നിരോധിത ഭീകര സംഘടനയില്‍ നിന്ന് പണം കൈപ്പറ്റി; കെജരിവാളിനെതിരെ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ

നിരോധിത ഭീകര സംഘടനയില്‍ നിന്ന് പണം കൈപ്പറ്റി; കെജരിവാളിനെതിരെ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഇ.ഡിയുടെ കസ്റ്റഡിയില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേനയാണ് ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്.

വേള്‍ഡ് ഹിന്ദു ഫെഡറേഷന്റെ അഷൂ മോംഗിയയാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്.

നിരോധിത ഭീകര സംഘടനയായ 'സിഖ്സ് ഫോര്‍ ജസ്റ്റിസി'ല്‍ നിന്ന് രാഷ്ട്രീയ ധനസഹായം കൈപ്പറ്റിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ നടപടിക്ക് ശുപാര്‍ശ. ദേവേന്ദ്രപാല്‍ ഭുള്ളറിനെ മോചിപ്പിക്കാനും ഖാലിസ്ഥാന്‍ അനുകൂല വികാരം ഉയര്‍ത്തിപ്പിടിക്കാനും അരവിന്ദ് കെജരിവാളിന്റെ ആം ആദ്മി പാര്‍ട്ടി ഖാലിസ്ഥാന്‍ അനുകൂല ഗ്രൂപ്പില്‍ നിന്ന് 16 മില്യണ്‍ ഡോളര്‍ കൈപ്പറ്റിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സക്സേനയുടെ നടപടി.

അതേസമയം പാര്‍ട്ടിക്കും നേതാവിനുമെതിരായ ഗൂഢാലോചനയാണ് ഗവര്‍ണറുടെ നടപടിയെന്ന് മുതിര്‍ന്ന എഎപി നേതാവ് സൗരഭ് ഭരദ്വാജ് പ്രതികരിച്ചു. ഗവര്‍ണര്‍ ബിജെപിയുടെ ഏജന്റാണ്, തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴ് ലോക്സഭാ സീറ്റിലും ബിജെപി തോല്‍ക്കുമെന്നും ഭരദ്വാജ് പറഞ്ഞു.

ഡല്‍ഹി സര്‍ക്കാരിന്റെ മദ്യ നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മാര്‍ച്ച് 21 ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത കെജരിവാള്‍ ഇപ്പോഴും കസ്റ്റഡിയില്‍ തുടരുകയാണ്. ഇതിനിടെയാണ് ലഫ്റ്റനന്റ് ഗവര്‍ണറുടെ നടപടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.