സംഘടനാ സംവിധാനം ദുര്‍ബലം: സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ ക്രിസ്ത്യന്‍ പ്രാതിനിധ്യം വേണം; ചര്‍ച്ച ശക്തമാകുന്നു

സംഘടനാ സംവിധാനം ദുര്‍ബലം: സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ ക്രിസ്ത്യന്‍ പ്രാതിനിധ്യം വേണം; ചര്‍ച്ച ശക്തമാകുന്നു

കൊച്ചി: ഒരാഴ്ച നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ കെ. സുധാകരന്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി തിരിച്ചെത്തിയെങ്കിലും പുതിയ അധ്യക്ഷനെ സംബന്ധിച്ച ചര്‍ച്ചകള്‍ സംസ്ഥാന കോണ്‍ഗ്രസില്‍ തുടരുന്നു.

ക്രിസ്ത്യന്‍ സമുദായത്തിന് കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വത്തില്‍ പ്രാതിനിധ്യമില്ലാത്തത് ചൂണ്ടിക്കാട്ടിയാണ് ചര്‍ച്ചകള്‍ തുടരുന്നത്. ക്രിസ്ത്യന്‍ സമൂഹത്തിന്റെ പിന്തുണ തിരിച്ചു പിടിക്കാന്‍ സമുദായത്തില്‍പ്പെട്ട നേതാവ് നേതൃനിരയില്‍ വേണമെന്നാണ് ആവശ്യം.

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിനും എ.കെ ആന്റണി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചതിനും ശേഷം ക്രിസ്ത്യന്‍ സമുദായത്തിന് കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വത്തില്‍ പ്രാതിനിധ്യമില്ല. ഒരു കാലത്ത് പാര്‍ട്ടിയുടെ നട്ടെല്ലായി കരുതിയിരുന്ന ക്രൈസ്തവ സമൂഹത്തിന് ഇതില്‍ നീരസമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ക്രിസ്ത്യന്‍ സമൂഹത്തില്‍ നിന്ന്, പ്രത്യേകിച്ച് റോമന്‍ കാത്തലിക് വിഭാഗത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതൃത്വത്തില്‍ മതിയായ പ്രാതിനിധ്യം ഉറപ്പാക്കേണ്ടത് പാര്‍ട്ടിയുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണെന്ന അഭിപ്രായം ഉയര്‍ന്നു വന്നിട്ടുണ്ട്.

മുസ്ലീം സമുദായ പ്രാതിനിധ്യം ഉറപ്പാക്കാന്‍ മുസ്ലീം ലീഗുണ്ട്. ക്രിസ്ത്യന്‍ പ്രാതിനിധ്യം കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും ഉറപ്പാക്കിയിരുന്നു. എന്നാല്‍ കേരളാ കോണ്‍ഗ്രസ് പല ഗ്രൂപ്പുകളായി ശക്തി ക്ഷയിച്ചതും കോണ്‍ഗ്രസിലെ പ്രാതിനിധ്യക്കുറവും ക്രിസ്ത്യന്‍ സമൂഹത്തില്‍ യുഡിഎഫ് മുന്നണിയോട് തന്നെയുള്ള അകല്‍ച്ചയ്ക്ക് കാരണമായി.

ഈ സാഹചര്യത്തില്‍ സിപിഎമ്മും ബിജെപിയും ക്രിസ്ത്യന്‍ സമൂഹത്തിലേക്ക് കടന്നു കയറാന്‍ നടത്തിയ ശ്രമം ചെറുതായെങ്കിലും ഫലം കാണുകയും ചെയ്തിട്ടുണ്ട്. റോമന്‍ കത്തോലിക്കര്‍ ക്രിസ്ത്യന്‍ സമൂഹത്തിലെ പ്രബല വിഭാഗമായതിനാല്‍ അവര്‍ക്ക് പ്രാതിനിധ്യം നല്‍കണമെന്ന് ചില നേതാക്കള്‍ അഭിപ്രായപ്പെട്ടു.

പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫിന്റെ പേരാണ് ചര്‍ച്ചകളില്‍ പ്രധാനമായും ഉയര്‍ന്നു വന്നിട്ടുള്ളത്. ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് അതീതമായി അദേഹത്തിന്റെ നിഷ്പക്ഷ സ്വഭാവവും ബന്ധങ്ങളും അനുകൂല ഘടകങ്ങളായി അദേഹത്തെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

അതേസമയം സംസ്ഥാന നേതൃത്വത്തിലേക്ക് യുവ മുഖത്തെയാണ് ആവശ്യമെങ്കില്‍ അങ്കമാലി എംഎല്‍എ റോജി എം ജോണിനെ പരിഗണിക്കാം. അതല്ലെങ്കില്‍ ആന്റോ ആന്റണിയെപ്പോലെയുള്ള നേതാക്കളെയും പരിഗണിക്കാവുന്നതാണെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സുധാകരന്‍ തിരിച്ചെത്തിയെങ്കിലും പാര്‍ട്ടിയില്‍ അതൃപ്തി പുകയുകയാണ്. മെയ് നാലിന് നടന്ന യോഗത്തില്‍ ചില സ്ഥാനാര്‍ത്ഥികള്‍ പാര്‍ട്ടിയുടെ ദുര്‍ബലമായ സംഘടനാ സംവിധാനം ചൂണ്ടിക്കാട്ടിയിരുന്നു.

സുധാകരന്റെ അനാരോഗ്യവും അദേഹം ചിലരുടെ നിയന്ത്രണത്തിലാണെന്ന ആരോപണവും പാര്‍ട്ടിയില്‍ വ്യാപക ചര്‍ച്ചയാണ്. ലോക്്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം നടത്തിയാലും അത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണവിരുദ്ധ വികാരം കൊണ്ടാകാമെന്നും കോണ്‍ഗ്രസിന്റെ ശക്തി കൊണ്ടല്ലെന്നും പൊതുവേ വിലയിരുത്തപ്പെടുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനം വിലയിരുത്താന്‍ മെയ് നാലിന് ചേര്‍ന്ന യോഗത്തിലാണ് ബൂത്ത് തലത്തില്‍ സര്‍വേ നടത്താന്‍ നേതൃത്വം തീരുമാനിച്ചത്. പ്രാദേശിക നേതാക്കള്‍ക്ക് ഒരു പ്രഫോര്‍മ വിതരണം ചെയ്യുകയും പൂരിപ്പിച്ച് സംസ്ഥാന നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ആകെ വോട്ട് ചെയ്ത കോണ്‍ഗ്രസുകാരുടെ എണ്ണം, വോട്ട് ചെയ്യാത്തവരുടെ എണ്ണം, പോളിംഗ് സമയത്ത് വിദേശത്തുണ്ടായിരുന്ന പാര്‍ട്ടി വോട്ടര്‍മാരുടെ എണ്ണം തുടങ്ങിയ വിവരങ്ങള്‍ നേതൃത്വം ആരാഞ്ഞിട്ടുണ്ട്. എല്ലാ ഡിസിസികളോടും മണ്ഡലം കമ്മിറ്റികളോടും വിഷയം ചര്‍ച്ച ചെയ്യാനും അഭിപ്രായം കെപിസിസി നേതൃത്വത്തിന് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

സംഘടനാപരമായ വീഴ്ച നേതാക്കള്‍ യോഗത്തില്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയുടെ സംഘടനാ ശക്തിയും ദൗര്‍ബല്യവും വിലയിരുത്താന്‍ തീരുമാനിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അഴിച്ചുപണി ഉണ്ടായേക്കുമെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്.വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.