സ്വപ്‌നങ്ങള്‍ ബാക്കിയാക്കി പ്രവാസികളുടെ ദാരുണാന്ത്യം: കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേര്‍ന്ന് ചങ്ങനാശേരി അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റ്

സ്വപ്‌നങ്ങള്‍ ബാക്കിയാക്കി പ്രവാസികളുടെ ദാരുണാന്ത്യം: കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേര്‍ന്ന് ചങ്ങനാശേരി അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റ്

കോട്ടയം: കുവൈറ്റിലെ അഹ്മദി ഗവര്‍ണറേറ്റിലെ മംഗഫിലുണ്ടായ തീപ്പിടുത്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ തങ്ങളും പങ്കുചേരുന്നുവെന്ന് ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം, സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ എന്നിവര്‍ അറിയിച്ചു.

വലിയ സ്വപ്നങ്ങളുമായി പ്രവാസ ജീവിതത്തിലേക്ക് പോയവരുടെ ദാരുണമായ അന്ത്യം അവരുടെ വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും മാത്രമല്ല നാട്ടുകാര്‍ക്കും ഈ വാര്‍ത്ത അറിഞ്ഞ എല്ലാവര്‍ക്കും വലിയ സങ്കടത്തിന് കാരണമായെന്നും അവര്‍ക്കെല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു. ഇതുപോലെയുള്ള അപകടങ്ങള്‍ ഇനിയും സംഭവിക്കാതിരിക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് മാര്‍ തോമസ് തറയിലും ഓര്‍മ്മപ്പെടുത്തി.

കൂടാതെ മരണപ്പെട്ടവര്‍ക്കും പരുക്കേറ്റവര്‍ക്കും ആവശ്യമായ എല്ലാ അടിയന്തര ശുശ്രൂഷാ സഹായങ്ങളും സാധ്യമാകുന്നിടത്തോളം നല്‍കണമെന്ന് പിതാക്കന്‍മാര്‍ ചങ്ങനാശേരി അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റ് കുവൈറ്റ് ചാപ്റ്ററിനോട് ആവശ്യപ്പെട്ടു.

ചങ്ങനാശേരി അതിരൂപതാ പ്രവാസി അപ്പോസ്തലേറ്റിന്റെ അസി. ഡയറക്ടര്‍ ഫാ. ജിജോ മാറാട്ടുകളം, ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോ കാവാലം, ഗള്‍ഫ് കോര്‍ഡിനേറ്റര്‍ ബിജു മട്ടാഞ്ചേരി, കുവൈറ്റ് കോര്‍ഡിനേറ്റര്‍ ഷാജിമോന്‍ ഈരേത്ര എന്നിവരുടെ നേതൃത്വത്തില്‍ ഒരു കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തങ്ങള്‍ ഏകോപിപ്പിക്കുന്നതായി ഡയറക്ടര്‍ ഫാ. റ്റെജി പുതുവീട്ടില്‍കളം അറിയിച്ചു.

ഗള്‍ഫ് എക്‌സിക്യൂട്ടീവ് അംഗം മനോജ് അലക്‌സാണ്ടര്‍, ജിം പറപ്പള്ളി, ബോബി തോമസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രവാസി അപ്പോസ്തലേറ്റിന്റെ വോളണ്ടിയേഴ്സ് അപകട സ്ഥലത്ത് സജീവമായി സേവനം ചെയ്യുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.