പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ്: സംസ്ഥാന വ്യാപക പ്രതിഷേധം തുടരുന്നു; ഇന്നും ടെസ്റ്റ് മുടങ്ങി

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ്: സംസ്ഥാന വ്യാപക പ്രതിഷേധം തുടരുന്നു; ഇന്നും ടെസ്റ്റ് മുടങ്ങി

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരുന്നു. പലയിടങ്ങളിലും ഇന്നും ടെസ്റ്റ് മുടങ്ങി. ഓള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. തിരുവനന്തപുരം മുട്ടത്തറയില്‍ ഇന്ന് വീണ്ടും ടെസ്റ്റ് തടഞ്ഞു. സിഐടിയു ഒഴികെയുള്ള സംഘടനകളാണ് ടെസ്റ്റ് തടഞ്ഞത്.

സിഐടിയുവിലും ഒരു വിഭാഗം ആളുകള്‍ ടെസ്റ്റ് ബഹിഷ്‌കരിക്കുന്നുണ്ട്. സമരം താല്‍കാലികമായി നിര്‍ത്താന്‍ തീരുമാനിച്ചത് സംസ്ഥാന കമ്മിറ്റിയാണ്. എന്നാല്‍ ജില്ലാ കമ്മിറ്റിക്ക് ആ നിലപാട് ഇല്ല. കൊടുവള്ളി ആര്‍ടിഒ ഓഫീസിന് കീഴിലുള്ള കുന്നമംഗലം പൊയ്യ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്‍ ഡ്രൈവിങ് സ്‌കൂള്‍ ഉടമകളും ജീവനക്കാരും പ്രതിഷേധിക്കുന്നു. ഐഎന്‍ടിയുസി, എകെഎംഡിഎസ്, ബിഎംഎസ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം.

മുട്ടത്തറയില്‍ ഇന്ന് ഡ്രൈവിങ് ടെസ്റ്റ് ഉണ്ടാവില്ല. ഇന്ന് 20 പേര്‍ക്കാണ് ടെസ്റ്റ് നടത്തേണ്ടിയിരുന്നത്. ഒരാള്‍ ടെസ്റ്റിനെത്തിയെങ്കിലും പ്രതിഷേധക്കാര്‍ അനുവദിച്ചില്ല. ഇന്ന് നടത്തേണ്ട ടെസ്റ്റുകള്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിയതോടെ ഉദ്യോഗസ്ഥര്‍ മടങ്ങി.

തൃശൂരില്‍ ഡ്രൈവിങ് ടെസ്റ്റ് മുടങ്ങി. തൃശൂര്‍ അത്താണിയിലെ ഗ്രൗണ്ടില്‍ ടെസ്റ്റിനായി ആരും എത്തിയില്ല. അത്താണിയില്‍ ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുകയാണ്. ആദ്യ സര്‍ക്കുലറിനേക്കാള്‍ അശാസ്ത്രീയമായ സര്‍ക്കുലര്‍ ആണ് രണ്ടാമത് ഇറക്കിയതെന്ന് ഉടമകള്‍ പറയുന്നു. കോര്‍പ്പറേറ്റുകളെ തൊഴില്‍ മേഖലയിലേക്ക് കൊണ്ടുവരാനാണ് ഇപ്പോഴത്തെ ശ്രമം. ടെസ്റ്റ് കാറുകളില്‍ ഡ്യൂവല്‍ സംവിധാനം പാടില്ലെന്ന ഉത്തരവ് അംഗീകരിക്കാനാവില്ല എന്നും ഉടമകള്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.