കെ. സുധാകരന് പ്രസിഡന്റ് സ്ഥാനം തിരിച്ച് നല്‍കുന്നതില്‍ അനശ്ചിതത്വം; തിരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായാല്‍ അഴിച്ചുപണിയുണ്ടാകും

കെ. സുധാകരന് പ്രസിഡന്റ് സ്ഥാനം തിരിച്ച് നല്‍കുന്നതില്‍ അനശ്ചിതത്വം;  തിരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായാല്‍ അഴിച്ചുപണിയുണ്ടാകും

തിരുവനന്തപുരം: കെ. സുധാകരന് കെപിസിസി പ്രസിഡന്റ് സ്ഥാനം തിരിച്ച് നല്‍കുന്നതില്‍ അനശ്ചിതത്വം. കണ്ണൂരില്‍ സ്ഥാനാര്‍ത്ഥി ആയതോടെയാണ് പ്രസിഡന്റ് സ്ഥാനം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും യുഡിഎഫ് കണ്‍വീനറുമായ എം.എം ഹസന് താല്‍ക്കാലികമായി കൈമാറിയത്.

തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സുധാകരന്‍ വീണ്ടും ചുമതലയേല്‍ക്കുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ കേരളത്തില്‍ പോളിങ് കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടിട്ടും സുധാകരന് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മടങ്ങി വരാനായില്ല. എഐസിസി നിര്‍ദേശം ലഭിക്കാത്തതാണ് കാരണം എന്നാണ് ഔദ്യോഗിക ഭാഷ്യം.

ഇക്കാര്യത്തില്‍ സുധാകരന് കടുത്ത അതൃപ്തിയുണ്ട്. തന്നെ മാറ്റാന്‍ ബോധപൂര്‍വ്വം ശ്രമം നടക്കുന്നുണ്ടോ എന്ന സംശയവും അദേഹത്തിനുണ്ട്. തിരഞ്ഞെടുപ്പ് അവലോകനം ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന കെപിസിസി യോഗത്തില്‍ കെ.സുധാകരന്‍ വീണ്ടും പ്രസിഡണ്ടാകുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വിവരം.

സുധാകരനെ അനുകൂലിക്കുന്നവര്‍ ഇക്കാര്യം മാധ്യമങ്ങളെയും അറിയിച്ചിരുന്നു. എന്നാല്‍ താല്‍ക്കാലിക പ്രസിഡന്റ് എം.എം ഹസനോട് തല്‍സ്ഥാനത്ത് തുടരാനാണ് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി നിര്‍ദേശിച്ചത്. ഫലം വരുന്നത് വരെയാണ് താല്‍ക്കാലിക ചുമതലയെന്നാണ് ദീപാ ദാസിന്റെ വിശദീകരണം.

എന്നാല്‍ കേരളത്തില്‍ പോളിങ് കഴിഞ്ഞ സാഹചര്യത്തില്‍ സംസ്ഥാന അധ്യക്ഷ സ്ഥാനം തിരികെ നല്‍കാന്‍ ഫലം വരുന്നത് വരെ എന്തിന് കാത്തിരിക്കണമെന്നാണ് സുധാകരന്റെ ചോദ്യം. തീരുമാനം നീളുന്നത് സുധാകരനെ മാറ്റാനുള്ള അവസരമാക്കാനും സംസ്ഥാനത്തെ ഒരു വിഭാഗ നേതാക്കള്‍ ശ്രമിക്കുന്നുണ്ട്.

ആരോഗ്യ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി സുധാകരനെ നീക്കാന്‍ നേരത്തെ ശ്രമുണ്ടായിരുന്നു. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും തമ്മിലുള്ള സ്വരച്ചേര്‍ച്ച ഇല്ലായ്മയും ഇത്തരമൊരു നീക്കത്തിന് എ-ഐ ഗ്രൂപ്പുകളെ പ്രേരിപ്പിക്കുന്നു.

അതിനിടെ താല്‍ക്കാലിക ചുമതലയുള്ള ഹസനെ സ്ഥിരം പ്രസിഡന്റാക്കാനും ഒരു വിഭാഗം ശ്രമം നടത്തുന്നുണ്ട്. പുതിയൊരു അധ്യക്ഷന്‍ വരട്ടെ എന്ന അഭിപ്രായവും ശക്തമാണ്. ഫലം വന്ന ശേഷം സംഘടനയില്‍ വലിയ അഴിച്ചുപണി ഹൈക്കമാന്‍ഡ് ലക്ഷ്യമിടുന്നുണ്ട്. തിരഞ്ഞെടുപ്പ് ഫലം തിരിച്ചടിയായാല്‍ കെ. സുധാകരന് അധ്യക്ഷ പദവി തിരികെ ലഭിക്കില്ലെന്നും സൂചനയുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.