'തോല്‍വിക്ക് കാരണം പിണറായിയുടെ ധാര്‍ഷ്ട്യം'; മുഖ്യമന്ത്രി മാറാതെ തിരിച്ചു വരവ് എളുപ്പമല്ലെന്ന് സിപിഐ യോഗങ്ങളില്‍ വിമര്‍ശനം

 'തോല്‍വിക്ക് കാരണം പിണറായിയുടെ ധാര്‍ഷ്ട്യം'; മുഖ്യമന്ത്രി മാറാതെ തിരിച്ചു വരവ് എളുപ്പമല്ലെന്ന് സിപിഐ യോഗങ്ങളില്‍ വിമര്‍ശനം

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പ് പരാജയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരിനുമെതിരെ സിപിഐ തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിലും ആലപ്പുഴ ജില്ലാ കൗണ്‍സില്‍ യോഗത്തിലും രൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകപക്ഷീയമായ പെരുമാറ്റമാണ് ഇടതുമുന്നണിയുടെ പരാജയത്തിന് കാരണമെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷവും മുഖ്യമന്ത്രി ധാര്‍ഷ്ട്യത്തോടെയുള്ള പെരുമാറ്റം തുടരുകയാണെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രി മാറാതെ തിരിച്ചു വരവ് എളുപ്പമല്ല. അത് പറയാനുള്ള ആര്‍ജ്ജവം സിപിഐ നേതൃത്വം കാണിക്കണമെന്നും നേതാക്കള്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് സമയത്ത് എല്‍ഡിഎഫ് കണ്‍വീനര്‍ ബിജെപി നേതാവിനെ കണ്ടതും തിരിച്ചടിയായി. സര്‍ക്കാര്‍ ജീവനക്കാരെയും പെന്‍ഷന്‍കാരെയും സര്‍ക്കാര്‍ വെറുപ്പിച്ചു. തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അലയടിച്ചത് മുഖ്യമന്ത്രിക്കെതിരായ വികാരമാണെന്നും ആലപ്പുഴയിലെ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

തിരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ നിയമത്തെ മുന്‍നിര്‍ത്തി നടത്തിയ യോഗങ്ങളില്‍ എല്ലാ ജില്ലകളിലും മുസ്ലീം സമുദായത്തെ മാത്രം പ്രീണിപ്പിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തിയത്. എന്നാല്‍ ഈ സമുദായത്തിന്റെ വോട്ട് എല്‍ഡിഎഫിന് ലഭിച്ചില്ല. ഹിന്ദുക്കള്‍ അടക്കമുള്ള മറ്റ് സമുദായങ്ങള്‍ ഇടതുമുന്നണിയില്‍ നിന്ന് അകലുകയും ചെയ്തു. എല്ലാ മതങ്ങളേയും ഒരുമിച്ച് നിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു.

ബിജെപിയുടെ വളര്‍ച്ച ഗൗരവമായി കാണണമെന്നും യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. എല്‍ഡിഎഫിന്റെ വോട്ടുകളും ബിജെപിയിലേക്ക് പോയി. ഈഴവ സമുദായം എല്‍ഡിഎഫില്‍ നിന്ന് അകന്നു. എല്‍ഡിഎഫിന് മേല്‍ക്കൈ ഉണ്ടായിരുന്ന പല ബൂത്തുകളിലും ബിജെപിക്ക് വോട്ട് കൂടിയിട്ടുണ്ട്. എല്ലാ മതങ്ങളേയും സമുദായങ്ങളേയും ഒരുമിച്ച് കൊണ്ടു പോകേണ്ട അനുരഞ്ജനത്തിന്റെ വഴിയാണ് ഇടതുമുന്നണിക്ക് വേണ്ടതെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയതും സപ്ലൈകോയില്‍ സാധനങ്ങള്‍ ഇല്ലാത്തതും തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. ഭക്ഷ്യമന്ത്രി ജി.ആര്‍ അനിലിന്റെ സാന്നിത്യത്തിലായിരുന്നു വിമര്‍ശനം. ബിജെപിയെ ഭരണത്തില്‍ നിന്നും അകറ്റാന്‍ കോണ്‍ഗ്രസ് ആണ് മികച്ചതെന്ന് ജനങ്ങള്‍ ചിന്തിച്ചതിനൊപ്പം സംസ്ഥാന സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരവും തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

മുഖ്യമന്ത്രിയെ തിരുത്താന്‍ സിപിഎമ്മില്‍ ആര്‍ക്കും ധൈര്യമില്ല. മോശം പ്രയോഗങ്ങള്‍ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നു. കോണ്‍ഗ്രസ് വോട്ടുകള്‍ മാത്രമല്ല, ഇടതുമുന്നണിയുടെ അടിസ്ഥാന വോട്ടുകളും ബിജെപിയിലേക്ക് പോയിട്ടുണ്ടെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

അതേസമയം തിരഞ്ഞെടുപ്പ് അവലോകനത്തിന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് ഇന്ന് ചേരും. ജില്ലകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ചര്‍ച്ചയാകും. എന്നാല്‍ സിപിഐ യോഗങ്ങളിലെ വിമര്‍ശനങ്ങളെ സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.