ഖാര്‍ത്തൂം: ആഫ്രിക്കന്‍ രാജ്യമായ സുഡാനിലെ ആഭ്യന്തര യുദ്ധത്തില്‍ അര്‍ധസൈനിക വിഭാഗമായ റാപിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് (ആര്‍.എസ്.എഫ്) നടത്തിയ അതിക്രൂരമായ വംശഹത്യയുടെ വിവരങ്ങള്‍ പുറത്ത്. പടിഞ്ഞാറന്‍ ഡാര്‍ഫറില്‍ നടത്തിയ ക്രൂരത സംബന്ധിച്ച റിപ്പോര്‍ട്ട് അന്താരാഷ്ട്ര സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചാണ് പ്രസിദ്ധീകരിച്ചത്. കര്‍ഷക ഗോത്ര വിഭാഗമായ മസാലിത് ഗോത്രത്തിനെതിരേ അറബ് നേതൃത്വത്തിലുള്ള ആര്‍.എസ്.എഫ് നടത്തിയത് വംശീയ ഉന്മൂലന കാമ്പയ്‌നാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2023 ഏപ്രിലിനും നവംബറിനുമിടയില്‍ ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു, ലക്ഷക്കണക്കിന് ആളുകള്‍ അഭയാര്‍ത്ഥികളായി അവശേഷിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ പാടെ നശിപ്പിക്കപ്പെട്ടായി റിപ്പോര്‍ട്ട് പറയുന്നു. മസാലിത് ഗോത്ര സമൂഹം താമസിക്കുന്ന പ്രദേശങ്ങള്‍ മുഴുവനും കൊള്ളയടിക്കുകയും കത്തിക്കുകയും വീടുകള്‍ക്ക് നേരെ ഷെല്ലാക്രമണം നടത്തുകയും ചെയ്തു.
മസാലിത് ഗോത്രത്തിന്റെയും മറ്റ് അറബ് ഇതര സമുദായങ്ങളുടെയും വംശീയ ഉന്മൂലനം ലക്ഷ്യം വച്ചുള്ള നടപടിയില്‍ ലക്ഷകണക്കിന് പേരാണ് അഭയാര്‍ത്ഥികളായതെന്നും 186 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം ജൂണില്‍ കലാപത്തില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ആയിരക്കണക്കിനു പേര്‍ ഉള്‍പ്പെട്ട ജനക്കൂട്ടത്തിനുനേരെ ആര്‍.എസ്.എഫ് വെടിവയ്ക്കുകയായിരുന്നു. കുട്ടികളെ ഉള്‍പ്പെടെ കൂട്ടമായി നിര്‍ത്തി വെടിവച്ചുകൊന്നതായി സാക്ഷികള്‍ വിവരിക്കുന്നു. 'ആര്‍.എസ്.എഫ് സേന കുട്ടികളെ തട്ടിയെടുത്തശേഷം മാതാപിതാക്കളെ വെടിവച്ചുകൊന്നു. കുട്ടികള്‍ക്കു നേരെയും വെടിയുതിര്‍ത്തു. ശേഷം അവരുടെ ശരീരം നദിയിലേക്ക് വലിച്ചെറിഞ്ഞു' - സാക്ഷി വിവരിക്കുന്നു.
ചാഡ്, ഉഗാണ്ട, കെനിയ, സൗത്ത് സുഡാന്‍ എന്നിവിടങ്ങളിലേക്ക് പലായനം ചെയ്ത 220 പേരുടെ സാക്ഷി മൊഴികള്‍ സമാഹരിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. നൂറ്റിയിരുപതിലധികം ഫോട്ടോഗ്രാഫുകളും വീഡിയോകളും രേഖകളും റിപ്പോര്‍ട്ട് തയാറാക്കുന്നതിന് ഭാഗമായി പരിശോധിച്ചിരുന്നു. ഐക്യരാഷ്ട്ര സഭയും ആഫ്രിക്കന്‍ യൂണിയനും സുഡാനെതിരെ അടിയന്തരമായി ആയുധ ഉപരോധം ഏര്‍പ്പെടുത്തുകയും പൗരന്മാരെ സംരക്ഷിക്കുന്നതിനായി ഡാര്‍ഫറിലേക്ക് ശക്തമായ പോലീസ് സേനയെ വിന്യസിക്കുകയും ചെയ്യണമെന്നും റിപ്പോര്‍ട്ട് പറയുന്നു. 2023 ഏപ്രിലില്‍ ആര്‍.എസ്.എഫും സുഡാന്‍ സൈന്യവും തമ്മില്‍ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടശേഷം, 80 ലക്ഷത്തിലധികം ആളുകളാണ് പലായനം ചെയ്തത്.
സുഡാനില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ വര്‍ധിച്ചുവരുന്ന ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്ര സഭ രംഗത്ത് വന്നിരുന്നു.
ഡാര്‍ഫറില്‍ പോഷകാഹാരക്കുറവ് മൂലം കുട്ടികള്‍ മരിച്ചുവീഴുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് യു.എന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം കഴിഞ്ഞയാഴ്ച രംഗത്തെത്തിയിരുന്നു. എന്നാല്‍ എല്‍ ഫാഷര്‍ പോലെയുള്ള മേഖലകളുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ വേണ്ടി അവിടേക്കുള്ള സഹായവിതരണങ്ങള്‍ ആര്‍.എസ്.എഫ് തടസപ്പെടുത്തി. സൈനിക മേധാവി അബ്ദുല്‍ ഫത്താഹ് അല്‍ ബുര്‍ഹാനും അര്‍ധ സൈനിക കമാന്‍ഡറായ ഉപസൈനികമേധാവി മുഹമ്മദ് ഹംദാന്‍ ഡാഗ്ലോയും തമ്മിലുണ്ടായ തര്‍ക്കങ്ങളാണ് ഇരു സേനകളും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.