'മോഡി ഭരണത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ വര്‍ധിച്ചുവെന്ന അവകാശവാദം വെറും വ്യാജം'; അന്താരാഷ്ട്ര അക്കാദമിക് വിദഗ്ദരുടെ റിപ്പോര്‍ട്ട്

'മോഡി ഭരണത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ വര്‍ധിച്ചുവെന്ന അവകാശവാദം വെറും വ്യാജം'; അന്താരാഷ്ട്ര അക്കാദമിക് വിദഗ്ദരുടെ റിപ്പോര്‍ട്ട്

സര്‍വേയില്‍ പങ്കെടുത്ത 12 രാജ്യങ്ങളില്‍ 40 ശതമാനം പേര്‍ക്കും നരേന്ദ്ര മോഡിയില്‍ വിശ്വാസമില്ല. 2008 ല്‍ നടത്തിയ സമാനമായ പ്യൂ സര്‍വേയില്‍ ഇന്ത്യയ്ക്ക് പോസിറ്റീവ് ആയ പ്രതിച്ഛായയായിരുന്നു ഉണ്ടായിരുന്നത്. പ്രത്യേകിച്ചും യൂറോപ്യന്മാര്‍ക്കിടയില്‍. എന്നാല്‍ 15 വര്‍ഷത്തിന് ശേഷം അതില്‍ വലിയ ഇടിവുണ്ടായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയുടെ പത്ത് വര്‍ഷത്തെ ഭരണം കൊണ്ട് ആഗോള തലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ വര്‍ധിച്ചുവെന്ന ബിജെപിയുടെ വാദം വെറും വ്യാജമെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുമായി അന്താരാഷ്ട്ര അക്കാദമിക് വിദഗ്ദര്‍.

അമേരിക്കയിലെ ജോര്‍ജ്ടൗണ്‍ യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഇര്‍ഫാന്‍ നൂറുദ്ദീനും നെതര്‍ലന്‍ഡ്സിലെ ഗ്രോനിംഗന്‍ യൂണിവേഴ്സിറ്റിയിലെ ഡോ. റിതുംബ്ര മനുവിയും ചേര്‍ന്നാണ് 'ദി മോഡി മിറേജ്: ഇല്യൂഷന്‍സ് ആന്‍ഡ് റിയാലിറ്റി ഓഫ് ഇന്ത്യാസ് ഗ്ലോബല്‍ സ്റ്റാന്‍ഡിങ് ആന്‍ഡ് റെപ്യൂട്ടേഷന്‍' എന്ന റിപ്പോര്‍ട്ട് തയാറാക്കിയത്.

ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ സ്ഥാനം മോഡി ഉയര്‍ത്തിയെന്ന അവകാശവാദത്തെ 'മരീചിക' എന്നാണ് റിപ്പോര്‍ട്ടില്‍ വിശേഷിപ്പിച്ചിട്ടുള്ളത്. ഇതുവരെ ലഭ്യമായ സര്‍വേകളുടെയും വോട്ടെടുപ്പുകളുടെയും അടിസ്ഥാനത്തിലായിരുന്നു റിപ്പോര്‍ട്ട് തയാറാക്കിയത്.

2023 ല്‍ 23 രാജ്യങ്ങളിലായി പ്യൂ ഗ്ലോബല്‍ ആറ്റിറ്റിയൂഡ്സ് നടത്തിയ സര്‍വേ പ്രകാരം 46 ശതമാനം ആളുകള്‍ക്ക് ഇന്ത്യയെക്കുറിച്ച് ''അനുകൂല'' വീക്ഷണമുണ്ടെന്ന് പറയുന്നു. എന്നാല്‍ 34 സതമാനം പേര്‍ അനുകൂലമല്ലാത്ത അഭിപ്രായങ്ങളും പ്രകടിപ്പിച്ചു.

സര്‍വേയില്‍ പങ്കെടുത്ത 12 രാജ്യങ്ങളില്‍ 40 ശതമാനം പേര്‍ക്കും നരേന്ദ്ര മോഡിയില്‍ വിശ്വാസമില്ല. 2008 ല്‍ നടത്തിയ സമാനമായ പ്യൂ സര്‍വേയില്‍ ഇന്ത്യയ്ക്ക് പോസിറ്റീവ് ആയ പ്രതിച്ഛായയായിരുന്നു ഉണ്ടായിരുന്നത്. പ്രത്യേകിച്ചും യൂറോപ്യന്മാര്‍ക്കിടയില്‍. എന്നാല്‍ 15 വര്‍ഷത്തിന് ശേഷം അതില്‍ വലിയ ഇടിവുണ്ടായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ വര്‍ഷത്തെ സര്‍വേ പ്രകാരം, 23 ശതമാനം അമേരിക്കക്കാര്‍ മാത്രമാണ് ഇന്ത്യയുടെ സ്വാധീനം വര്‍ധിച്ചതായി വിശ്വസിക്കുന്നത്. 64 ശതമാനം പേര്‍ സമീപ വര്‍ഷങ്ങളില്‍ മാറ്റങ്ങളൊന്നുമില്ലെന്ന് കരുതുന്നവരാണ്.

മറ്റൊരു സര്‍വേയില്‍ 40 ശതമാനം അമേരിക്കക്കാരും മോഡിയെക്കുറിച്ച് കേട്ടിട്ടില്ലെന്നാണ് അഭിപ്രായപ്പെട്ടത്. കൂടാതെ 37 ശതമാനം അമേരിക്കക്കാര്‍ക്ക് അദേഹത്തിന് ശരിയായ തീരുമാനങ്ങള്‍ എടുക്കുന്ന കഴിവ് കുറവോ അല്ലെങ്കില്‍ ഇല്ലെന്നോ ആണ് പ്രതികരിച്ചത്.

2024 മാര്‍ച്ചില്‍ യുഗൊവ് നടത്തിയ വോട്ടെടുപ്പ് പ്രകാരം അമേരിക്കക്കാര്‍ക്കിടയില്‍ ഏറ്റവും ജനപ്രീതിയുള്ള വിദേശ രാഷ്ട്രീയക്കാരുടെ പട്ടികയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങിനും പിന്നില്‍ 26-ാം സ്ഥാനത്താണ് നരേന്ദ്ര മോഡി. സര്‍വേ പ്രകാരം 51 ശതമാനം അമേരിക്കക്കാരും മോഡിയെക്കുറിച്ച് കേട്ടിട്ടുണ്ട്. അവരില്‍ 22 ശതമാനം പേര്‍ക്ക് മാത്രമാണ് അദേഹത്തെ കുറിച്ച് നല്ല കാഴ്ചപ്പാട് ഉണ്ടായിരുന്നത്.

ഇന്ത്യയുടെ പ്രതിച്ഛായ മോഡി വര്‍ധിപ്പിച്ചുവെന്ന് പ്രചരിപ്പിക്കുന്നതില്‍ ഇന്ത്യന്‍ മാധ്യമങ്ങളും പങ്കാളികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ ആഭ്യന്തര പിന്നോക്കാവസ്ഥയും അടിച്ചമര്‍ത്തലുകളും ഇന്ത്യയുടെ അന്തര്‍ദേശീയ പ്രശസ്തിയെ പിന്നോട്ടടിച്ചതിന് കാരണമായി.

അതേസമയം ഇന്ത്യയുടെ സ്വാധീനം വര്‍ധിക്കണമെങ്കില്‍ മനുഷ്യാവകാശങ്ങളോടും ജനാധിപത്യ മര്യാദകളോടുമുള്ള സമീപനത്തില്‍ മാറ്റം വരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.