കോഴിക്കോട്: സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനത്തിനായുള്ള 34 കോടി രൂപ (ഒന്നര കോടി റിയാല്‍) സൗദിയിലെ ഇന്ത്യന്‍ എംബസിക്ക് കൈമാറി. വ്യാഴാഴ്ച ഉച്ചയോടെയാണ് നാട്ടിലെ അബ്ദുല്‍ റഹീം നിയമ സഹായ സമിതി ട്രസ്റ്റ് ഭാരവാഹികള്‍ പണം വിദേശ കാര്യമന്ത്രാലയത്തിന് കൈമാറിയത്. ഫണ്ട് കൈമാറാനുള്ള എംബസിയുടെ നിര്‍ദേശം ബുധനാഴ്ച്ച വൈകിട്ടാണ് ലഭിച്ചത്. പണം കൈമാറാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന സത്യവാങ്മൂലവും റഹീമിന്റെ കുടുംബം വ്യാഴാഴ്ച രാവിലെ എംബസിയില്‍ സമര്‍പ്പിച്ചിരുന്നു.
കോടതിയുടെ പേരിലുള്ള സര്‍ട്ടിഫൈഡ് ചെക്ക് ഇന്ത്യന്‍ എംബസി റിയാദിലെ ഗവര്‍ണറേറ്റിന് കൈമാറും. ചെക്ക് ലഭിച്ച ഉടന്‍ തന്നെ കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം സമ്മത പത്രത്തില്‍ ഒപ്പുവയ്ക്കും. തുടര്‍ന്നായിരിക്കും റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്യുന്നതും മോചനത്തിനുള്ള ഉത്തരവ് ഇടുന്നതും.
15 വയസുള്ള സൗദി പൗരന്‍ അനസ് അല്‍ശഹ്രി കൊല്ലപ്പെട്ട കേസിലാണ് അബ്ദുല്‍ റഹീമിന് കോടതി വധശിക്ഷ വിധിച്ചത്. ഡ്രൈവര്‍ ജോലിക്കായാണ് അബ്ദുല്‍ റഹീം റിയാദിലെത്തുന്നത്. എന്നാല്‍ ഡ്രൈവിങിനൊപ്പം ചലനശേഷിയില്ലാത്ത അനസിന്റെ പരിചരണമായിരുന്നു റഹീമിന്റെ പ്രധാന ചുമതല. കഴുത്തില്‍ ഘടിപ്പിച്ച പ്രത്യേക ഉപകരണത്തിലൂടെയാണ് അനസിന് ഭക്ഷണവും വെള്ളവും നല്‍കിയിരുന്നത്.
അനസുമായി ഹൈപ്പര്‍മാര്‍ക്കറ്റിലേക്ക് വാഹനത്തില്‍ പോകുന്നതിനിടെ ട്രാഫിക് സിഗ്‌നല്‍ ലംഘിച്ച് പോകണമെന്ന അനസിന്റെ ആവശ്യം നിരസിച്ചതിന്റെ പേരില്‍ റഹീമുമായി വഴക്കായി. കാര്യം പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം അനസ് റഹീമിന്റെ മുഖത്ത് തുപ്പി. തടയാന്‍ ശ്രമിച്ചപ്പോള്‍ അബ്ദുല്‍ റഹീമിന്റെ കൈ അബദ്ധത്തില്‍ അനസിന്റെ കഴുത്തില്‍ ഘടിപ്പിച്ചിരുന്ന ജീവന്‍ രക്ഷാ ഉപകരണത്തില്‍ തട്ടി. ഇതോടെ കുട്ടി ബോധരഹിതനായി.
ഇതോടെയാണ് റഹീമിനെതിരെ കുടുംബം തിരിയുന്നത്. പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയും റിയാദിലെ കോടതി വധശിക്ഷ വിധിക്കുകയും ചെയ്യുകയായിരുന്നു. അപ്പീല്‍ കോടതികളും വധശിക്ഷ ശരിവച്ചിരുന്നു. ഏറെക്കാലത്തെ അപേക്ഷയ്ക്ക് ശേഷമാണ് 15 മില്യണ്‍ റിയാല്‍ (34 കോടി രൂപ) ബ്ലഡ് മണിയായി നല്‍കിയാല്‍ അബ്ദുറഹീമിന് മാപ്പ് നല്‍കാമെന്ന് അനസിന്റെ കുടുംബം അറിയിച്ചത്. പതിനെട്ട് വര്‍ഷത്തിനിടെ കുടുംബാംഗങ്ങള്‍ക്ക് ആര്‍ക്കും അബ്ദുല്‍ റഹീമിനെ കാണാനോ സംസാരിക്കാനോ കഴിഞ്ഞിരുന്നില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.