വത്തിക്കാൻ സിറ്റി: ഫാദർ ഹെൻറി പട്ടരുമഠത്തിലിനെ പൊന്തിഫിക്കല്‍ ബൈബിള്‍ കമ്മിഷന്‍ അംഗമായി ഫ്രാന്‍സിസ് പാപ്പാ നിയമിച്ചു. ബൈബിള്‍ വ്യാഖ്യാന വൈജ്ഞാനികത്തില്‍ ആഗോളതലത്തില്‍ പ്രഗത്ഭരായ അദ്ധ്യാപകരെയും പ്രേഷിതരെയും സൃഷ്ടിക്കുന്ന റോമിലെ പൊന്തിഫിക്കല്‍ ബൈബിള്‍ വിദ്യാപീഠത്തിന്‍റെ പ്രധാന ചുമതല വഹിക്കുകയും പ്രഫസറായി സേവനം അനുഷ്ഠിക്കുകയും ചെയ്യുന്ന പ്രഥമ ഇന്ത്യക്കാരനാണ് ഫാദര്‍ ഹെൻറി.
വരാപ്പുഴ അതിരൂപതയിലെ പൊറ്റക്കുഴി ചെറുപുഷ്പം ഇടവകയില്‍ പട്ടരുമഠം ജോർജ്ജ്-ക്യാതറീന്‍ ദമ്പതികളുടെ പുത്രനാണ് ഫാദര്‍ ഹെൻറി പട്ടരുമഠത്തിൽ. കോളേജ് വിദ്യാഭ്യാസത്തിനുശേഷം 1986-ല്‍ ഈശോ സഭയില്‍ ചേര്‍ന്നു. 1995-ല്‍ പൗരോഹിത്യം സ്വീകരിച്ചു. റോമിലെ പൊന്തിഫിക്കൽ ബൈബിള്‍ വിദ്യാപീഠത്തില്‍നിന്നു തന്നെ അദ്ദേഹം ബൈബിള്‍ വ്യാഖ്യാനപഠനത്തില്‍ 2001-ല്‍ ലൈസന്‍ഷിയേറ്റും, തുടര്‍ന്ന് ഗ്രിഗോരിയന്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് ബൈബിള്‍ വിജ്ഞാനീയത്തില്‍ 2007-ല്‍ ഡോക്ടര്‍ ബിരുദവും കരസ്ഥമാക്കി.
ഒട്ടനവധി രചനകളിലൂടെയും അദ്ദേഹം തന്റെ കഴിവുകൾ പ്രകടിപ്പിച്ചിട്ടുണ്ട്. മലയിലെ പ്രസംഗം - വിശകലനവും വ്യാഖ്യാനവും, സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് – മത്തായിയുടെ സുവിശേഷം പഠിപ്പിക്കുന്ന ക്രിസ്തു ശിഷ്യത്വം, യാത്രി – ബൈബിള്‍ പഠനവും ധ്യാനവും എന്നിവ ഫാദര്‍ പട്ടരുമഠത്തിലിന്‍റെ പ്രധാന രചനകളാണ്. കൂടാതെ ബൈബിള്‍ സംബന്ധിയായ നിരവധി ലേഖനങ്ങളും പ്രബന്ധങ്ങളും, ഗ്രന്ഥങ്ങളും ഇംഗ്ലിഷ്, ഇറ്റാലിയൻ ഭാഷകളിൽ അദ്ദേഹം രചിച്ചിട്ടുണ്ട്.
ബൈബിള്‍ വ്യാഖ്യാന പഠനത്തിനുള്ള ലോകത്തെ അതിപുരാതനമായ വിദ്യാപീഠമാണ് റോമിലെ പൊന്തിഫിക്കല്‍ ബൈബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. 1909-ല്‍ വിശുദ്ധനായ 10-Ɔο പിയൂസ് പാപ്പായാണ് ഇത് സ്ഥാപിച്ചത്. തിരുവചനം ശരിയായ രീതിയിൽ വ്യാഖ്യാനിക്കുവാന്‍ ബൈബിള്‍ വിജ്ഞാനിയവും പൗരസ്ത്യ സാംസ്കാരികതയും ഭാഷകളുടെ പഠനവും കൂട്ടിയിണക്കിയ ശാസ്ത്രീയ സങ്കേതമാണിത്. ഈ അത്യപൂര്‍വ്വ സ്ഥാപനത്തില്‍ 2021ലെ അദ്ധ്യയന വര്‍ഷത്തില്‍ ലൈസന്‍ഷിയേറ്റിനും ഡോക്ടറല്‍ ബിരുദത്തിനുമായി ലോകത്തിന്‍റെ 75 വിവിധ രാജ്യങ്ങളില്‍നിന്നായി 100-ല്‍ അധികം വിദ്യാര്‍ത്ഥികള്‍ ഗവേഷണപഠനം നടത്തുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.