ഡ്രൈവിങ് ടെസ്റ്റുകള്‍ ഇന്ന് മുതല്‍ പുനരാരംഭിക്കും; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

ഡ്രൈവിങ് ടെസ്റ്റുകള്‍ ഇന്ന് മുതല്‍ പുനരാരംഭിക്കും; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ഡ്രൈവിങ് ടെസ്റ്റുകള്‍ പുനരാരംഭിക്കും. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരവുമായി ബന്ധപ്പെട്ട് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ നടത്തി വന്ന സമരം മന്ത്രി കെ.ബി ഗണേഷ്‌കുമാറുമായി നടത്തിയ ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായതോടെയാണ് ടെസ്റ്റുകള്‍ പുനരാരംഭിക്കുന്നത്.

ഒരു മോട്ടോര്‍ വാഹന ഓഫീസിന് കീഴില്‍ ദിവസേന 40 ഡ്രൈവിങ് ടെസ്റ്റുകള്‍ എന്ന നിര്‍ദേശം ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് ദിവസേന 40 ടെസ്റ്റുകള്‍ എന്ന് പരിഷ്‌കരിക്കാന്‍ ഗതാഗത വകുപ്പ് തീരുമാനിച്ചു. രണ്ട് എംവിഐമാര്‍ ഉള്ള ഓഫീസുകളില്‍ ദിവസവും 80 ടെസ്റ്റുകള്‍ നടക്കും. ഇവ ഉള്‍പ്പെടെ ഉന്നയിച്ച ആവശ്യങ്ങളില്‍ ഭൂരിഭാഗവും മന്ത്രി ഗണേഷ് കുമാറുമായി നടത്തിയ ചര്‍ച്ചയില്‍ അംഗീകരിച്ചതോടെയാണ് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ നടത്തി വന്ന സമരം പിന്‍വലിച്ചത്.

ലൈസന്‍സ് അപേക്ഷകരുടെ എണ്ണം കണക്കിലെടുത്ത് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തില്‍ നിന്നും കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിച്ച് ടെസ്റ്റുകളുടെ എണ്ണം കൂട്ടും. ടെസ്റ്റിന് വേണ്ടി ആധുനിക വാഹനങ്ങള്‍ സര്‍ക്കാര്‍ ലഭ്യമാക്കുന്നതു വരെ രണ്ട് വീതം ക്ലച്ചും ബ്രേക്കുമുള്ള വാഹനങ്ങള്‍ ഉപയോഗിക്കാനും തീരുമാനിച്ചു.
ടെസ്റ്റ് നടത്തുന്ന വാഹനത്തിന്റെ ഉള്‍വശവും മുന്‍ഭാഗവും വ്യക്തമായി ചിത്രീകരിക്കുന്ന കാമറകള്‍ മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിക്കും. ഇവയിലെ ദൃശ്യങ്ങള്‍ മൂന്ന് മാസം സൂക്ഷിക്കും. 18 വര്‍ഷം വരെ പഴക്കമുള്ള വാഹനങ്ങള്‍ ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കാം. ഇരുചക്ര വാഹന ലൈസന്‍സ് ടെസ്റ്റ് കാല്‍ കൊണ്ട് ഗിയര്‍ മാറ്റുന്ന വാഹനങ്ങളിലേക്ക് മാറ്റും.

കൂടാതെ ഡ്രൈവിങ് സ്‌കൂളുകളുടെ ഫീസ് നിരക്ക് ഏകീകരിക്കാന്‍ മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സമിതിയെ നിയോഗിക്കും. നിലവിലെ മാതൃകയില്‍ ഗ്രൗണ്ട് ടെസ്റ്റ് ആദ്യവും റോഡ് ടെസ്റ്റ് രണ്ടാമതും നടത്തും. ഡ്രൈവിങ് പഠിപ്പിക്കുന്നവര്‍ ലൈസന്‍സ് നേടി അഞ്ച് വര്‍ഷം കഴിഞ്ഞവരാകണമെന്ന നിര്‍ദേശം കര്‍ശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

കെഎസ്ആര്‍ടിസി 21 കേന്ദ്രങ്ങളില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തുമെന്നും മന്ത്രി അറിയിച്ചു. കെഎസ്ആര്‍ടിസിയുടെ കീഴില്‍ പ്രത്യേക വിഭാഗമായി പത്ത് ഡ്രൈവിങ് സ്‌കൂളുകള്‍ ആരംഭിക്കും. വാഹനം റോഡില്‍ ഓടിക്കുന്നതിന് മുന്‍പ് പരിശീലിക്കാന്‍ സിമുലേറ്റര്‍ സൗകര്യവും ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.