സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; അഞ്ച് വയസുകാരി അതീവ ഗുരുതരാവസ്ഥയില്‍: ജാഗ്രതാ മുന്നറിയിപ്പ്

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; അഞ്ച് വയസുകാരി അതീവ ഗുരുതരാവസ്ഥയില്‍: ജാഗ്രതാ മുന്നറിയിപ്പ്

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. അസുഖം ബാധിച്ച മലപ്പുറം മൂന്നിയൂര്‍ സ്വദേശിയായ അഞ്ച് വയസുകാരി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. തീവ്ര പരിചരണ യൂണിറ്റിലെ വെന്റിലേറ്ററിലാണ് കുട്ടി.

രണ്ടാഴ്ച മുമ്പ് കുട്ടി പുഴയില്‍ കുളിക്കാന്‍ പോയിരുന്നു. ഇവിടെ നിന്നും അണുബാധയേറ്റതാവാമെന്നാണ് സംശയിക്കുന്നത്. കടുത്ത പനിയും തലവേദനയും ഉണ്ടായതിനെ തുടര്‍ന്ന് കുട്ടിയെ ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ രോഗം ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

സമാനമായ രോഗ ലക്ഷണങ്ങളുമായി മറ്റു നാല് കുട്ടികളെകൂടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നേരത്തെ 2023 ജൂലൈയില്‍ ആലപ്പുഴ സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചിരുന്നു.


രോഗം ബാധിച്ച പതിനഞ്ച് വയസുകാരന്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചു. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ നിന്നാണ് അമീബ തലച്ചോറില്‍ പ്രവേശിക്കുന്നത്.

പരാദ സ്വഭാവമില്ലാതെ ജലത്തില്‍ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തില്‍പ്പെടുന്ന രോഗാണുക്കള്‍ നീര്‍ച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌ക ജ്വരത്തിന് കാരണമാകുകയും ചെയ്യുന്നു. പനി, തലവേദന, ഛര്‍ദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍.

മലിനമായ വെള്ളത്തില്‍ മുങ്ങി കുളിക്കുന്നതും മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തില്‍ കഴുകുന്നതും രോഗം വരുവാന്‍ കാരണമാകുന്നതിനാല്‍ അത് പൂര്‍ണമായും ഒഴിവാക്കുകയാണ് പ്രതിരോധിക്കാനുള്ള മാര്‍ഗമായി ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

മഴ തുടങ്ങുമ്പോള്‍ ഉറവയെടുക്കുന്ന നീര്‍ചാലുകളില്‍ കുളിക്കുന്നതും ഒഴിവാക്കണമെന്നും മലിന ജലം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും വിദഗ്ധര്‍ പറയുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.