വീണ്ടും ചോദ്യപേപ്പര്‍ ചോര്‍ച്ച; സിഎസ്‌ഐആര്‍-നെറ്റ് പരീക്ഷകളും മാറ്റി

 വീണ്ടും ചോദ്യപേപ്പര്‍ ചോര്‍ച്ച; സിഎസ്‌ഐആര്‍-നെറ്റ് പരീക്ഷകളും മാറ്റി

ന്യൂഡല്‍ഹി: യുജിസി നെറ്റ് പരീക്ഷകള്‍ റദ്ദാക്കിയതിന് പി്‌നനാലെ സിഎസ്‌ഐആര്‍-യുജിസി നെറ്റ് പരീക്ഷ മാറ്റി വയ്ക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടു.

പരിക്ഷപ്പേപ്പറുകള്‍ ഡാര്‍ക്ക് വെബില്‍ ചോര്‍ന്നിരിക്കാമെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്, വിദ്യാഭ്യാസ മന്ത്രാലയം വെള്ളിയാഴ്ച ദേശീയ ടെസ്റ്റിംഗ് ഏജന്‍സിയോട് (എന്‍ടിഎ) ജൂണ്‍ 25 മുതല്‍ 27 വരെ നടത്താനിരുന്ന സിഎസ്‌ഐആര്‍-യുജിസി നെറ്റ് പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ടത്.

വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, യുജിസി ചെയര്‍മാന്‍ എം.ജഗദേഷ് കുമാര്‍, കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ എന്നിവര്‍ നടത്തിയ തുടര്‍ച്ചയായ യോഗങ്ങള്‍ക്ക് ശേഷമാണ് തീരുമാനമെടുത്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കേന്ദ്രം കഴിഞ്ഞ ഫെബ്രുവരിയില്‍ പാസാക്കിയ പബ്ലിക് എക്‌സാമിനേഷന്‍ (പ്രിവന്‍ഷന്‍ ഓഫ് അണ്‍ഫെയര്‍ മീന്‍സ്) ആക്ട് 2024 വിജ്ഞാപനം ചെയ്ത ദിവസം തന്നെയാണ് പരീക്ഷകള്‍ മാറ്റിയത്.

യുജിസിക്കും കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിനും വേണ്ടി, 2019 ഡിസംബര്‍ മുതല്‍ എന്‍ടിഎ ഓണ്‍ലൈനില്‍ സിഎസ്‌ഐആര്‍-യുജിസി നെറ്റ് പരീക്ഷ നടത്തുന്നുണ്ട്. ജൂണ്‍ 25 മുതല്‍ 27 വരെ ഏകദേശം രണ്ട് ലക്ഷം ഉദ്യോഗാര്‍ത്ഥികളാണ് ഈ പരീക്ഷകള്‍ എഴുതാനിരുന്നത്.

സിഎസ്‌ഐആര്‍-യുജിസി നെറ്റ് ചോദ്യ പേപ്പര്‍ മെസേജിങ് ആപ്പുകളിലൂടെ പ്രചരിക്കുന്നതായി വെള്ളിയാഴ്ച വിദ്യാഭ്യാസ മന്ത്രിക്ക് വിവരം ലഭിച്ചതായാണ് റിപ്പോര്‍ട്ട്. പരീക്ഷ റദ്ദാക്കിയ സാഹചര്യത്തില്‍ പുതിയ ചോദ്യപേപ്പര്‍ തയ്യാറാക്കിയ ശേഷം പരീക്ഷ നടത്താനാണ് എന്‍ടിഎക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം.

ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളും ലോജിസ്റ്റിക് പ്രശ്നങ്ങളും കണക്കിലെടുത്ത് പരീക്ഷ മാറ്റിവയ്ക്കുന്നതായാണ് വെള്ളിയാഴ്ച എന്‍ടിഎ അറിയിപ്പ് നല്‍കിയത്.

മെയ് അഞ്ചിന് നടന്ന മെഡിക്കല്‍ പ്രവേശനത്തിനായുള്ള നീറ്റ് ബിരുദ പരീക്ഷയിലെ ക്രമക്കേടുകളും പേപ്പര്‍ ചോര്‍ച്ചയും സംബന്ധിച്ച ആരോപണങ്ങളില്‍ വിദ്യാഭ്യാസ മന്ത്രാലയവും എന്‍ടിഎയും സമ്മര്‍ദ്ദം നേരിടുന്ന സമയത്താണ് സിഎസ്‌ഐആര്‍-യുജിസി നെറ്റ് മാറ്റിവയ്ക്കാനുള്ള തീരുമാനം വന്നിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.