സൂര്യനെല്ലി കേസിലെ അതിജീവിതയുടെ വിവരങ്ങള്‍ വെളിപ്പെടുത്തി; മുന്‍ ഡിജിപി സിബി മാത്യൂസിനെതിരേ കേസെടുക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി

 സൂര്യനെല്ലി കേസിലെ അതിജീവിതയുടെ വിവരങ്ങള്‍ വെളിപ്പെടുത്തി; മുന്‍ ഡിജിപി സിബി മാത്യൂസിനെതിരേ കേസെടുക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: സൂര്യനെല്ലി കേസിലെ അതിജീവിതയുടെ സ്വകാര്യവിവരങ്ങള്‍ വെളിപ്പെടുത്തിയ മുന്‍ ഡിജിപി സിബി മാത്യൂസിനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. സിബി മാത്യൂസിന്റെ 2017 ല്‍ പുറത്തിറങ്ങിയ 'നിര്‍ഭയം - ഒരു ഐപിഎസ് ഓഫീസറുടെ അനുഭവക്കുറിപ്പുകള്‍' എന്ന പുസ്തകത്തിലാണ് ഇരയെ സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

സിബി മാത്യൂസിന്റെ പുസ്തകത്തില്‍ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും മാതാപിതാക്കളുടെ പേര് വിവരങ്ങളും അവര്‍ താമസിച്ചിരുന്ന സ്ഥലവും പെണ്‍കുട്ടി പഠിച്ച സ്‌കൂളിന്റെ വിവരവും എല്ലാം പരാമര്‍ശിക്കുന്നുണ്ട്. ഈ വിവരങ്ങളില്‍ നിന്നെല്ലാം അതിജീവിത ആരാണെന്ന് മനസിലാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കി കൊണ്ടാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍ മുന്‍ ഡിജിപി സിബി മാത്യൂസിനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്. അതിജീവിതയുടെ സ്വകാര്യ വിവരങ്ങള്‍ പുറത്തുവിട്ടത് 228-ാം വകുപ്പിന്റെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

2017 ലാണ് സിബി മാത്യൂസിന്റെ പുസ്തകം പുറത്തിറങ്ങിയത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 2019 ല്‍ പൊലീസ് ഉദ്യോഗസ്ഥനായ കെ.കെ ജോഷ്വാ സിബി മാത്യൂസിനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മണ്ണന്തല പൊലീസിലും തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയില്‍ നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് ജോഷ്വാ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

പരാതി പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയെങ്കിലും കൂടുതല്‍ നടപടികള്‍ ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഇയാള്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.