍ന്ന സോളമന്‍ ഐലന്‍ഡ്‌സില്‍ ഏകദേശം 7,00,000 പേരാണ് ജീവിക്കുന്നത്.
പ്രതിരോധമടക്കമുള്ള കാര്യങ്ങളില്‍ ചൈനയുമായുള്ള സഹകരണം തുടരുമെന്നു ജറമിയാ വ്യക്തമാക്കിയിട്ടുണ്ട്. 2019ല്‍ ജറമിയാ വിദേശകാര്യ മന്ത്രിയായിരുന്നപ്പോഴാണ് സോളമന്‍ ദ്വീപ് തായ്വാനുമായുള്ള നയതന്ത്രം വിച്ഛേദിച്ച് ചൈനയോട് അടുത്തത്.
2022ല്‍ മനാസെ സൊഗവാരെ ചൈനയുമായി സുരക്ഷാ ഉടമ്പടി ഉണ്ടാക്കിയതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞ ആഴ്ച നടന്നത്. സുരക്ഷാ ഉടമ്പടി ചൈനീസ് പോലീസിനെ പസഫിക് ദ്വീപുകളിലെ ദ്വീപസമൂഹത്തിലേക്ക് ക്ഷണിക്കുകയും ചൈനയുമായി കൂടുതല്‍ അടുക്കാന്‍ കാരണമാകുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങള്‍ ആശങ്ക അറിയിച്ചിരുന്നു.
2021 ലെ ഗവണ്‍മെന്റ് വിരുദ്ധ കലാപത്തിനിടെ മനാസെ സൊഗവരെയുടെ വീട് പ്രക്ഷോഭകാരികള്‍ കത്തിച്ചിരുന്നു. കലാപത്തില്‍ തലസ്ഥാനമായ ഹൊനിയാരയയില്‍ വലിയ രീതിയിലുള്ള നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. അന്ന് ഓസ്‌ട്രേലിയ ഇടപെട്ടതിന് പിന്നാലെയാണ് മേഖലയില്‍ സമാധാനം പുനസ്ഥാപിക്കപ്പെട്ടത്.
ഓസ്‌ട്രേലിയയുടെ വടക്കുകിഴക്കായി ഓഷ്യാനിയയുടെ ഭാഗമായ മെലനേഷ്യയില്‍ ആറ് പ്രധാന ദ്വീപുകളും 900ലധികം ചെറുദ്വീപുകളും അടങ്ങുന്ന രാജ്യമാണ് സോളമന്‍ ഐലന്‍ഡ്‌സ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.