സ്വര്‍ണക്കടത്തില്‍ ഭീകരബന്ധമെന്ന് എന്‍ഐഎ; ശിവശങ്കറിന്റെ പേരില്ലാതെ കുറ്റപത്രം

സ്വര്‍ണക്കടത്തില്‍ ഭീകരബന്ധമെന്ന് എന്‍ഐഎ;  ശിവശങ്കറിന്റെ പേരില്ലാതെ കുറ്റപത്രം

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ഭീകരബന്ധമുണ്ടെന്ന് എന്‍ഐഎ കുറ്റപത്രം. സ്വപ്‌ന സുരേഷ്, സരിത്ത് എന്നിവരടക്കം ഇരുപത് പ്രതികള്‍ക്കെതിരായാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ കുറ്റപത്രത്തിലെവിടെയും മുഖ്യമന്ത്രിയുടെ മുന്‍ അഡീഷണല്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ പേരില്ല. മൂന്നാഴ്ച മുമ്പാണ് പ്രത്യേക കോടതിയില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രതികള്‍ ചേര്‍ന്ന് ഭീകരരുടെ സംഘം രൂപീകരിച്ചതായും രാജ്യത്തിന്റെ ആഭ്യന്തര സാമ്പത്തിക സുരക്ഷ തകര്‍ക്കാന്‍ ലക്ഷ്യം വച്ചതായും എന്‍ഐഎ പറയുന്നു. ഇന്ത്യയും യുഎഇയും തമ്മിലുളള ബന്ധം തകര്‍ക്കുക എന്നതും ഇവരുടെ ലക്ഷ്യമായിരുന്നു. ഇതിനായി ഇന്ത്യയിലും വിദേശത്തുമായി ഇവര്‍ വ്യാപകമായി ഫണ്ട് പിരിക്കുകയും സ്വര്‍ണക്കടത്ത് സംഘത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തതായും എന്‍ഐഎ ആരോപിക്കുന്നു.

നയതന്ത്ര ചാനല്‍ വഴിയുളള സ്വര്‍ണക്കടത്തിനു പിന്നിലെ ഭീകര ബന്ധം അന്വേഷിക്കാന്‍ എന്‍ഐഎ പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ തകര്‍ക്കുന്ന ഏതൊരു പ്രവര്‍ത്തനവും ഭീകര പ്രവര്‍ത്തനമാണെന്നും ഇതു തന്നെയാണ് പ്രതികള്‍ നടത്തിയതെന്നും എന്‍ഐഎ കുറ്റപത്രം വ്യക്തമാക്കുന്നു. വിദേശത്ത് നിന്നടക്കം ഒമ്പത് പ്രതികളെ ഇനിയും പിടികിട്ടാനുണ്ടെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

2019 നവംബര്‍ മുതല്‍ 2020 ജൂലൈ വരെയുളള നയതന്ത്ര സ്വര്‍ണ്ണക്കടത്താണ് എന്‍ഐഎ അന്വേഷിക്കുന്നത്. ഈ കാലയളവില്‍ 167 കിലോ സ്വര്‍ണം കടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.