വത്തിക്കാൻ: ആഫ്രിക്കൻ രാജ്യമായ ടുണീഷ്യയിലെ അപ്പസ്തോലിക ന്യൂൺഷോയായി കോട്ടയം അതിരൂപതാംഗമായ ആർച്ച് ബിഷപ്പ് കുര്യൻ മാത്യു വയലുങ്കലിനെ നിയമിച്ചു. ഫ്രാൻസിസ് പാപ്പ ആണ് നിയമനം നടത്തിയത്. 2016 മുതൽ പാപ്പുവ ന്യൂഗിനിയ, സോളമൻ ദ്വീപുകൾ എന്നിവിടങ്ങളിലെ അപ്പസ്തോലിക ന്യൂൺഷോയായി സേവനം ചെയ്തിരുന്നു. അതിന് ശേഷം ജനുവരിയില്‍ അൾജീരിയയുടെ ന്യൂൺഷോയായി സേവനം ചെയ്ത് വരികയായിരുന്നു.
കുട്ടിക്കാലം മുതൽ തന്നെ ഈശോയോടുള്ള സ്നേഹം പ്രകടിപ്പിച്ചിരുന്ന ഇദ്ദേഹം കോട്ടയം നീണ്ടൂർ ഇടവക വയലുങ്കൽ എം.സി. മത്തായിയുടേയും അന്നമ്മയുടേയും പുത്രനായ മാർ കുര്യൻ മാത്യു വയലുങ്കൽ റോമിലെ സാന്താക്രോസെ യൂണിവേഴ്സിറ്റിയിൽ നിന്നും സഭാനിയമത്തിൽ ഡോക്ടറേറ്റ് നേടി. വത്തിക്കാൻ നയതന്ത്ര അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കുകയും തുടർന്ന് ഗിനിയ, കൊറിയ, ഡൊമിനിക്കൻ റിപ്പബ്ലിക്ക്, ബംഗ്ലാദേശ്, ഹംഗറി എന്നിവിടങ്ങളിലെ വത്തിക്കാൻ എംബസികളിൽ സേവനവും അനുഷ്ഠിച്ചിട്ടുണ്ട്.
ക്രിസ്തുവിനോട് ചേർന്നുനിന്നുകൊണ്ട് സഭക്കും സമൂഹത്തിനും നന്മകൾ ചെയ്യുന്ന മാർ കുര്യൻ മാത്യു വയലുങ്കൽ ഹെയ്ത്തിയിലെ ഭൂകമ്പ ദുരന്തത്തിനുശേഷമുള്ള വത്തിക്കാൻ പുനരധിവാസ പ്രവർത്തനങ്ങളിൽ നേതൃത്വം നൽകി. 2001ൽ മോണ്‍സിഞ്ഞോർ പദവിയും 2011ൽ പ്രിലേറ്റ് ഓഫ് ഓണർ പദവിയും ലഭിച്ചിട്ടുണ്ട്. ഈജിപ്തിലെ വത്തിക്കാൻ നയതന്ത്ര കാര്യാലയത്തിൽ പ്രഥമ കൗണ്‍സിലറായി ശുശ്രൂഷ ചെയ്തുവരവെയാണ് മാർപാപ്പ അദ്ദേഹത്തെ 2016ൽ വത്തിക്കാൻ സ്ഥാനപതിയായി ഉയർത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.