മണിപ്പൂരിനെ ചേര്‍ത്തു പിടിച്ച രാഹുല്‍ ഗാന്ധിക്ക് ജനം താലത്തില്‍ വച്ച് നല്‍കിയ സമ്മാനം; രണ്ട് സീറ്റിലും ഗംഭീര വിജയം: നാണംകെട്ട് ബിജെപി

മണിപ്പൂരിനെ ചേര്‍ത്തു പിടിച്ച രാഹുല്‍ ഗാന്ധിക്ക് ജനം താലത്തില്‍ വച്ച് നല്‍കിയ സമ്മാനം; രണ്ട് സീറ്റിലും ഗംഭീര വിജയം: നാണംകെട്ട് ബിജെപി

ഇംഫാല്‍: വംശീയ കലാപം തകര്‍ത്ത മണിപ്പൂരിലെ ജനങ്ങളെ ചേര്‍ത്തു പിടിച്ച രാഹുല്‍ ഗാന്ധിക്ക് അവര്‍ നല്‍കിയ സമ്മനം കണ്ട് ഞെട്ടി ബിജെപിയും നരേന്ദ്ര മോഡിയും. എന്‍ഡിഎയുടെ കൈവശമുണ്ടായിരുന്ന രണ്ട് സീറ്റുകളിലും കോണ്‍ഗ്രസ് ഉജ്ജ്വല വിജയമാണ് നേടിയത്.

കലാപത്തീയില്‍ വെന്തുരുകിയപ്പോഴും മണിപ്പൂരിനെ മറന്ന നരേന്ദ്ര മോഡിക്കും ഭരണ കക്ഷിയായ ബിജെപിക്കുമുള്ള ജനങ്ങളുടെ കൃത്യമായ സന്ദേശമാണ് ഇതെന്നാണ് വിലയിരുത്തല്‍. 2019 ല്‍ ബിജെപിയോടൊപ്പം നിന്ന ഒരു സീറ്റും ബിജെപി പിന്തുണച്ച എന്‍പിഎഫിന് ലഭിച്ച ഒരു സീറ്റും ഇത്തവണ നഷ്ടമായി.

ഒരു വര്‍ഷമായി കലാപ കലുഷിതമായ അന്തരീക്ഷത്തില്‍ തുടരുന്ന സംസ്ഥാനം ഒന്നു സന്ദര്‍ശിക്കാന്‍ പോലും പ്രധാനമന്ത്രി തയ്യാറാകാതിരുന്നതിന്റെ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് ഫലം ചര്‍ച്ചയാകുന്നത്.

അതേസമയം കലാപത്തില്‍ ഇരയായവര്‍ക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി അവിടെ സന്ദര്‍ശനം നടത്തി. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടന വേദിയും മണിപ്പൂരിലെ തൗബാലായിരുന്നു.

മാത്രമല്ല പ്രതിപക്ഷത്ത് നിന്നുകൊണ്ട് രാഹുല്‍ നിരന്തരം മണിപ്പൂര്‍ വിഷയം ഉന്നയിച്ചു. പാര്‍ലമെന്റില്‍ പ്രധാനമന്ത്രിക്കു നേരെ ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേയിരുന്നു. പ്രധാനമന്ത്രിയുടെ മുഖത്തേറ്റ കനത്ത പ്രഹരമാണ് തിരഞ്ഞെടുപ്പ് ഫലം എന്നായിരുന്നു മണിപ്പൂരിന്റെ ജനവിധിയെ ജയറാം രമേശ് വിശേഷിപ്പിച്ചത്.

ജയം മാത്രമല്ല, വലിയ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ ഇരു മണ്ഡലങ്ങളിലും വിജയക്കൊടി പാറിച്ചത്. അന്തിമഫലം പരിശോധിക്കുമ്പോള്‍ ഇന്നര്‍ മണിപ്പുരില്‍ നിന്നും 1,09,801 വോട്ടുകളുടെയും ഔട്ടര്‍ മണിപ്പൂരില്‍ 85,418 വോട്ടുകളുടെയും ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ തിളക്കമാര്‍ന്ന വിജയം.

കലാപത്തില്‍ ഹിന്ദു ഭൂരിപക്ഷക്കാരായ മെയ്‌തേയി വിഭാഗത്തിന് നിരുപാധികം പിന്തുണയുമായി തുടര്‍ന്ന ബിജെപി നേതൃത്വത്തെ ഇതേ വിഭാഗം ഭൂരിപക്ഷമുള്ള ഇന്നര്‍ മണിപ്പൂരിലെ ഫലം ശരിക്കും ഞെട്ടിച്ചു. ഇന്നര്‍ മണിപ്പൂരില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലായിരുന്നു മത്സരം. മണ്ഡലത്തിലെ 10 ലക്ഷത്തോളം പേരില്‍ എട്ട് ലക്ഷത്തിലധികം മെയ്‌തേയി വിഭാഗക്കാരാണ്.

നാഗകളും കുക്കികളും മെയ്‌തേയികളും ഉള്‍പ്പെടുന്ന ഔട്ടര്‍ മണിപ്പുരില്‍ എന്‍ഡിഎയ്ക്കു വേണ്ടി നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെ സ്ഥാനാര്‍ഥിയും കോണ്‍ഗ്രസും തമ്മിലായിരുന്നു പോരാട്ടം. ഔട്ടര്‍ മണിപ്പുരില്‍ 10 ലക്ഷം വോട്ടര്‍മാരില്‍ രണ്ട് ലക്ഷം മെയ്‌തേയികളാണ്. നാഗാ വിഭാഗത്തില്‍നിന്നായിരുന്നു രണ്ട് കൂട്ടരുടെയും സ്ഥാനാര്‍ഥികള്‍.

കലാപം തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലേറേയായിട്ടും തകര്‍ക്കപ്പെട്ട മണിപ്പൂരി ജനതയുടെ പരസ്പര വിശ്വാസം വീണ്ടെടുക്കാന്‍ ഒന്നും ചെയ്യാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രി ബിരേന്‍ സിങും എന്‍ഡിഎ സര്‍ക്കാരും കടുത്ത ജനരോഷമാണ് നേരിടുന്നത്.

2023 മെയ് മൂന്നിനാണ് കുക്കി-മെയ്‌തേയി വിഭാഗങ്ങള്‍ ചേരിതിരിഞ്ഞ് ആക്രമണം ആരംഭിച്ചതും വംശീയ കലാപത്തിലേക്ക് വഴിമാറിയതും. ഇപ്പോഴും സംസ്ഥാനത്തെ സ്ഥിതിഗതികള്‍ പൂര്‍ണമായും നിയന്ത്രണവിധേയമായിട്ടില്ല.

മെയ്‌തേയി വിഭാഗത്തിലുള്ളവരെ പട്ടികവര്‍ഗത്തില്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ച മണിപ്പൂര്‍ ഹൈക്കോടതി വിധിയെ തുടര്‍ന്നുള്ള പ്രക്ഷോഭമാണ് സംസ്ഥാനത്തെ വംശീയ കലാപത്തിലേക്ക് നയിച്ചത്. സംഘര്‍ഷത്തില്‍ ഇതുവരെ 200 ലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി. ആയിരക്കണക്കിനാളുകള്‍ക്ക് പരിക്കേറ്റു. പതിനായിരങ്ങളാണ് ഭവനര ഹിതരായത്. നൂറു കണക്കിന് ആരാധനാലയങ്ങളാണ് തകര്‍ക്കപ്പെട്ടത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.