ദയാവധ നിയമങ്ങളിൽ കടുത്ത ഭേദ​ഗതിവരുത്തി ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി; ശക്തമായി എതിർത്ത് ഓസ്ട്രേലിയൻ ക്രിസ്ത്യൻ സമൂഹം

ദയാവധ നിയമങ്ങളിൽ കടുത്ത ഭേദ​ഗതിവരുത്തി ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി; ശക്തമായി എതിർത്ത് ഓസ്ട്രേലിയൻ ക്രിസ്ത്യൻ സമൂഹം

കാൻബറ: രാജ്യത്തെ ഏറ്റവും തീവ്രമായ ദയാവധ നിയമങ്ങൾ പാസാക്കി ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി. ക്രൈസ്തവ സഭകളുടെയും മറ്റു പലരുടെയും ശക്തമായ എതിര്‍പ്പ് അവഗണിച്ചാണ് നിയമം പാസാക്കിയത്. ക്രൈസ്തവ വിശ്വാസങ്ങള്‍ക്കെതിരേയുള്ള നീക്കങ്ങളില്‍ ഓസ്‌ട്രേലിയയിലെ വിശ്വാസികള്‍ കടുത്ത നിരാശയിലാണ്. ജൂൺ ‌അഞ്ചിന് നിയമസഭ പാസാക്കിയ 2025 നവംബർ ‌മൂന്നിന് പ്രാബല്യത്തിൽ വരും.

ഡിമെൻഷ്യ ഉൾപ്പെടെ ഉള്ള രോഗികൾക്ക് ദയാവദം അനുവദിക്കുന്ന ഭേദ​ഗതിയാണ് നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 18 വയസിന് മുകളിലുള്ള ഒരു വ്യക്തിക്ക് സ്വമേധയാ മരിക്കുന്നതിന് ആരോ​ഗ്യ പ്രവർത്തകരുടെ സഹായത്തോടെ അം​ഗീകാരം നൽകുമെന്ന് പ്രസ്തുത ബില്ലിൽ പറയുന്നു. ഗുരുതരമായ അസുഖമുള്ളതും ആറുമാസത്തിനുള്ളില്‍ മരണം സംഭവിക്കുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതുമായ രോഗികള്‍ക്കാണ് ദയാവധം നല്‍കുന്നത്.

ഈ നിയമ നിർമ്മാണം തെറ്റായ അനുകമ്പയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് കാൻബെറയിലെ ആർച്ച് ബിഷപ്പ് ആൻഡ് ഗൗൾബേൺ ക്രിസ്റ്റഫർ പ്രൗസ് കുറ്റപ്പെടുത്തി. ഗ്രാമീണ മേഖലകളിൽ പാലിയേറ്റീവ് കെയർ പ്രവർത്തനം കൂടുതൽ മെച്ചപ്പെട്ടതാക്കണമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. ബില്ലിൻ്റെ നിർദിഷ്ട വിപുലീകരണത്തെ "ഏറ്റവും വിഷമിപ്പിക്കുന്ന വികസനം" എന്നാണ് ആർച്ച് ബിഷപ്പ് പ്രൗസ് വിശേഷിപ്പിച്ചത്.


ആർച്ച് ബിഷപ്പ് ആൻഡ് ഗൗൾബേൺ ക്രിസ്റ്റഫർ പ്രൗസ്

ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയിലെ താമസക്കാർക്കും എല്ലാ ഓസ്‌ട്രേലിയക്കാർക്കും ഇത് "വളരെ സങ്കടകരമായ ദിവസമാണ്" എന്ന് ദയാവധ വിരുദ്ധവും അസിസ്റ്റഡ് സൂയിസൈഡ് അഡ്വക്കസി ഗ്രൂപ്പുമായ ഹോപ്പിന്റെ ഡയറക്ടർ ബ്രങ്ക വാൻ ഡെർ ലിൻഡൻ പറഞ്ഞു. എതിർപ്പുകൾക്കിടയിലും മുഖ്യമന്ത്രി ആൻഡ്രൂ ബാറാണ് നിയമ നിർമ്മാണം പാസാക്കിയത്.

അതേ സമയം പ്രമുഖ ലോകരാജ്യങ്ങള്‍ ദയാവധം നിയമം മൂലം നിരോധിച്ചിട്ടുണ്ട്. ദയാവധത്തിനെതിരേ ക്രൈസ്തവര്‍ക്കിടയില്‍ ഏതിര്‍പ്പ് ശക്തമാണ്. കത്തോലിക്കാ സഭയും ദയാവധത്തെ എതിര്‍ക്കുന്നു. സഭാ പഠനങ്ങള്‍ അനുസരിച്ച് ദൈവ വിശ്വാസത്തിന്റെയും ധാര്‍മ്മിക മൂല്യങ്ങളുടെയും മനുഷ്യാവകാശത്തിന്റെയും ലംഘനം ദയാവധത്തിലുണ്ടെന്ന് സഭ കരുതുന്നു.

ദയാവധം ഒരു വ്യക്തിയെ അവന്റെ വേദനയില്‍നിന്ന് സ്വതന്ത്രമാക്കുന്ന ഒന്നല്ലെന്നും അത് യഥാര്‍ത്ഥത്തില്‍ മനുഷ്യന്റെ പ്രത്യാശയെ തകര്‍ത്തു കളയുന്ന പ്രവൃത്തിയാണെന്നും നേരത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ നിലപാടു വ്യക്തമാക്കിയിരുന്നു. വൈദ്യശാസ്ത്രപരമായി നോക്കുമ്പോള്‍ ഈ രോഗികള്‍ പ്രതീക്ഷ നഷ്ടപ്പെട്ടവരും കഠിനവേദന സഹിക്കുന്നവരും ഉപയോഗശൂന്യരുമാകാം. എന്തൊക്കെ കാരണങ്ങളുണ്ടായാലും അവര്‍ക്കുവേണ്ടി മരണം തിരഞ്ഞെടുക്കുമ്പോള്‍ അത് ജീവിതത്തോടുള്ള അവരുടെ പ്രതീക്ഷ നഷ്ടപ്പെടുത്തുകയും ബന്ധങ്ങള്‍ അറുത്തുമാറ്റുകയുമാണ് ചെയ്യുന്നത്.

ഒരു രോഗിയെ പാലിയേറ്റീവ് കെയറിലോ ആശുപത്രിയിലോ പരിചരിക്കുമ്പോള്‍ നാം ഓരോ വ്യക്തിയുടെയും വ്യക്തിത്വത്തെയാണ് അതിലൂടെ മാനിക്കുന്നതെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തിരുന്നു. ലോകത്തിലെ പ്രധാനമതങ്ങള്‍ എല്ലാം ദയാവധത്തെ കൊലപാതകമായാണ് പരിഗണിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.