കണ്ണൂര്‍: വധശ്രമക്കേസില്‍ കെ. സുധാകരനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന്‍. എത്രകാലം കഴിഞ്ഞാലും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം. ഹൈക്കോടതി അവസാനത്തെ കോടതിയല്ലെന്നും അദേഹം പറഞ്ഞു. ഈ കേസില്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യാന്‍ കേരള സര്‍ക്കാരിനോട് താന്‍ ആവശ്യപ്പെടുകയാണ്. അപ്പീല്‍ നല്‍കാനുള്ള നടപടികള്‍ താനും സ്വീകരിക്കുമെന്ന് ഇ.പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
തന്നെ വെടിവച്ച ശേഷം വിക്രംചാലില്‍ ശശി ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെട്ടു. എന്നാല്‍ പരിക്കുപറ്റിയ ഇയാളെ ആശുപത്രിയിലെത്തിച്ചു. പരിശോധിച്ചപ്പോള്‍ തോക്ക് കണ്ടെത്തി. അതിനിടെ മറ്റൊരു ട്രെയിനില്‍ കയറി രക്ഷപ്പെട്ട മറ്റൊരു പ്രതിയെ ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍വച്ച് റെയില്‍വെ പൊലീസ് പിടികൂടി. ഇരുവരെയും ചോദ്യം ചെയ്തപ്പോള്‍ തങ്ങള്‍ക്ക് തോക്ക് തന്ന് പറഞ്ഞുവിട്ടത് കെ. സുധാകരനും മറ്റുമാണെന്ന് പൊലീസിന് ഇവര്‍ മൊഴി നല്‍കിയിരുന്നു. റെയില്‍വേ പൊലീസിന്റെ ആദ്യ എഫ്ഐആറില്‍ ഇതുണ്ടെന്ന് ഇപി ജയരാജന്‍ പറഞ്ഞു.
വെടിവെച്ച വിക്രംചാലില്‍ ശശിയെയും പേട്ട ദിനേശനെയും തനിക്ക് അറിയില്ല. അവര്‍ക്ക് എന്നെയും അറിയില്ല. അതുകൊണ്ടു തന്നെ അവര്‍ക്ക് വ്യക്തിപരമായ വിരോധം ഉണ്ടായിരുന്നില്ല. അവരെ വാടകയ്ക്ക് എടുത്തത് സുധാകരനും സംഘവുമാണ്. തന്നെ വെടിവെച്ച അക്രമത്തിന് പിന്നിലെ ലക്ഷ്യം താനായിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനെയായിരുന്നു അവര്‍ ലക്ഷ്യമിട്ടത്. എന്നാല്‍ പിണറായി ട്രെയിനില്‍ ഉണ്ടായിരുന്നില്ലെന്നും ജയരാജന്‍ പറഞ്ഞു.
ഞാന്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതുകൊണ്ടാണ് ഡല്‍ഹിയില്‍ നിന്നും ടിക്കറ്റെടുത്ത് യാത്ര ചെയ്ത് ആന്ധ്രയില്‍ വെച്ച് അവസരം കിട്ടിയപ്പോള്‍ അവര്‍ വെടിവെച്ചത്. ഈ സംഭവം എല്ലാവര്‍ക്കും അറിയാവുന്നതാണ്. അക്രമം പ്ലാന്‍ ചെയ്തത് കെ സുധാകരനും സംഘവുമാണ്. ഈ സംഭവത്തില്‍ അന്നത്തെ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടു. കേസ് സ്പ്ലിറ്റ് ചെയ്ത് അട്ടിമറിക്കാന്‍ അന്നത്തെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി തെളിവു സഹിതം സെഷന്‍സ് കോടതിയില്‍ താന്‍ നേരിട്ട് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുധാകരനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്.
എന്റെ ഭാഗം കോടതിയെ ബോധ്യപ്പെടുത്താന്‍ അഭിഭാഷകന് സാധിച്ചോയെന്ന് പരിശോധിക്കണം. എത്രകാലം കഴിഞ്ഞാലും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. ഈ കേസില്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യാന്‍ കേരള സര്‍ക്കാരിനോട് ആവശ്യപ്പെടും. കോടതിയില്‍ തെളിവുകള്‍ വേണ്ടത്ര ബോധ്യപ്പെടുത്താന്‍ സാധിക്കാതെ വന്നാല്‍ ചിലപ്പോള്‍ കുറ്റവാളികള്‍ രക്ഷപ്പെട്ടേക്കും. ഒരു കുറ്റവാളിയും രക്ഷപ്പെടാന്‍ പാടില്ല. നിയമവശങ്ങളെല്ലാം വിശദമായി പരിശോധിക്കും. ഇത്തരത്തിലുള്ള അക്രമങ്ങള്‍ സംഘടിപ്പിക്കുക, പലവഴിക്ക് രക്ഷപ്പെടുക എന്നത് സുധാകരന്റെ ചരിത്രത്തിലുള്ളതാണെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.