പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ.എസ് സരിനെ സസ്പെന്‍ഡ് ചെയ്തു

പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ.എസ് സരിനെ സസ്പെന്‍ഡ് ചെയ്തു

കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിന് ഭര്‍ത്താവിന്റെ മര്‍ദനമേറ്റ സംഭവത്തില്‍ പൊലീസ് വീഴ്ചയില്‍ നടപടി. പന്തീരങ്കാവ് എസ്എച്ച്ഒ എ.എസ് സരിനെയാണ് സസ്പെന്‍ഡ് ചെയ്തു. നോര്‍ത്ത് സോണ്‍ ഐജി കെ. സേതുരാമന്‍ ആണ് സസ്പന്‍ഷന് ഉത്തരവിട്ടത്.

പൊലീസ് പ്രതിയ്ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് പരാതിക്കാരിയുടെ കുടുംബം ആരോപിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി യുവതിയും കുടുംബവും പരാതി സമര്‍പ്പിച്ചതിന് പിന്നാലെ എഡിജിപി എം.ആര്‍ അജിത് കുമാര്‍ സംഭവത്തില്‍ ഇടപെടുകയും പരാതി അന്വേഷിക്കാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് എസ്എച്ച്ഒയ്ക്കെതിരെ നടപടിയുണ്ടായത്.

യുവതിയെ ഉപദ്രവിച്ച പ്രതി രാഹുല്‍ രാജ്യം വിട്ടതിന് പിന്നാലെയാണ് പൊലീസിന്റെ മുഖം രക്ഷിക്കല്‍ നടപടി സ്വീകരിച്ചത്. പെണ്‍കുട്ടിയുടെ കുടുംബം മുഖ്യമന്ത്രിയ്ക്ക് ഉള്‍പ്പെടെ പരാതി സമര്‍പ്പിച്ചിരുന്നു. എസ്എച്ച്ഒയില്‍ നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഒരു പൊലീസ് ഓഫിസര്‍ക്ക്

ചേരാത്ത പ്രവര്‍ത്തനങ്ങളാണ് എസ്എച്ച്ഒയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും സിറ്റി പൊലീസ് കമ്മീഷനറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.
അതേസമയം പ്രതിയെ പിടികൂടാനുള്ള ശ്രമം ഊര്‍ജിതമെന്ന് പൊലീസ് അവകാശപ്പെടുന്നതിനെടെയാണ് രണ്ട് ദിവസം മുന്‍പ് ബംഗളൂരു വഴി സിംഗപ്പൂരിലേക്ക് രാഹുല്‍ കടന്നത്. ഇതോടെ രാഹുലിന് പന്തീരാങ്കാവ് സ്റ്റേഷനിലെ ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ടെന്ന നവവധുവിന്റെ കുടുംബത്തിന്റെ വാദം ബലപ്പെടുകയാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

മര്‍ദനമേറ്റെന്ന പരാതിയുമായി യുവതിയും കുടുംബവും സ്റ്റേഷനില്‍ എത്തിയത് ഈ മാസം 12 നായിരുന്നു. യുവതിയുടെ നെറ്റിയിലും കഴുത്തിലും ചുണ്ടിലും പരുക്കുകളുണ്ടെന്നും വിദഗ്ധ ചികിത്സ വേണമെന്നും ഡോക്ടറുടെ കുറിപ്പടിയുണ്ടായിട്ടും വധശ്രമത്തിന് കേസെടുക്കാന്‍ പൊലീസ് വൈകിയതാണ് വ്യാപക വിമര്‍ശങ്ങള്‍ക്ക് കാരണമായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.